യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസിന് കീഴിൽ നടന്ന് വരുന്ന, അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ നടത്തുന്ന ഏക മലയാള പാഠ്യപദ്ധതിക്ക്, ലോകമെങ്ങുമുള്ള മലയാളി സമൂഹത്തിൻറെ സഹകരണം ലഭ്യമാക്കാൻ ഇന്ത്യ പ്രസ് ക്ലബ് രംഗത്ത്.
ഭാഗീകമായി ഫെഡറൽ ഗവൺമെന്റിന്റേയും, യൂണിവേഴ്സിറ്റിയുടെയും, മലയാള ഭാഷ സ്നേഹികളുടെയും , മറ്റ് സംഭാവനകളുടെയും പിൻബലത്തിലാണ് നിലവിൽ മലയാള പാഠ്യ പദ്ധതി നടന്നുവന്നിരുന്നത് . എന്നാൽ നിലവിലെ പ്രതികൂല സാമ്പത്തിക സ്ഥിതി ഈ പദ്ധതിയുടെ നിലനിൽപിന്നെ തന്നെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പാഠ്യ പദ്ധതി നിലനിർത്താൻ സാമ്പത്തിക സഹായം ലഭ്യമാക്കാനുള്ള പ്രചാരണ പരിപാടികൾ ഏറ്റെടുത്ത് നടപ്പിലാക്കാൻ ഇന്ത്യ പ്രസ് ക്ലബ് തീരുമാനമെടുത്തത് . കേരള നിയമസഭ സ്പീക്കർ എം.ബി രാജേഷും , ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളും യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് ഏഷ്യൻ സ്റ്റഡീസ് സന്ദർശിച്ച വേളയിലാണ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചത് . .
പ്രചാരണപരിപാടികൾക്ക് രൂപം നൽകാൻ ജിജു തോമസ് കുളങ്ങര , ജോർജ് ചെറായിൽ എന്നിവരെ ദേശീയ പ്രവർത്തക സമിതി യോഗം കോർഡിനേറ്റർമാരായി നിയോഗിച്ചതായി ഇന്ത്യ പ്രസ് ക്ലബ് പ്രസിഡണ്ട് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത് ട്രഷറർ ഷിജോ പൗലോസ് എന്നിവർ അറിയിച്ചു . യോഗത്തിൽ പ്രസിഡണ്ട് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ , വൈസ് പ്രസിഡണ്ട് ബിജു സക്കറിയ , ജോ. സെക്രട്ടറി സുധ പ്ളക്കാട്ട് , ജോ. ട്രഷറർ ജോയ് തുമ്പമൺ , ഓഡിറ്റർ ജോർജ് ചെറായിൽ എന്നിവരും സംബന്ധിച്ചു.
പദ്ധതി സംബന്ധിച്ച പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞതായും , വിശദവിവരങ്ങൾ പിന്നീട് അറിയുക്കുന്നതാണെന്നും കോർഡിനേറ്റർസ് അറിയിച്ചു.
വാർത്ത : രാജു പള്ളത്ത്