എ.എസ് ശ്രീകുമാര്‍
ലക്ഷ്യങ്ങള്‍ വെറുതെ സംസാരിച്ച് തള്ളാനുള്ളതല്ല, അത് പരിശ്രമിച്ചു നേടിയെടുക്കാനുള്ളതാണ്. ഒരു സംഘാടകനോ സംഘാടകയോ ഇത്തരത്തില്‍ നിസ്വാര്‍ത്ഥമായി ചിന്തിച്ചാല്‍ സമൂഹത്തില്‍ അതിന്റെ ഗുണഫലങ്ങള്‍ ജനക്ഷേമകരമായി പ്രതിഭലിക്കുമെന്നുറപ്പാണ്. വാഗ്ദാനങ്ങളെ മാറ്റി നിര്‍ത്തി പ്രതീക്ഷക്കപ്പുറമുള്ള പ്രകടനങ്ങളിലൂടെ ശ്രദ്ധേയനായ ഫോമാ ജോയിന്റ് സെക്രട്ടറി പോള്‍ പി ജോസിനെ ഫോമയുടെ 2026-2028 വര്‍ഷ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ന്യൂയോര്‍ക് മെട്രോ റീജിയന്‍ നാമനിര്‍ദേശം ചെയ്തിരിക്കുകയാണ്.

ഫോമാ ന്യൂയോര്‍ക്ക് മെട്രോ റീജിയണ്‍ വൈസ് പ്രസിഡന്റ് മാത്യു ജോഷ്വയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഏകകണ്ഠമായാണ് പോള്‍ പി ജോസിനെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് സംബന്ധിച്ച തുടര്‍ നടപടികള്‍ സമയബന്ധിതമായി തുടരുമെന്ന് യോഗം തീരുമാനിച്ചു.
യോഗത്തില്‍ സെക്രട്ടറി ബോബി, ട്രഷറര്‍ ബിഞ്ചു, മുന്‍ നാഷണല്‍ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, നാഷണല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സി.പി.എ എബ്രഹാം ഫിലിപ്പ്, ജോസ് വര്‍ഗ്ഗീസ്, ബെലോ കമ്മറ്റി അംഗം സജി എബ്രഹാം, ജുഡീഷ്യറി കൗണ്‍സില്‍ അംഗം ലാലി കളപുരക്കല്‍, റീജിയണല്‍ ചെയര്‍മാന്‍ ഫിലിപ്പോസ് കെ ജോസഫ്, വൈസ് ചെയര്‍മാന്‍ ജെസ്വിന്‍ ശാമുവേല്‍, ജോയിന്റ് ട്രഷറര്‍ റിനോജ് കോരുത്, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍മാന്‍ തോമസ് ഉമ്മന്‍, യൂത്ത് ഫോറം ചെയര്‍മാന്‍ അലക്‌സ് സിബി, ചാരിറ്റി ചെയര്‍മാന്‍ രാജേഷ് പുഷ്പരാജന്‍, പി.ആര്‍.ഒ മാത്യുക്കുട്ടി ഈശോ, കമ്മറ്റി അംഗങ്ങളായ ഷാജി വര്‍ഗ്ഗീസ്, തോമസ് പൈക്കാട്ട്, തോമസ് പ്രകാശ്, വിമന്‍സ് ഫോറം സെക്രട്ടറി ഷേര്‍ളി പ്രകാശ്, ന്യൂയോര്‍ക്ക് മലയാളി അസോസ്സിയേഷന്‍ പ്രസിഡന്റ് ബിബിന്‍ മാത്യു, കേരളാ സെന്റര്‍ പ്രസിഡന്റ് അലക്‌സ് എസ്തപ്പാന്‍, മലയാളി സമാജം ഓഫ് ന്യൂയോര്‍ക്ക് പ്രസിഡന്റ് തോമസ് കോലടി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
”ഫോമാ 2024-26 കാലഘട്ടത്തിലെ എക്‌സിക്യൂട്ടീവിന്റെ ഭാഗമായതിലൂടെ ജനങ്ങളുടെ ഹൃദയത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും അവരുടെ വികാരങ്ങള്‍ മനസിലാക്കുവാനും അതുവഴി കൂടുതല്‍ ചാരിറ്റികള്‍ക്കും അതുപോലുള്ള മറ്റു പ്രവര്‍ത്തങ്ങള്‍ക്കും നേതൃത്വം കൊടുക്കുവാനും സാധിച്ചിട്ടുണ്ട്. ഈ അനുഭവ സമ്പത്തും ജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും ഉപദേശ നിര്‍ദേശങ്ങളും എന്റെ മുന്നോട്ടുള്ള പ്രയാണത്തിന് മുതല്‍ക്കൂട്ടാവുമെന്ന് ഉറച്ചു വിശ്വസിക്കുന്നു…” പോള്‍ പി ജോസ് പറയുന്നു.

