ഹൂസ്റ്റണ്‍: സയന്‍സ് ഫിക്ഷന്‍ സിനിമയിലെ ദൃശ്യമെന്ന് തോന്നിപ്പിക്കുന്ന, നാസ പുറത്തുവിട്ട ചൊവ്വയില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ അത്ഭുതമായി. ചൊവ്വയുടെ ഉപരിതലത്തില്‍ പറക്കുംതളികയുടെ അവശിഷ്ടം കിടക്കുന്നത് പോലെയാണ് ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നുക.
ഇതൊരു മാര്‍ഷ്യന്‍ ഓട്ടോമൊബൈല്‍ ആണോ..? എന്നുപോലും സംശയിച്ചേക്കാം. എന്നാല്‍ സം?ഗതി ഇതൊന്നുമല്ല, ഈ ചിത്രങ്ങള്‍ക്ക് പിന്നില്‍ മനുഷ്യര്‍ തന്നെയാണ്. നാസയുടെ പെഴ്‌സിവീയറന്‍സ് പേടകത്തിന് സുരക്ഷിതമായി ചൊവ്വയില്‍ ഇറങ്ങാന്‍ സഹായിച്ച ഉപകരണങ്ങളുടെ ചിത്രങ്ങളാണ് ഇത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് പെഴ്‌സിവീയറന്‍സ് ചൊവ്വയില്‍ ഇറങ്ങിയത്. 2020 ജൂലൈ 30ന് ഭൂമിയില്‍ നിന്നും പുറപ്പെട്ട പെഴ്‌സിവീയറന്‍സ് തൊട്ടടുത്ത വര്‍ഷം ഫെബ്രുവരി 18ന് വിജയകരമായി ചൊവ്വയില്‍ ഇറങ്ങി. മണ്ണ് സാംപിളുകളും മറ്റും വഴി ചൊവ്വയിലെ അതിപ്രാചീന ജീവന്റെ തുടിപ്പുകളെക്കുറിച്ചുള്ള തെളിവുകള്‍ ശേഖരിക്കുകയാണ് പെഴ്‌സിവീയറന്‍സ് പേടകം ചെയ്യുന്നത്.
ഒരു കാറിന്റെ വലുപ്പമുള്ള പെഴ്‌സിവീയറന്‍സ് പേടകം ഏകദേശം 70.5 അടി വലുപ്പമുള്ള പാരച്യൂട്ടിന്റെ സഹായത്തിലാണ് ചൊവ്വയില്‍ ഇറങ്ങിയത്. ഒരു മനുഷ്യ നിര്‍മിത വാഹനത്തിന്റെ ചൊവ്വയിലെ എക്കാലത്തേയും വലിയ ലാന്റിങ്ങായിരുന്നു ഇത്.
മണിക്കൂറില്‍ ഏതാണ്ട് 20,000 കിലോമീറ്റര്‍ വേഗത്തിലാണ് പെഴ്‌സിവീയറന്‍സ് ചൊവ്വയിലേക്കിറങ്ങിയത്. ഇത്രയേറെ വേഗത്തിലും സുരക്ഷിതമായി ചൊവ്വയിലിറങ്ങാന്‍ പെഴ്‌സിവീയറന്‍സിനെ സഹായിച്ച ഉപകരണങ്ങളുടെ വ്യത്യസ്തമായ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്‍ജ്യുനൂയിറ്റി ഹെലിക്കോപ്റ്ററാണ് 26-ാം പറക്കലിനിടെ ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെഴ്‌സിവീയറന്‍സ് ചൊവ്വയില്‍ സുരക്ഷിതമായി ഇറങ്ങാന്‍ ഉപയോഗിച്ച കോണ്‍ ആകൃതിയിലുള്ള ബാസ്‌കറ്റ്ബോളിന്റേയും പാരച്യൂട്ടിന്റേയും പത്ത് ചിത്രങ്ങളാണ് ഇന്‍ജ്യുനൂയിറ്റി പകര്‍ത്തിയത്.
ഈ ചിത്രങ്ങള്‍ ഭാവിയിലെ ചൊവ്വാ ദൗത്യങ്ങളുടെ ലാന്റിങ് ഉപകരണങ്ങളുടെ നിര്‍മാണത്തിന് വരെ സഹായകമാകുമെന്നാണ് കരുതപ്പെടുന്നത്.