Monday, December 23, 2024

HomeAmericaവിവാഹ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടവര്‍ക്ക് ആദരം

വിവാഹ ജീവിതത്തില്‍ കാല്‍നൂറ്റാണ്ട് പിന്നിട്ടവര്‍ക്ക് ആദരം

spot_img
spot_img

ജോസ് കണിയാലി

ന്യൂയോര്‍ക്ക്: വിവാഹ ജീവിതത്തിന്റെ അമ്പത്തിയൊന്നാണ്ടുകള്‍ പിന്നിട്ടതിന്റെ സന്തോഷദീപം എണ്‍പതുകളിലെത്തിയ ചാക്കോ വെള്ളരിങ്ങാട്ടും ഡോ. ലിസിയും തെളിയിച്ചപ്പോള്‍ ആ നിലവിളക്ക് ദീപത്തില്‍ നിന്നുള്ള കിരണങ്ങള്‍ സദസിലുണ്ടായിരുന്ന എണ്‍പത്തിനാല് ദമ്പതികളില്‍ ആഹ്ളാദത്തിന്റേയും സായൂജ്യത്തിന്റെയും വര്‍ണ പൂത്തിരികളായി പെയ്തിറങ്ങി.

ന്യൂയോര്‍ക്ക് ബെത്പേജ് സെന്റ് മേരീസ് സീറോ മലബാര്‍ ഇടവക വൈവാഹിക രജത ജൂബിലിയും അതിലേറെയും പിന്നിട്ടവര്‍ക്ക് ആദരമര്‍പ്പിക്കുന്ന ചടങ്ങാണ് അഭൗമിക നിമിഷങ്ങളുടെ നിറക്കൂട്ടുകള്‍ ചാലിച്ചെടുത്തത്. മേയ് 29 ന് പാരിഷ് ഹാളായിരുന്നു ഈ അപൂര്‍വ ഒത്തുചേരലിനു വേദിയായത്.

വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ ചിന്താമണ്ഡലത്തില്‍ വിരിഞ്ഞ ആശയത്തിന് സാക്ഷാത്കാരം നല്‍കാന്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ജൂബിലി കമ്മിറ്റിയും ഏകമനസോടെ പ്രവര്‍ത്തിച്ചപ്പോള്‍ ചടങ്ങുകള്‍ അദ്ഭുത വിജയത്തിന്റെ മേല്‍ത്തട്ടിലെത്തി.

ഷിക്കാഗോ സെന്റ് തോമസ് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ സാന്നിധ്യം ആഘോഷദിനത്തിന്റെ ആത്മീയ ചൈതന്യമുയര്‍ത്തുന്നതായിരുന്നു. അദ്ദേഹത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. അതിനുമുന്നോടിയായി പാരിഷ് ഹാളില്‍ നിന്നും ദമ്പതികള്‍ പ്രദക്ഷിണമായി പള്ളിയിലേക്ക് പ്രവേശിച്ചു. വിവിധ ഗ്രൂപ്പുകളായാണ് ദമ്പതികളെ ആനയിച്ചത്. അമ്പതുവര്‍ഷം പിന്നിട്ട ആദ്യ ഗ്രൂപ്പില്‍ ചാക്കോ വെള്ളരിങ്ങാട്ടും ഡോ. ലിസിയും മാത്രമാണുണ്ടായിരുന്നത്. അതിനുപിന്നില്‍ 45 മുതല്‍ അമ്പതുവര്‍ഷം വരെയുള്ളവര്‍ തുടര്‍ന്നു 40 മുതല്‍ 45 വരെ. അതിനു പിന്നാലെ അഞ്ചുവര്‍ഷത്തെ വ്യത്യാസത്തിലുള്ള വിവിധ ഗ്രൂപ്പുകള്‍. 25 മുതല്‍ 30 വരെയുള്ളവരായിരുന്നു ജൂണിയേര്‍സ്. എങ്കിലും മുപ്പതു മുതല്‍ 35 വരെയുള്ളവരുടെ വിഭാഗത്തിനായിരുന്നു അംഗബലം കൂടുതല്‍.

