ഡിട്രോയിറ്റ്: 2006ല്‍ ഹ്യൂസ്റ്റണില്‍ ആരംഭിച്ച ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ് (ഫോമാ) എന്ന സംഘടന ഇന്ന് ലോക മലയാളികളുടെ ഇടയില്‍ പ്രവര്‍ത്തന മികവ് കൊണ്ട് പേരും പെരുമയും ആര്‍ജിച്ച സംഘടനയായി വളര്‍ന്നു കഴിഞ്ഞു.
ഒരോ പുതിയ ഭരണ സമിതി വരുമ്പോഴും, പുത്തന്‍ ആശയങ്ങളും അഭിപ്രായങ്ങളും സംഘടനയ്ക്കു പുതു ദിശ നല്‍കാനും, കൂടുതല്‍ സംഘടനകളെ ആകര്‍ഷിക്കാന്‍ കഴിയുന്നു എന്നുള്ളതാണ്, ഫോമാ എന്ന സംഘടനയുടെ വിജയ രഹസ്യം.
ഈ കോവിഡ് കാലഘട്ടത്തിലും, അമേരിക്കയിലും, നാട്ടിലുമായി ഒട്ടനവധി ചാരിറ്റി പ്രവര്‍ത്തനങ്ങളും ഫോമയ്ക്കു ചെയ്യുവാനായി എന്നുള്ളതും ചാരിതാര്‍ത്ഥ്യം നല്‍കുന്നതാണ്.
2014- 16 ഫോമയുടെ ദേശീയ സമിതിയംഗം, 2016- 18 ജോയിന്റ് സെക്രട്ടറി, രണ്ടു പ്രാവിശ്യം ന്യൂസ് ടീം ചെയര്‍മാന്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച വിനോദ് കൊണ്ടൂര്‍, 202224 കാലഘട്ടത്തിലെ ജനറല്‍ സെക്രട്ടറിയായി, മാതൃ സംഘടനയായ ഡിട്രോയിറ്റ് മലയാളി അസ്സോസിയേഷന്റെ പിന്തുണയോടെ മത്സര രംഗത്തേക്ക് വരികയാണ്.
2016- 18ല്‍ ഫോമായെ സമൂഹ മാധ്യമങ്ങളില്‍ വേരുറപ്പിക്കാനും ഫോമായെക്കുറിച്ചുള്ള വാര്‍ത്തകള്‍ എഴുതി, ലോക മലയാളികളിലേക്ക് എത്തിക്കുവാനും വിനോദിന് അവസരം ലഭിച്ചു.
ഈ കഴിഞ്ഞ കാലങ്ങളില്‍ യുവജനതയുടെയും, യുവതികളുടെയും മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനായി പ്രവര്‍ത്തിച്ച ഫോമാ, ഇനി പ്രായഭേദമെന്യേ, മേഖലാ രാജ്യ വിത്യാസങ്ങളില്ലാതെ എല്ലാവരേയും ഉള്‍ക്കൊണ്ടു കൊണ്ട് ഒരു നോര്‍ത്ത് അമേരിക്കന്‍ മലയാളി കുടുംബ സംഘടനയായി ഉയര്‍ത്തപ്പെടണം.
ഒട്ടനവധി ത്യാഗങ്ങള്‍ സഹിച്ചു ഫോമ ആരംഭിച്ചു ഈ നിലയില്‍ എത്തിച്ച ഒട്ടനവധി പേര്‍ ഇന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ഭിന്നതയല്ല മറിച്ച് ഒരുമയാണ് സ്‌നേഹവുമാണ് ഈ ഫോമാ കുടുംബത്തെ നയിക്കേണ്ടത്, വിനോദ് കൊണ്ടൂര്‍ അഭിപ്രായപ്പെട്ടു.
ഫോമായുടെ തുടക്കം മുതല്‍ ഫോമാ നേതൃത്വം നമ്മുടെ സമൂഹത്തിനായി ഒട്ടനവധി സംഭാവനകള്‍ ചെയ്തിട്ടുണ്ട് എന്നത് വിസ്മരിക്കാനാവില്ല. 2006ല്‍ ഫോമായുടെ പ്രഥമ പ്രസിഡന്റ് ശശിധരന്‍ നായരുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ കാലഘട്ടത്തില്‍ വന്ന ആറന്‍മുള വിമാനത്താവളം എന്ന ആശയം, ഇന്ന് വന്‍ ആഘോഷത്തോടെ പ്രാവര്‍ത്തികമാകുകയാണ്.
