കുടിയേറ്റക്കാര്‍ക്ക് ചുവപ്പു പരവതാനി വിരിച്ച് ലോകജനതയെ സമഭാവനയോടെ ഉള്‍ക്കൊണ്ട് വളര്‍ന്ന് വികസിച്ച് പ്രതാപത്തോടെ കൊടിപാറിക്കുന്ന അമേരിക്കയെന്ന മോഹരാജ്യം സ്വതന്ത്ര്യത്തിന്റെ സംഭവബഹുലമായ 245 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന സുദിനമാണിന്ന്.
അമേരിക്കയില്‍ ജീവിക്കുന്നവരുടെയും ഈ സ്വപ്നഭൂമികയെ ഉള്ളുതുറന്ന് സ്‌നേഹിക്കുന്നവരുടെയും അഭിമാനം ആകാശത്തോളമുയരുന്ന ‘ജൂലൈ ഫോര്‍ത്ത്…’ വന്നണഞ്ഞു. ഈ കൊവിഡ് പ്രതിസന്ധിയിലും നമ്മെ ഹൃദയത്തോട് ഒരുപാട് ചേര്‍ത്ത് നിര്‍ത്തുന്ന അമേരിക്കയുടെ കരുതലിന് മുന്നില്‍ അളവറ്റ ജന്‍മദിന ആശംസകള്‍ നേരുകയാണ്.
ബ്രിട്ടനെതിരായി അമേരിക്കന്‍ ഐക്യനാടുകളുടെ സൈന്യത്തെ നയിച്ച് വിജയം നേടി ‘അമേരിക്കന്‍ സ്വാതന്ത്ര്യ യുദ്ധത്തിന്റെ സര്‍വസൈന്യാധിപന്‍’ എന്ന് ലോകം വാഴ്ത്തിയ പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടണ്‍ മുതല്‍ അമേരിക്കയുടെ 46-ാം പ്രസിഡന്റ് ജോസഫ് റോബിനെറ്റ ജോ ബൈഡെന്‍ ജൂനിയര്‍ എന്ന ജോ ബൈഡന്‍ വരെയുള്ള രാഷ്ട്രതന്ത്രജ്ഞരുടെ ഭരണ മികവിലൂടെ സമസ്ത മേഖലകളിലും കൈയ്യൊപ്പ് ചാര്‍ത്തി തലയെടുപ്പോടെ നിലകൊള്ളുന്ന അമേരിക്കയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരു രാജ്യമില്ല…ദേശപ്പെരുമയില്ല.
ഉത്തര അറ്റ്‌ലാന്റിക് തീരത്തുള്ള 13 ബ്രിട്ടീഷ് കോളനികള്‍, മാതൃരാജ്യമായ ഇംഗ്ലണ്ടിനെതിരായി നടത്തിയ സ്വാതന്ത്ര്യ സമരമാണല്ലോ അമേരിക്കന്‍ വിപ്ലവം. വിപ്ലവപരമായ രാഷ്ട്രീയാശയങ്ങള്‍ അമേരിക്കന്‍ കോളനികളില്‍ കാലക്രമേണ വളര്‍ന്നുവന്നു. അവരുടെ സ്വാതന്ത്ര്യ ബോധം രാഷ്ട്രീയ മണ്ഡലത്തിലും പ്രതിഫലിച്ചു.
സാമ്പത്തിക സാമൂഹിക സ്ഥിതികളും രാഷ്ട്രീയ വിപ്ലവത്തിനു കളമൊരുക്കി. പോരാട്ടങ്ങള്‍ക്കൊടുവില്‍ 1776 ജൂലൈ 4 നാണ് സ്വാതന്ത്ര്യ പ്രഖ്യാപന വിളംബരം കോണ്‍ഗ്രസ് അംഗീകരിച്ചത്. പ്രസ്തുത പത്രികയില്‍ ജനാധിപത്യത്തിന്റെ ചില മൗലിക പ്രമാണങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു.
ഇംഗ്ലീഷുകാര്‍ക്കു മാത്രമല്ല എല്ലാ മനുഷ്യര്‍ക്കും ദൈവദത്തമായ ചില അനുപേക്ഷണീയാവകാശങ്ങളുണ്ട്. ജീവിക്കാനും സ്വാതന്ത്ര്യമനുഭവിക്കാനും ആത്മസുഖത്തിനുവേണ്ടി പ്രവര്‍ത്തിക്കാനുമുള്ള അവകാശങ്ങള്‍ ഇവയില്‍ പ്രധാനമാണ്. എല്ലാ ഭരണകൂടങ്ങളുടെയും ന്യായമായ അധികാരങ്ങള്‍ പ്രജകളില്‍നിന്നു ലഭിക്കുന്നവയാണ്.
അതിനാല്‍ സ്വേച്ഛാധിപത്യ ഭരണത്തെ മറിച്ചിട്ടു ജനസമ്മതമുള്ള ഭരണം സ്ഥാപിക്കാനുള്ള അവകാശം തികച്ചും ന്യായീകരിക്കത്തക്കതാണ്…എന്നിവയാണ് ആ ശ്രദ്ധേയമായ മൗലിക പ്രമാണങ്ങള്‍.
അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഫലങ്ങള്‍ വിവിധങ്ങളും ദൂരവ്യാപകങ്ങളുമായിരുന്നു. അമേരിക്കന്‍ കോളനികള്‍ക്കു പരിപൂര്‍ണ രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. 13 കോളനികളും ഒത്തുചേര്‍ന്ന് ‘യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്’ എന്ന സ്വതന്ത്ര ഫെഡറല്‍ രാഷ്ട്രത്തിനു രൂപം നല്കി. സ്വാതന്ത്ര്യ സമരത്തില്‍ കോളനികള്‍ വിജയിച്ചത് രാജകീയ സ്വേച്ഛാധിപത്യത്തിനും പ്രഭുക്കന്മാരുടെ മേധാവിത്വത്തിനും കനത്ത ആഘാതമായിരുന്നു.