കുര്‍ബാനമധ്യേ വിവാഹ പ്രതിജ്ഞയുടെ പുനരരാഖ്യാനമാണ് ആകര്ഷകമായത്. അഭിമുഖമായി നിന്ന് ”ഇന്നു മുതല്‍ മരണം വരെ സന്തോഷത്തിലും ദുഖത്തിലും സമ്പത്തിലും ദാരിദ്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും”…… എന്ന വാഗ്ദാനം ദമ്പതികള്‍ പുനരാവര്‍ത്തിച്ചപ്പോള്‍ പലരുടെയും മനസില്‍ കാലങ്ങള്‍ക്കു മുമ്പ് നടന്ന വിവാഹ ദിനം ഓര്‍മയുടെ സ്‌ക്രീനില്‍ തെളിഞ്ഞു. ചിലര്‍ കണ്ണീര്‍കണങ്ങള്‍ വാര്‍ത്തു; മറ്റു ചിലര്‍ സിന്ദൂര പൊട്ടുതൊട്ട് ശൃംഗാര കൈയ്യും വീശി നടക്കാന്‍ വെമ്പല്‍കൊണ്ടു.

സമര്‍പ്പണത്തിന്റെ കൂദാശയാണ് കത്തോലിക്ക സഭയിലെ വിവാഹ ശുശ്രൂഷയെന്നു മാര്‍ ജോയ് ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ഇതിനൊക്ക ഒരു രജിസ്റ്റര്‍ ഓഫിസ് മതിയല്ലോ എന്ന നിയോ ലിബറല്‍ ചിന്താഗതിക്ക് കത്തോലിക്ക സഭ നല്‍കുന്ന എതിര്‍ വ്യാഖ്യാനമാണ് കൂദാശാധിഷ്ഠിതമായ വിവാഹം. ദമ്പതികള്‍ക്കു പുറമെ ഈശോയുടെ മൂന്നാമത് വിശുദ്ധ സാന്നിധ്യമാണ് കൂദാശയുടെ പ്രത്യേകത. അതുമാത്രമല്ല കൂദാശകളിലൂടെയാണ് മുന്നോട്ടുള്ള ജീവിതത്തിനു ശക്തി ലഭിക്കുന്നതും. ഒരു വിവാഹജീവിതം നയിക്കാന്‍ ഇവര്‍ക്കു കെല്‍പ്പുണ്ടോ എന്നു ആശങ്കപ്പെടുന്ന ബന്ധുമിത്രാതികളെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് സുഗമ ജീവിതം നയിക്കുന്നവര്‍ക്ക് അതിനുള്ള ശക്തി ലഭിക്കുന്നത് കൂദാശയിലൂടെയുള്ള പരിശുദ്ധാമാവിന്റെ സ്വര്‍ഗീയ ഇടപെടലുകള്‍ കൊണ്ടാണ്. കൂദാശകളെ അവഗണിച്ചുള്ള വിവാഹങ്ങള്‍ തുടര്‍ജീവിതത്തില്‍ തോല്‍ക്കുന്നതും സ്വര്‍ഗീയ ഇടപെടലുകളുടെ ദാരിദ്ര്യം കൊണ്ടുതന്നെ.

പൗരോഹിത്യവും വിവാഹവും പൂരകങ്ങളായ കൂദാശകകളെന്നാണ് സഭ പഠിപ്പിക്കുന്നത്. സമര്‍പ്പണമാണ് ഇരു കൂദാശകളുടെയും അടിത്തറ. പൗരോഹിത്യം സമൂഹത്തിനായി സമര്‍പ്പിക്കപ്പെടുമ്പോള്‍ വിവാഹം സഭയുടെ ശക്തിയായ കുടുംബത്തിന് സമര്‍പ്പിക്കപ്പെടുന്നു – മാര്‍ ജോയി ആലപ്പാട്ട് വിശദീകരിച്ചു.