2008- 10 ജോണ്‍ ടൈറ്റസിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതി, ആദ്യമായി ഒരു അമേരിക്കന്‍ ദേശീയ സംഘടന കേരളത്തില്‍ വീടുകള്‍ വച്ചു നല്‍കി.
2010- 12 ബേബി ഊരാളിലിന്റെ നേതൃത്വത്തില്‍ വന്ന ഭരണ സമിതി, നാട്ടിലേയും അമേരിക്കന്‍ ഐക്യനാടുകളിലേയും യുവതലമുറയെ യോജിപ്പിക്കുന്നതിനായി ബ്രിഡ്ജിംഗ് മൈന്‍ഡ്‌സ് എന്ന ആശയം കൊണ്ടു വന്നു.
2012-14ല്‍, ജോര്‍ജ് മാത്യൂ ഭരണസമിതി, ഗ്രാന്‍ഡ് കാനിയന്‍ യൂണിവേഴ്‌സിറ്റിയുമായ് ചേര്‍ന്നു നടത്തിയ എഗ്രിമെന്റില്‍, അമേരിക്കന്‍ മലയാളികളുടെ നട്ടെല്ലായ നേഴ്‌സിംഗ് പ്രഫഷണല്‍സിന് ഉപരി പഠനത്തിന് ഫീസിനത്തില്‍ വന്‍ ഡിസ്കൗണ്ട് നേടി കൊടുത്തു.
2014- 16 ല്‍ ആനന്ദന്‍ നിരവേലിന്റെ ഭരണ സമിതിയുടെ കാലഘട്ടത്തില്‍, തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ കുട്ടികളുടെ വിഭാഗം പൂര്‍ണ്ണമായി പണിതു നല്‍കിയെന്നത് ഫോമയ്ക്ക് എന്നും അഭിമാനിക്കാവുന്നതാണ്.
2014- 18 കാലഘട്ടത്തില്‍ ബെന്നി വാച്ചാച്ചിറയുടെയും ടീമിന്റെയും നേതൃത്വത്തില്‍ ഓഖി ദുരന്ത നിവാരണത്തിന് സഹായഹസ്തം നീട്ടി, ഒപ്പം ഫോമാ വുമണ്‍സ് ഫോറം എന്ന ഫോമായുടെ പോഷക സംഘടന, ഡോ: സാറാ ഈശോയുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി ആരംഭിച്ചു.
2018- 20ല്‍ ഫിലിപ്പ് ചാമത്തലിന്റെയും ടീമിന്റെയും നേതൃത്വത്തില്‍ പ്രളയം കെടുതിയില്‍ മുങ്ങിയ കേരളത്തെ വീടുകള്‍ വെച്ചു നല്‍കിയും, ഭക്ഷ്യ കിറ്റുകള്‍ നല്‍കിയും കൈ പിടിച്ചുയര്‍ത്തി.
നടപ്പു വര്‍ഷമായ 2020- 22ല്‍ അനിയന്‍ ജോര്‍ജും ടീമും ഇതു വരെ കോവിഡു കാലത്തെ നേരിടുന്ന പ്രവര്‍ത്തി ശ്ലാഘനീയമായി തുടരുകയാണ്.
ഏറ്റവും പ്രശംസനീയം, നോര്‍ത്ത് അമേരിക്കയിലേയും, നാട്ടിലേയും രാഷ്ട്രീയത്തിലുള്ളവരേയും, ബസിനസ്സ് രംഗത്ത് ഉള്ളവരേയും, കലാസാംസ്ക്കാരിക രംഗത്ത് ഉള്ളവരേയും സൂം എന്ന സാമൂഹിക മാധ്യമം വഴി ബന്ധിപ്പിക്കാനായി എന്നുള്ളതാണ്.
2022ല്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ നടക്കുന്ന ഇലക്ഷനില്‍ ജനറല്‍ സെക്രട്ടറിയായിട്ടു മത്സരിക്കുന്ന തനിക്ക് പിന്തുണ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു.
റിപ്പോര്‍ട്ട്: കെ. കെ. വര്‍ഗ്ഗീസ്