നിലവിലുള്ള ഭരണസമിതി ചുമതലയേറ്റെടുത്ത ശേഷം ഇക്കൊല്ലം ജനുവരി മാസത്തില്‍ ഫോമാ കേരളത്തില്‍ നടപ്പാക്കിയ ‘അമ്മയോടൊപ്പം’, ‘ഉന്നതി’, ഹെല്‍പ്പിംഗ് ഹാന്‍ഡ്‌സ് ചാരിറ്റി പ്രോഗ്രാമുകളിലും നിര്‍ധനര്‍ക്കുള്ള ഭവന പദ്ധതി, ഫോമാ ഹെല്‍ത്ത് കാര്‍ഡ് സ്‌കീം തുടങ്ങിയ പ്രോജക്ടുകളിലുമുള്ള പോള്‍ പി ജോസിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ വൈസ് പ്രസിഡന്റായിരിക്കെയാണ് ഇദ്ദേഹം ഫോമായുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തെത്തിയത്. ഫോമായുടെ വിവിധ തലങ്ങളിലുള്ളവരുടെയും പൊതുവെ അമേരിക്കന്‍ മലയാളി സമൂഹത്തിന്റെയും ആശീര്‍വാദത്തോടെയാണ് പോള്‍ പി ജോസ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജനവിധി തേടാനൊരുങ്ങുന്നത്.
അമേരിക്കയിലെത്തി വളരെ ചുരുങ്ങിയകാലം കൊണ്ട് തന്നെ ഇദ്ദേഹം പൊതുരംഗത്ത് തിളങ്ങി. മാതൃസംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിലൂടെയാണ് പോള്‍ പി ജോസ് കര്‍മഭൂമിയില്‍ സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കമിടുന്നത്. പിന്നീട് കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ് സ്ഥാനത്തെത്തുകയും സംഘടനയുടെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്ക്ക് ചുക്കാന്‍ പിടിച്ചുകൊണ്ട് തന്റെ സംഘാടന മികവ് തെളിയിക്കുകയും ചെയ്തു. അമേരിക്കന്‍ മലയാളികളുടെ മനസില്‍ എക്കാലവും പുഷ്പിച്ചുനില്‍ക്കുന്ന 2022-ലെ ഈ ആഘോഷം അവിസ്മരണീയമാക്കിയതിലൂടെ പോള്‍ പി ജോസ് എന്ന പുതിയൊരു സംഘാടകനെ അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിയുകയായിരുന്നു.
സുതാര്യവും ഉത്തരവാദിത്വ ബോധത്തോടെയുമുള്ള പ്രവര്‍ത്തനത്തിലൂടെയാണ് പോള്‍ പി ജോസ് ഫോമായുടെ വിവിധ തലങ്ങളിലേയ്ക്ക് പടിപടിയായി എത്തുന്നത്. തന്റെ സംഘടനാ പാടവത്തിന്റെ അംഗീകാരമെന്നോണമാണ് ഫോമ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ പോള്‍ പി ജോസിനെ നോമിനേറ്റ് ചെയ്തിട്ടള്ളത്. ന്യൂയോര്‍ക്ക് മെട്രോ റീജിയന്റെ 2022-’24 വര്‍ഷ ആര്‍.വി.പിയായി കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പോള്‍ പി ജോസിനെ എന്‍ഡോഴ്‌സ് ചെയ്തത് ഉചിതമായ തീരുമാനമായിരുന്നുവെന്ന് അദ്ദേഹം പ്രവര്‍ത്തിയിലൂടെ തെളിയിച്ചു.
