എ.എസ് ശ്രീകുമാര്‍
കണ്ണൂര്‍: ‘സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി’യെന്ന അപൂര്‍വ ജനിതക രോഗം ബാധിച്ച ഒന്നര വയസുകാരന്‍ കുഞ്ഞ് മുഹമ്മദിന്റെ ചികില്‍സയ്ക്കുള്ള 18 കോടി രൂപയുടെ മരുന്നു കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സാക്ഷാല്‍ തമിഴ്‌നാട്ടുകാരന്‍ വസന്ത് നരസിംഹന്‍.
കുഞ്ഞ് മുഹമ്മദിന്റെ ജീവന്‍ നിലനിര്‍ത്താനുള്ള ധനസമാഹരണ യജ്ഞത്തില്‍ സുമനസുകള്‍ കൈകോര്‍ത്തപ്പോള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ചികിത്സയ്ക്കായുള്ള 18 കോടി രൂപ അക്കൗണ്ടിലെത്തിയ വാര്‍ത്ത സന്തോഷത്തോടെയാണ് കേരളം കേട്ടത്. ഇനി മരുന്ന് നാട്ടില്‍ എത്തണം.
എന്നാല്‍ ‘സോള്‍ജെന്‍സ്മ’ എന്ന അതി ഭീമമായ വിലയുള്ള മരുന്ന് ഉല്‍പാദിപ്പിക്കുന്നത് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാസല്‍ ആസ്ഥാനമായുള്ള മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയയായ നൊവാര്‍ട്ടിസ് ഇന്റര്‍നാഷണല്‍ ആണ്. ലോകത്തെ ഏറ്റവും വലിയ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ നൊവാര്‍ട്ടിസിന്റെ സി.ഇ.ഒ ആണ് അമേരിക്കന്‍ ഫിസിഷ്യനായ വസന്ത് നരസിംഹന്‍.
സോള്‍ജെന്‍സ്മയുടെ ഗവേഷണത്തിന് ബല്യണ്‍ കണക്കിന് ഡോളര്‍ ചെലവഴിക്കേണ്ടിവന്നതിനാലാണ് അതിന് ഇത്രയും ഭാരിച്ച വില ഈടാക്കുന്നത്. ഒരു ഡോസിന് 18 കോടി രൂപയാണ് ഈ മരുന്നിന്റെ വില. കുഞ്ഞുമുഹമ്മദിനെ ബാധിച്ച പേശികളെ ക്ഷയിപ്പിക്കുന്ന തരത്തിലുള്ള അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ഭേദമാക്കാന്‍ ഈ മരുന്നിനാവും.
പെന്‍സില്‍വേനിയയിലെ പിറ്റ്‌സ്ബര്‍ഗിലാണ് 1976 ഓഗസ്റ്റ് 26ന് വസന്ത് നരസിംഹന്‍ ജനിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കളായ കളത്തൂര്‍ നരസിംഹനും ഗീത നരസിംഹനും തമിഴ്‌നാട്ടില്‍ നിന്ന് 1970ല്‍ അമേരിക്കയിലേയ്ക്ക് കുടിയേറിയവരാണ്. ഹോഗ്നെസ് കോര്‍പറേഷനില്‍ എക്‌സിക്യൂട്ടീവായിരുന്നു കളത്തൂര്‍ നരസിംഹന്‍. ഗീത നരസിംഹന്‍ പബ്‌ളിക് സര്‍വീസ് ഇലക്ട്രിക് ആന്റ് ഗ്യാസിലെ ന്യൂക്ലിയര്‍ എഞ്ചിനീയറും.
യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയില്‍ നിന്ന് ബയോളജിക്കല്‍ സയല്‍സിലും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ നിന്ന് മെഡിസിനിലും ബിരുദം നേടിയ വസന്ത് നരസിംഹന്‍ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ നിന്ന് മാസ്റ്റര്‍ ബിരുദവും കരസ്ഥമാക്കി. തുടര്‍ന്ന് ബയോഫാര്‍മസ്യൂട്ടിക്കല്‍ ഓങ്കോളജി ഇന്‍ജക്ടബിള്‍സ് സാന്‍ഡോസ് ഇന്റര്‍നാഷണലില്‍ സേവനമനുഷ്ഠിച്ചശേഷമാണ് 2005ല്‍ വസന്ത് നൊവാര്‍ട്ടിസിലെത്തുന്നത്. 2018 മുതല്‍ കമ്പനി സി.ഇ.ഒ ആയി പ്രവര്‍ത്തിക്കുന്നു.
വസന്തിന്റെ പ്രതിവര്‍ഷ ശമ്പളം കേട്ടാല്‍ അമ്പരന്നുപോകും. 84 കോടി അഞ്ച് ലക്ഷത്തി 75,000 രൂപ. അതായത് പ്രതിമാസം ഏഴരക്കോടിയിലധികം രൂപ (11.5 ബില്യണ്‍ യു.എസ് ഡോളര്‍). യു.എസ് നാഷണല്‍ അക്കാദമി ഓഫ് മെഡിസില്‍ അംഗമായ വസന്ത്, ഹാര്‍വാര്‍ഡ് മഡിക്കല്‍ സ്‌കൂള്‍ ബോര്‍ഡ് ഓഫ് പെലോ ആണ്. ബോര്‍ഡ് ഓഫ് ആഫ്രിക്കന്‍ പാര്‍ക്ക്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍ ആന്റ് മാനുഫാക്‌ചേഴ്‌സ് ഓഫ് അമേരിക്ക എന്നിവയിലും വസന്ത് നരസിഹന്റെ സജീവ സാന്നിധ്യമുണ്ട്.
1996ലാണ് നൊവാര്‍ട്ടിസ് ഇന്റര്‍നാഷണല്‍ സ്ഥാപിതമായത്. കമ്പനിയില്‍ ഒരുലക്ഷത്തി പതിനായിരത്തിലേറെ ജോലിക്കാരുണ്ട്. ഹാര്‍വാര്‍ഡിലെ ഒരു ഏഷ്യന്‍ കള്‍ച്ചറല്‍ ഫെസ്റ്റിവലില്‍ വച്ച് പരിചയപ്പെട്ട സൃഷി ഗുപ്തയാണ് വസന്തിന്റെ ജീവിതസഖിയായത്. 2003ലായിരുന്നു വിവാഹം. രണ്ട് മക്കള്‍ക്കൊപ്പം ഇവര്‍ സ്വിറ്റ്‌സര്‍ലാന്‍ഡിലെ ബാസലില്‍ താമസിക്കുന്നു.