അരിസോണ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് ഗ്‌ളോബല്‍ കണ്‍വെന്‍ഷന്‍ 2021 ഡിസംബര്‍ 30ന് അരിസോണയില്‍ നടക്കും. 2001ല്‍ ശ്രീ സത്യാനന്ദ സരസ്വതി സ്വാമിജിയുടെ അനുഗ്രഹത്തിലും നേതൃത്വത്തിലും ആരംഭിച്ച ഈ കൂട്ടായ്മ സാമൂഹിക പ്രതിബദ്ധത നിര്‍വ്വഹിക്കുന്നതില്‍ വളരെ മുന്നിലാണ്. കേരളത്തിന്റെ സംസ്കാരവും പൈതൃകവും കൈവിടാതെ സാമൂഹിക നന്മയും സേവനവും ലക്ഷ്യമാക്കിയാണ് കെ. എച്ച്. എന്‍. എ പ്രവര്‍ത്തിക്കുന്നത്.
സാര്‍വ്വത്രിക വിദ്യാഭ്യാസം എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കെഎച്ച്എന്‍എ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സാമ്പത്തിക സഹായവും സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു. കോവിഡ് മഹാമാരിയില്‍ ഭാരതത്തിന് കൈത്താങ്ങാകാന്‍ ധനസമാഹരണത്തിനായി gofund, KHNA സൂപ്പര്‍ ഡാന്‍സര്‍ എന്നിവ നടത്തിവരുന്നു.
എല്ലാ രണ്ടുവര്‍ഷം കൂടുമ്പോഴും നടത്തിവരുന്ന ആഗോള ഹിന്ദു സംഗമം 2021 ജൂലൈയില്‍ നിന്നും ഡിസംബര്‍ 30 ലേക്ക് നീട്ടിവെച്ചു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും അനുസരിച്ചായിരിക്കും ഡിസംബര്‍ 30ന് കെ എച്ച് എന്‍ എ യുടെ ഗ്‌ളോബല്‍ കണ്‍വെന്‍ഷണ്‍ അരിസോണയില്‍ നടക്കുക എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പരമ്പരാഗത കേരളീയ കലകളുടെയും ആദ്ധ്യാത്മിക പ്രഭാഷണങ്ങളുടെയും അത്യപൂര്‍വ്വ സംഗമമാണ് പതിനൊന്നാമത് കെഎച്ച്എന്‍എ ഹിന്ദു കണ്‍വെന്‍ഷന്‍. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കേരളത്തില്‍ നിന്നുള്ള ആധ്യാത്മിക ആചാര്യന്‍മാരും സിനിമ സാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും. ഗ്‌ളോബല്‍ കണ്‍വെഷനില്‍ പഴയിടം മോഹനന്‍ തിരുമേനിയുടെ വിഭവ സമൃദ്ധമായ സദ്യയും ഒരുക്കുന്നു.
ഗ്‌ളോബല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ 2021ജൂലൈ 4ന് മുന്നേ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അരിസോണയിലെ ചരിത്രപ്രസിദ്ധമായ ഗ്രാന്‍ഡ് കന്യോണ്‍ പാര്‍ക്ക് സന്ദര്‍ശിക്കാനുള്ള സുവര്‍ണ്ണാവസരവും ഉണ്ടായിരിക്കും. www.namaha.org എന്ന വെബ്‌സൈറ്റിലൂടെ ഇപ്പോള്‍ ഗ്‌ളോബല്‍ കണ്‍വെന്‍ഷനിലെ പങ്കാളിത്തം ഉറപ്പാക്കാവുന്നതാണ്.