മനസു നിറയുന്ന സന്തോഷമാണ് ഇന്ന് അനുഭവിക്കുന്നതെന്ന് മാര്‍ ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ഇന്നലെ അറ്റലാന്റയില്‍ പട്ടത്വ ശുശ്രൂഷയില്‍ പങ്കെടുത്ത ശേഷമാണ് ന്യൂയോര്‍ക്കില്‍ വന്നത്. സഭയുടെ വളര്‍ച്ചയാണ് രണ്ടിടങ്ങളിലും കണ്ടത്. അറ്റ്‌ലാന്റയില്‍ അമേരിക്കയിലെ സീറോ മലബാര്‍ സഭക്കായി ആറാമത് വൈദികനെ അഭിഷേകം ചെയ്തു. ഇവിടെ പ്രാര്‍ഥനപൂര്‍ണമായ ജീവിതത്തിലൂടെ വിശ്വാസത്തില്‍ അധിഷ്ഠിതമായ തലമുറയെ വാര്‍ത്തെടുത്ത മാതാപിതാക്കളെ ആദരിക്കാനായി; ഇതിലുമേറെ എന്താണ് സന്തോഷിക്കാന്‍ – മാര്‍ ആലപ്പാട്ട് പറഞ്ഞു.

ഞങ്ങള്‍ വൈദികരും വിവാഹം കഴിച്ചവരാണെന്നായിരുന്നു വികാരി ഫാ. ജോണ്‍ മേലേപ്പുറത്തിന്റെ വിശദീകരണം. നിങ്ങള്‍ക്ക് ഭാര്യയുള്ളപ്പോള്‍ ഞങ്ങള്‍ക്ക് പങ്കാളികള്‍ ഇടവക സമൂഹമാണ്. രണ്ടും സമര്‍പ്പണ ജീവിതം തന്നെ. ഈ ഇടവകയുടെ വളര്‍ച്ചക്കായി ത്യാഗം സഹിച്ചവരെയാണ് അനുമോദിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ഒന്നുമില്ലാതിരുന്ന സീറോ മലബാര്‍ സഭ അമേരിക്കയില്‍ ഇന്നുകളില്‍ നേടിയ വളര്‍ച്ച നിങ്ങളുടെ വിയര്പ്പിന്റെ അര്‍പ്പണങ്ങളില്‍ അധിഷ്ടിതമാണ്. ആ സൗമനസ്യത്തിന് സഭ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.

ഷാന്‍ ഷാജിയും രേഷ്മ ടാജ് മാത്യുവുമായിരുന്നു പൊതുസമ്മേനത്തിലെ എംസിമാര്‍. തിരക്കുകള്‍ക്കിടയിലും ഇവിടെ വന്നെത്താന്‍ സന്മനസ് കാട്ടിയ മാര്‍ ആലപ്പാട്ടിന് എംസിമാര്‍ നന്ദി പറഞ്ഞു.

കല്യാണ വിരുന്നുപോലെ തന്നെയായിരുന്നു പാരിഷ് ഹാളിലെ റിസപ്ഷന്‍. ദമ്പതികള്‍ക്ക് പ്രത്യേകമായി ഇരിപ്പിടങ്ങള്‍, അവരുടെ ആവശ്യങ്ങള്‍ അന്വേഷിക്കാനും നിവര്‍ത്തിക്കാനും സഹായികള്‍, വിളിപ്പുറത്തുള്ള വോളണ്ടിയേഴ്‌സ്…സര്‍വോപരി പഴുതുകള്‍ അടച്ചുള്ള കമ്മിറ്റി അംഗങ്ങളുടെ സംഘാടന മികവ്…എല്ലാം പൊടിപൂരം .

