അനുപമ വെങ്കിടേഷ്
വടക്കേ അമേരിക്കയിലെ മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ അലയുടെ (ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക) സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് ജൂലായ് പത്തിന് തുടക്കമാകും.ആദിവാസി വിഭാഗങ്ങളില്‍ നിന്നും കൂടുതല്‍ കുട്ടികള്‍ക്ക് ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിടാന്‍ പ്രചോദനമാവുമെന്ന പ്രതീക്ഷയിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.മെഡിക്കല്‍, എഞ്ചിനീയറിങ്ങ് എന്നിവയടക്കമുള്ള ബിരുദ കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികളെയാണ് സ്‌കോളര്‍ഷിപ്പിനായി പരിഗണിക്കുന്നത്.
രണ്ടായിരത്തി ഇരുപത്തിയൊന്നില്‍ അല നടത്തുന്ന നാലു പ്രധാന പരിപാടികളില്‍ മൂന്നാമത്തേതാണ് അല സ്‌കോളര്‍ഷിപ്പ്.
ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍മാര്‍, ഐടിഡിപി പ്രോജക്ട് ഓഫീസര്‍മാര്‍, കുടുംബശ്രീ സിഒഒ എന്നിവരുമായി മാസങ്ങളോളംനടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പാലക്കാട്, വയനാട് ജില്ലകളിലെ അമ്പത് വിദ്യാര്‍ഥികളേയാണ് ആദ്യഘട്ട സ്‌കോളര്‍ഷിപ്പിനായിതെരഞ്ഞെടുത്തത്. ഇവരുടെ പേരുകള്‍ ഇതിനകം തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പക്കല്‍ എത്തിച്ചു കഴിഞ്ഞു.
നാലു ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ ലിസ്റ്റാണ് സ്‌കോളര്‍ഷിപ്പിനായി പരിഗണിച്ചത്. പിവിടിജി വിഭാഗത്തിലെ കുട്ടികള്‍ക്കാണ് ആദ്യഘട്ടത്തില്‍ മുന്‍ഗണന കൊടുത്തിരിക്കുന്നത്. രണ്ടാം ഘട്ടത്തിലും അമ്പത് കുട്ടികളെ അല സ്‌കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കും.
കോഴ്‌സ്കഴിയുന്നത് വരെ എല്ലാമാസവും ആയിരത്തിഅഞ്ഞുറ് രൂപ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഡയറക്ട് ഡെപോസിറ്റ് ചെയ്യുംവിധമാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. ഇരുനൂറ്റിയമ്പത് ഡോളര്‍ സംഭാവന നടത്തിയാല്‍ ഒരു വിദ്യാര്‍ഥിയെ ഈ രീതിയില്‍ ഒരുവര്‍ഷത്തേക്ക് സ്‌പോണ്‍സര്‍ ചെയ്യാം.
സ്‌പോണ്‍സര്‍ഷിപ്പിനെ കൂടാതെ മെന്റര്‍ഷിപ്പ് പരിപാടിയും അല മുന്നോട്ട് വെക്കുന്നുണ്ട്. മെന്ററുടേയും വിദ്യാര്‍ഥികളുടേയും താല്‍പര്യംകണക്കിലെടുത്താണ് ഈ പരിപാടി നടപ്പിലാക്കുക. ഇത് പൂര്‍ണമായും ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാകും നടക്കുക. അലസ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ഉദ്ഘാടനത്തിന് മന്ത്രിമാരും സാമൂഹ്യപ്രവര്‍ത്തകരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുക്കും. ഇതോടനുബന്ധിച്ച് കലാപരിപാടികളും അരങ്ങേറും.
സ്‌കോളര്‍ഷിപ്പിന് പുറമേയുള്ള പ്രധാന പദ്ധതികളായ അല കെയര്‍ , അല അക്കാദമി എന്നിവയുടെ പ്രവര്‍ത്തനം ഇപ്പോള്‍വിജയകരമായി നടന്നുവരികയാണ്. അല സ്‌കോളര്‍ഷിപ്പിനോട് സഹകരിക്കാന്‍ താല്‍പര്യമുള്ളവര്‍ അലയുടെ വെബ്‌സൈറ്റോ (https://artloversofamerica.org/) ഫേസ്ബുക്ക് പേജോ (https://www.facebook.com/ArtLoversOfAmerica) സന്ദര്‍ശിക്കുക.