സമത്വം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നിങ്ങനെ അമേരിക്കന്‍ സ്വാതന്ത്ര്യ സമരം ഉയര്‍ത്തിപ്പിടിച്ച മഹത്തായ ആദര്‍ശങ്ങള്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രമല്ല, യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും വ്യാപിച്ച് അവിടെയെല്ലാം ജനകീയ വിപ്ലവങ്ങള്‍ക്കു പ്രേരണ നല്കി. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിനു തന്നെ അമേരിക്കന്‍ സ്വാതന്ത്ര്യ സമരത്തിലെ ആശയങ്ങള്‍ ആവേശം നല്കിയിട്ടുണ്ട് എന്നതും യാഥാര്‍ത്ഥ്യം.
അമേരിക്ക അങ്ങനെ കുടിയേറ്റക്കാരുടെയും ജീവിത സ്വപ്നങ്ങളുടെ സംഗമ ഭൂമികയായി. മലയാളികളുടെ കുടിയേറ്റം അറുപതുകളില്‍ തന്നെ ആരംഭിച്ചുവെങ്കിലും എഴുപതുകളിലാണ് ആ ഒഴുക്കിന് ശക്തിയാര്‍ജിക്കുന്നത്. എണ്‍പതുകളിലും തുടര്‍ന്നും ഒട്ടനേകം മലയാളി കുടുംബങ്ങളുടെ സ്വന്തം നാടായി അമേരിക്കന്‍ ഐക്യനാടുകള്‍ മാറി, ഒപ്പം വിവിധ ഇന്ത്യന്‍ സംസ്ഥാനക്കാരുടെയും. 1990നു ശേഷം അമേരിക്കയിലെത്തുന്ന ഇന്ത്യക്കാരുടെ, വിശേഷിച്ച് മലയാളികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.
അമേരിക്കയുടെ സ്വാതന്ത്ര്യ അന്തരീക്ഷത്തില്‍ കുടിയേറ്റക്കാര്‍, പ്രത്യേകിച്ച് ഇന്ത്യന്‍ സമൂഹം വളരെ വിലപ്പെട്ട നേട്ടങ്ങള്‍ കൊയ്തു. അതിന്റെ ഉദാത്തമായ ഉദാഹരണമാണ് വൈസ് പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുന്ന ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന്റെ അസുലഭ നിയോഗം.
ഇന്ന് പ്രബുദ്ധരായ മലയാളികള്‍ അമേരിക്കന്‍ രാഷ്ട്രീയത്തിലും ഭരണതലത്തിലും മറ്റ് വിവിധ രംഗങ്ങളിലും താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ടെന്നത് നമ്മെ സംബന്ധിച്ചിടത്തോളം അഭിമാനാര്‍ഹമാണ്. ഇന്ത്യയിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പുകളെ ആഘോഷമാക്കുന്ന മലയാളികള്‍ അമേരിക്കന്‍ തെരഞ്ഞടുപ്പുകളെ നെഞ്ചേറ്റുന്നവരുമാണ്.
പല രൂപവും ഭാവവും പ്രവര്‍ത്തന ലക്ഷ്യങ്ങളുമുള്ള സംഘടനകളാല്‍ സമ്പന്നമാണ് ഇന്ന് അമേരിക്കന്‍ മലയാളി സമൂഹം. സാമൂഹിക-സാംസ്‌കാരിക-സാമുദായിക-കായിക സംഘടനകള്‍ക്ക് പുറമെ മാധ്യമ സംഘടനകളും ഇവിടെ കരുത്താര്‍ജിച്ചിരിക്കുന്നു. ഡോക്ടര്‍മാരുടെയും അഭിമാന ഭാജനങ്ങളായ നേഴ്‌സുമാരുടെയും മറ്റും സംഘടനകള്‍ കര്‍മഭൂമിയില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്നു.
ഇവരെല്ലാം ജന്‍മഭൂമിയിലേയ്ക്ക് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പാലം തീര്‍ത്തുകൊണ്ട് അശരണരുടെയും ആലംബഹീനരുടെയും നിര്‍ധനരുടെയും കണ്ണീരൊപ്പുകയും ചെയ്യുന്നു. ഇതിനൊക്കെ കരുത്തുപകരുന്നത് അമേരിക്കയെന്ന രാജ്യത്തിന്റെ അനന്തമായ അവസരങ്ങളും സഹിഷ്ണുതയുമാണ്.
നമ്മെ സ്വീകരിച്ച് സൗഭാഗ്യങ്ങള്‍ തന്ന് പ്രാപ്തരാക്കിയ ഈ രാജ്യത്തോട് നമുക്ക് പ്രതിബദ്ധതയുണ്ട് കടപ്പാടുണ്ട്. മലയാളികള്‍ തങ്ങളുടെ കര്‍മം കൊണ്ടും ധര്‍മം കൊണ്ടും അമേരിക്കയുടെ പൊതുധാരയില്‍ ജീവിക്കുമ്പോള്‍ നാം കൂടുതല്‍ സുരക്ഷിതരാവുകയാണ്. ഈ ജന്‍മദിനത്തില്‍ ‘നേര്‍കാഴ്ച’യും സ്‌നേഹാദരങ്ങളോടെ പങ്കുചേരുന്നു…
”ഹാപ്പി ബെര്‍ത്ത് ഡേ…ഡിയര്‍ അമേരിക്ക…”
സൈമണ്‍ വളാച്ചേരില്‍
(ചീഫ് എഡിറ്റര്‍)