വാഷിങ്ടണ്‍: സൗദി വിമതനും എഴുത്തുകാരനും വാഷിംഗ്ടന്‍ പോസ്റ്റിലെ കോളമിസ്റ്റും അല്‍ അറബ് ചാനലിന്റെ എഡിറ്റര്‍ഇന്‍ ചീഫും ആയിരുന്ന ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സൗദി സംഘത്തിലെ നാല് അംഗങ്ങള്‍ക്ക് അമേരിക്കയില്‍ അര്‍ധസൈനിക പരിശീലനം ലഭിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്.
വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലെ കോളമിസ്റ്റായ ജമാല്‍ ഖഷോഗിയെ 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വച്ചാണ് സൗദി അറേബ്യയില്‍ നിന്നുള്ള സംഘം കൊലപ്പെടുത്തിയത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ വിവാദമാവുകയും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെ പ്രതിക്കൂട്ടിലായതുമായ സംഭവമാണിത്.
അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഭരണകൂടം 2014ല്‍ അധികാരപ്പെടുത്തിയ സ്വകാര്യ സുരക്ഷാ സംഘമായ ടയര്‍ 1 ഗ്രൂപ്പില്‍ നിന്നാണ് കൊലയാളി സംഘത്തിനു പരിശീലനം ലഭിച്ചതത്രേ. ഡൊണാള്‍ഡ് ട്രംപിന്റെ പ്രസിഡന്റ് സ്ഥാനം തുടങ്ങുന്നതുവരെ പരിശീലനം തുടര്‍ന്നുവെന്നാണ് പത്രം പറയുന്നത്.
പെന്റഗണിലെ മുതിര്‍ന്ന തസ്തികയിലേക്ക് അപേക്ഷിച്ചിരുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സെര്‍ബെറസ് ക്യാപിറ്റല്‍ മാനേജ്‌മെന്റിന്റെ മാതൃ കമ്പനിയായ ടയര്‍ 1 ഗ്രൂപ്പിലെ ഒരു ഉന്നത ഉദദ്യോഗസ്ഥന്‍ ട്രംപ് ഭരണകൂടത്തിന് നല്‍കിയ ഒരു രേഖയും ഇതില്‍ ഉദ്ധരിക്കുന്നുണ്ട്. ടയര്‍ 1 ഗ്രൂപ്പ് സൗദി ഏജന്റുമാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ലൂയിസ് ബ്രെമര്‍ എന്നയാളാണ് രേഖാമൂലം സ്ഥിരീകരിക്കുന്നത്.
എന്നാല്‍ പരിശീലനം സ്വാഭ്വാവിക സംരക്ഷണം ആണെന്നും അവരുടെ തുടര്‍ന്നുള്ള ക്രൂരമായ പ്രവര്‍ത്തനങ്ങളുമായി ബന്ധമില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. കൊലയാളി സംഘത്തിലെ നാല് അംഗങ്ങള്‍ക്ക് 2017 ല്‍ പരിശീലനം ലഭിച്ചതായും അവരില്‍ രണ്ടുപേര്‍ 2014 ഒക്ടോബര്‍ മുതല്‍ 2015 ജനുവരി വരെ കോഴ്‌സില്‍ പങ്കെടുത്തിട്ടുണ്ടെന്നും ബ്രെമര്‍ പറഞ്ഞു.
യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എ.എഫ്.പിയുമായി ബന്ധപ്പെട്ടെങ്കിലും അമേരിക്കന്‍ സൈനിക ഉപകരണങ്ങളുടെയും പരിശീലനത്തിന്റെയും ഉപയോഗത്തെ കുറിച്ച് ഇതേക്കുറിച്ച് അഭിപ്രായം പറയാനാവില്ലെന്നുമായിരുന്നു മറുപടി. ഫെബ്രുവരിയില്‍ പുറത്തിറക്കിയ യു.എസ് റിപ്പോര്‍ട്ട് അനുസരിച്ച്, സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ സംരക്ഷണയിലുള്ള ഒരു എലൈറ്റ് യൂനിറ്റിലെ ഏഴ് അംഗങ്ങളാണ് ഖഷോഗിയെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത്.
അതേസമയം, അമേരിക്കയില്‍ പരിശീലനം നേടിയ നാല് ഓപറേറ്റര്‍മാര്‍ ഈ യൂനിറ്റില്‍ നിന്നുള്ളവരാണോ എന്ന് കൃത്യമായി ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കിയിട്ടില്ല. വിവാഹ രേഖകളുടെ ആവശ്യാര്‍ഥം തുര്‍ക്കിയിലെ സൗദി എംബസിയിലെത്തിയ ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തി മൃതദേഹം പെട്ടിയിലാക്കി കടത്തുകയായിരുന്നു.
എന്നാല്‍, മൃതദേഹത്തെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. കൊലപാതകത്തില്‍ ഭരണകൂടത്തിന്റെ പങ്ക് നിഷേധിച്ച സൗദി വിചാരണ നടത്തി അഞ്ച് സൗദി പൗരന്‍മാര്‍ക്ക് വധശിക്ഷയും മൂന്ന് പേര്‍ക്ക് ജയില്‍ ശിക്ഷയും വിധിച്ചെങ്കിലും പിന്നീട് ഇവരുടെ വധശിക്ഷ ഇളവ് ചെയ്തിരുന്നു.