രണ്ടാം തലമുറ നൂറുശതമാനം ആത്മാര്‍ഥതയോടെയാണ് പങ്കെടുത്തത്. നവദമ്പതികളെ വരവേല്‍ക്കുന്ന പോലെയായിരുന്നു യുവജനങ്ങളുടെ ഇടപെടല്‍. പ്രേമ വിവാഹിതരെ കണ്ടെത്താനുള്ള ഗെയിം ശ്രദ്ധനേടി. പ്രേമത്തിന്റെ നാള്‍വഴികള്‍ വിവരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പലര്‍ക്കും നാണമായിരുന്നു. ബൈബിളേലേതുപോലെ ജേക്കബ് റേച്ചലിനെ തേടിനടന്നത് മുടക്കോലില്‍ ജേക്കബ് വിശദീകരിച്ചു. അതു പ്രേമമല്ല തേടിനടക്കല്‍ ആയിരുന്നു എന്ന് ജേക്കബ് സമര്‍ത്ഥിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇതൊക്കെത്തന്നെയാണ് പ്രേമമെന്നു അറിയപ്പെടുന്നതെന്ന് ജോണച്ചന്‍ തിരുത്തി. നീണ്ട മുടിയുള്ള പെണ്ണിനെ തപ്പി നടക്കുമ്പോഴാണ് ജയയെ കണ്ടുമുട്ടിയതെന്ന് വിന്‍സെന്റ് വാതപ്പള്ളില്‍ പറഞ്ഞപ്പോള്‍ സ്‌കൂള്‍ തലം മുതല്‍ ഒരു ബെഞ്ചിലിരുന്ന് കണ്ണും കണ്ണും കൈമാറിയത് വിട്ടു പോകരുതെന്ന് ജോണച്ചന്‍ ഓര്‍മിപ്പിച്ചു.

ആരാണ് ഒരുക്കത്തിന് കൂടുതല്‍ സമയമെടുക്കുന്നതെന്നായിരുന്നു അടുത്ത ഗെയിം. പെണ്ണുങ്ങള്‍ എന്ന പരമ്പരാഗത വിശ്വാസത്തെ പൊളിച്ചടുക്കുന്നതായിരുന്നു ഗെയിമിലെ വെളിപ്പെടുത്തലുകള്‍. ആണുങ്ങള്‍ തന്നെ കൂടുതല്‍ എന്നു സമര്‍ത്ഥിക്കുന്നതില്‍ ഷൈല പോളും മേരി ഫിലിപ്പും വിജയിച്ചു.

കലാപരിപാടികളാല്‍ സമ്പന്നമായിരുന്നു ആഘോഷദിനം. ഫ്യൂഷന്‍ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, ഗാനമേള, ഫാഷന്‍ഷോ എന്നിവ ഹൃദ്യമായി. വിസ്മയം വിതറിയ ആഘോഷ പരിപാടികള്‍ക്ക് ട്രൂസ്റ്റിമാരായ റെജി കുര്യന്‍, സണ്ണി ജോര്‍ജ്, വിന്‍സെന്റ് വാതപ്പള്ളില്‍, സിബി ജോര്‍ജ് അംഗ ങ്ങളായ ബിനോദ് മാത്യു, കെന്‍ സെബാസ്റ്റ്യന്‍, പ്രതീഷ് ജോസ്, റീന അലക്‌സ്, ഷിബി പോള്‍, ഷിനോ എബ്രഹാം, സിജു പുതുശേരി, ടെസി വിന്‍സെന്റ്, സേവ്യര്‍ വര്‍ഗീസ്, ജിന്‍ടു ജയിംസ്, റോയി ആന്റണി എന്നിവരാണ് നേതൃത്വം നല്‍കിയത്. അലക്‌സ് മണലില്‍, സെന്റ് മേരീസ് പള്ളി ഏയ്ഞ്ചല്‍ ക്വയര്‍ എന്നിവര്‍ ഗാനപനത്തിലൂടെ പരിപാടികളെ സംഗീതമയമാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments