കോരസണ്‍ വര്‍ഗ്ഗിസ് (പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍)
വൈസ്‌മെന്‍ ഇന്‍റ്റര്‍നാഷണല്‍ യൂ.എസ് ഏരിയ പ്രെസിഡന്റായി ഷാജു സാം അവരോധിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ കൊട്ടിലിയന്‍ റെസ്‌റ്റെന്റില്‍ വച്ച് നടത്തപ്പെട്ട നേരിട്ടുംസൂമിലുമായി നടന്ന ഹൈബ്രിഡ് യോഗത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഒട്ടേറെപ്പേര്‍ പങ്കെടുത്തു.
അമേരിക്കയിലെ ഒഹായിയോയില്‍ 1922 ല്‍ ജഡ്ജ് പോള്‍ വില്ല്യം അലക്‌സാണ്ടര്‍ തുടക്കമിട്ട അന്തര്‍ദേശീയ സന്നദ്ധ സേവകരുടെ സംഘടനക്ക് ഇത് ആദ്യമായിട്ടാണ് ഒരു മലയാളി നേതൃത്വം നല്‍കുന്നത്. YMCAയുടെ സര്‍വീസ് സംഘടനയായാണ് ഇത് പ്രവര്‍ത്തിക്കുന്നതെങ്കിലും സ്വന്തമായ സേവനമേഖലകള്‍ ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നു. സ്വിറ്റസര്‍ലണ്ടിലെ ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ പ്രസ്ഥാനത്തിന് എഴുപത്തഞ്ചു രാജ്യങ്ങളിലായി പതിനായിരക്കണക്കിനു സന്നദ്ധ സേവകരുണ്ട്.
ഹവായില്‍ നിന്നുള്ള ബോബി സ്റ്റീവസ്കി ആപ്കി വിരമിച്ച ഇടത്തേയ്ക്കാണ് ഷാജു സാം തിരഞ്ഞെടുക്കപ്പെട്ടത്. ഹവായി, മിഡ് അമേരിക്ക, സൗത്ത് അറ്റ്‌ലാന്‍റ്റിക്ക്, പസഫിക് നോര്‍ത്തുവെസ്റ്റ്, പസഫിക് സൗത്തുവെസ്റ്റ്, നോര്‍ത്ത് സെന്‍ട്രല്‍ , നോര്‍ത്ത് അറ്റ്‌ലാന്‍റ്റിക്ക് എന്നിങ്ങനെ 7 റീജിയനുകളിലായി നിരവധി ക്ലബുകളും പ്രവര്‍ത്തകരും യു.എസ് ഏരിയയുടെ പരിധിയില്‍ ഉണ്ട്.
മികച്ച സംഘാകടനായ ഷാജു സാം വൈസ്‌മെന്‍ നോര്‍ത്ത് അറ്റ്‌ലാന്‍റ്റിക്ക് റീജിയണല്‍ ഡയറക്ടര്‍ ആയി സേവനം അനുഷ്ഠിച്ചിരുന്നു. അക്കൗണ്ടിംഗ് ടാക്‌സ് സര്‍വിസ് സംരംഭം നടത്തുന്ന ഷാജു സാം വാള്‍സ്ട്രീറ്റിലെ ഫൈനാന്‍സ് കമ്പനിയുടെ അസിസ്റ്റന്റ് കണ്‍ട്രോളര്‍ കൂടിയാണ്. കേരളാസമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ പ്രസിഡന്റ്, മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലും സജ്ജീവ സാന്നിധ്യമാണ്.
വൈസ്‌മെന്‍ ക്ലബ്ബിന്റെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ ക്ലബ്ബ്കള്‍ ആരംഭിക്കുക, യുവജന സാന്നിധ്യം ഉറപ്പാക്കുക എന്നതാണ് താന്‍ മുന്‍ഗണന നല്‍കുന്ന പദ്ധതികള്‍ എന്ന് ഷാജു സാം പറഞ്ഞു.
നോര്‍ത്ത് അറ്റ്‌ലാന്റിക്ക് റീജിയണല്‍ ഡയറക്ടര്‍ ആയി ഡോ. അലക്‌സ് മാത്യുവും അവരോധിക്കപ്പെട്ടു. ന്യൂയോര്‍ക്കിലെ സ്‌റ്റോണി ബ്രുക് ഹോസ്പിറ്റലില്‍ അസിസ്റ്റന്റ് പ്രൊഫൊസ്സര്‍ ആയി സേവനം അനുഷ്ഠിക്കുന്ന ഡോ. അലക്‌സ് മാത്യു മികച്ച സംഘാടകനും വാഗ്മിയും ആണ്.
അമേരിക്കയിലെ മെഡിക്കല്‍ ഗ്രാഡുവേറ്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തകനും ആണ്. കോവിഡ്19 ഉയര്‍ത്തുന്ന പരിമിതികള്‍ ഉണ്ടെങ്കിലും റീജിയണിലെ ക്ലബ്ബ്കള്‍ സജ്ജീവമാക്കുകയും പുതിയ ക്ലബ്ബ്കള്‍ ആരംഭിക്കുകയുമാണ് തന്റെ പരിഗണന എന്ന് ഡോ. അലക്‌സ് മാത്യു പറഞ്ഞു.
ലോകത്തോടുള്ള നമ്മുടെ വീക്ഷണം അനുസരിച്ചായിരിക്കും ലോകം നമ്മോടു പ്രതികരിക്കുക, പര്‍വ്വതത്തെ വെറും മണ്‍കൂട്ടമായി കാണാതെ ഒരു ഉപാസനാമൂര്‍ത്തിയായി കാണൂ, കാടിനെ വെറും മരത്തടികളുടെ കൂട്ടമായി കാണാതെ വിശുദ്ധ വനികയായി കാണൂ, ഭൂമിയെ അവസരം മാത്രമായി കാണാതെ അമ്മയായി കാണൂ, നമ്മുടെ ചിന്തകള്‍ ആകെ മാറും എന്ന് പ്രമുഖ കനേഡിയന്‍ പരിസ്ഥിതി പ്രവര്‍ത്തകനയാ ഡേവിഡ് സുസീക്കിയുടെ വാക്കുകള്‍ ഉയര്‍ത്തി ഡോ . അലക്‌സ് മാത്യു മറുപടി പ്രസംഗംഗത്തില്‍ പറഞ്ഞു.