വാഷിങ്ടൺ: ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇസ്രയേൽ നീക്കം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തടഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആണവപദ്ധതികളിൽ നിയന്ത്രണം വരുത്തുന്നതിന് ഇറാനുമായി യുഎസ് നടത്തുന്ന ചർച്ചകളിൽ മേൽക്കോയ്മ ലഭിക്കുന്നതിനാണ് ട്രംപിന്റെ നീക്കമെന്നും റിപ്പോർട്ടിലുണ്ട്.
ആണവായുധങ്ങൾ നിർമിക്കുന്നതിനുള്ള ഇറാന്റെ പ്രവർത്തനങ്ങൾ ഒരു വർഷമെങ്കിലും വൈകിപ്പിക്കുന്നതിനായി മേയിൽ ആക്രമണം നടത്താനായിരുന്നു ഇസ്രയേൽ പദ്ധതി. ട്രംപ് ഭരണത്തിനു കീഴിൽ യുഎസ് ഇറാനുമായി നടത്തിയ ആദ്യ ചർച്ച ശനിയാഴ്ച ഒമാനിലായിരുന്നു. രണ്ടാംഘട്ടം ഒമാന്റെ മധ്യസ്ഥതയിൽ നാളെ റോമിൽ നടക്കും. രാജ്യാന്തര ആണവോർജ ഏജൻസി തലവൻ റഫേൽ മരിയാനോ ഗ്രോസി ചർച്ചയ്ക്കു മുന്നോടിയായി ബുധനാഴ്ച ഇറാനിലെത്തിയിരുന്നു.