ഒരു പൊതുപ്രവര്‍ത്തകന് അവശ്യം വേണ്ട കഠിനാധ്വാനവും സത്യസന്ധതയും ആത്മാര്‍ത്ഥതയും തനിക്കുണ്ടെന്ന് കൈയ്യടക്കത്തിലൂടെയുള്ള നിര്‍വഹണത്തിലൂടെ പോള്‍ പി ജോസ് തെളിയിക്കുകയും ജനകീയനെന്ന പേര് സമ്പാദിക്കുകയും ചെയ്തു. അങ്ങനെ ന്യൂയോര്‍ക്ക് മലയാളി കൂട്ടായ്മകളിലെ നിറസാന്നിധ്യമായി. കലാ-സാംസ്‌കാരിക-സാമൂഹിക മേഖലകളിലെ കറയറ്റ പാരമ്പര്യവും പോള്‍ പി ജോസിന്റെ സവിശേഷതയാണ്.
ഇന്ത്യ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ പ്രസിഡന്റ്, നോര്‍ത്ത് ഹംപ്സ്റ്റഡ് മലയാളി അസോസിയേഷന്‍ ജോയിന്റ് ട്രഷറര്‍, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.ഒ.സി) സെക്രട്ടറി, വൈസ്‌മെന്‍സ് ക്ലബ് ട്രെസ്‌റ്റെര്‍, കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക് സെക്രട്ടറി, പ്രസിഡന്റ്, ഇന്ത്യ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് അമേരിക്ക ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളിലും ഇദ്ദേഹം സ്തുത്യര്‍ഹമായ സേവനമുഷ്ടിച്ചിട്ടുണ്ട്.
നന്നേ ചെറുപ്പം മുതല്‍ ഗാന്ധിയന്‍ ആദര്‍ശങ്ങളോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന പോള്‍ പി ജോസ് തന്റെ ചുറ്റുപാടും സാമ്പത്തികവും സാമൂഹികവുമായി പിന്തള്ളപ്പെട്ട് അവശതയനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തിക്കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു. തന്നോടൊപ്പം അശരണരും ആലംബഹീനരും കണ്ണീരിറ്റിക്കാതെ ജീവിക്കണെമെന്ന ചിന്തയും പ്രാര്‍ത്ഥനയുമാണ് തന്റെ പൊതുപ്രവര്‍ത്തന സപര്യയുടെ ആകെത്തുകയെന്ന് പോള്‍ പി ജോസ് വരച്ചുകാട്ടുന്നു. ഒരാള്‍ നന്‍മ ചെയ്താല്‍ അത് ഒരുപാടുപേരിലേയ്ക്ക് വ്യാപിക്കാന്‍ ഇടനല്‍കുമെന്നാണ് ഇദ്ദേഹം വിശ്വസിക്കുന്നത്.
ഫോമായുടെ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ ആര്‍.പി.പിയെന്ന നിലയിലെ സമാനതകളില്ലാത്ത പ്രവര്‍ത്തനത്തിലൂടെ ലഭിച്ച ജനകീയ പിന്തുണയാണ് പോള്‍ പി ജോസിനെ അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ കേന്ദ്ര സംഘടയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയത്. വാക്കും പ്രവര്‍ത്തിയും രണ്ടല്ല എന്ന് കാട്ടിത്തരുന്ന പോള്‍ പി ജോസ് ഫോമായുടെ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മല്‍സരിക്കുമ്പോള്‍ ജനങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തിന് സമര്‍പ്പിക്കാനുള്ള പ്രകടന പത്രിക തന്റെ ഇതപര്യന്തമുള്ള സംഘാടന ചരിത്രമാണ്.
ന്യൂയോര്‍ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം തന്റെ നിയോഗ പൂര്‍ത്തീകരണത്തിന് ഏവരുടെയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണമെന്ന് സ്‌നേഹപൂര്‍വം അഭ്യര്‍ത്ഥിക്കുന്നു. വിജയം നമ്മെ തേടിവരുന്ന അത്ഭുമല്ല, മറിച്ച് പരിശ്രമത്തിലൂടെ നാം സൃഷ്ടിച്ചെടുക്കുന്ന അനുഗ്രഹമാണ്. ലക്ഷ്യത്തിലുള്ള മനസുറപ്പാണ് വിജയത്തിന്റെ രഹസ്യം. ആ മനസുമായാണ് പോള്‍ പി ജോസ് ജനമധ്യത്തിലുള്ളത്.