വര്‍ഗീസ് ജേക്കബ്, കൈരളി പ്രസിഡന്റ്
ഫ്‌ളോറിഡ: സ്ഥാപിത താല്‍പ്പര്യത്തിനായി സ്വന്തം പേരില്‍ പുതുതായി സംഘടനയുണ്ടാക്കിയ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ലോറിഡ മുന്‍ ഭാരവാഹിയും അംഗവുമായ ജേക്കബ് പടവത്തിലിനെ സംഘടനയില്‍ നിന്നും പുറത്താക്കിയതായി കൈരളി ആര്‍ട്‌സ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
കൈരളി ആര്‍ട്‌സ് ക്ലബ്ബില്‍ അംഗമായിരിക്കെ സ്വന്തം സ്ഥാന ലബ്ദിക്കുവേണ്ടി സ്വന്തം കുടുംബാംഗങ്ങളെ ഉള്‍പ്പെടുത്തി മറ്റൊരു സംഘടനയുണ്ടാക്കി വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു ജേക്കബ് പടവത്തില്‍ എന്നും തുടര്‍ച്ചയായി സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ജേക്കബ് പടവത്തില്‍ സംഘടനയെ പ്രതിനിധീകരിക്കുന്നില്ലെന്നും കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡണ്ട് വര്‍ഗീസ് ജേക്കബ്, സെക്രട്ടറി ഡോ. മഞ്ചു സാമുവേല്‍, ട്രഷറര്‍ ജോര്‍ജ് മാത്യു, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് സാമുവല്‍ എന്നിവര്‍ വ്യക്തമാക്കി.
ഫൊക്കാനയുടെ ഫ്‌ലോറിഡ റീജിയണല്‍ വൈസ് പ്രസിഡണ്ട് ആയി നാമനിര്‍ദ്ദേശപത്രിക നല്‍കി തെരെഞ്ഞെടുക്കപ്പെട്ട അദ്ദേഹം ഏതാനും മാസങ്ങള്‍ പ്രവര്‍ത്തിച്ച ശേഷം രാജി വച്ച് ഫൊക്കാനയില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്ന ഒരുകൂട്ടം ആളുകള്‍ ചേര്‍ന്ന് സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
ജേക്കബ് പടവത്തില്‍ ആര്‍.വി.പി. സ്ഥാനം ഒഴിഞ്ഞത് സമാന്തര സംഘടനയുമായി പ്രവര്‍ത്തിക്കാനാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പ്രാഥമികാംഗത്വത്തില്‍ നിന്നും നീക്കം ചെയ്യാന്‍ തീരുമാനിച്ചതെന്ന് കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ലോറിഡ ഭാരവാഹികള്‍ വ്യക്തമാക്കി.
നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് അദ്ദേഹത്തിന് നല്‍കിയിരുന്നു. ശ്രി. ജേക്കബ് പടവത്തില്‍ കൈരളി ആര്ട്‌സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ഒരു കേന്ദ്ര സംഘടനയിലേക്കും ഡെലിഗേറ്റ് അല്ല.
തനിക്കു ഡെലിഗേറ്റ് ആയി പോകുവാന്‍ ഫ്‌ളോറിഡയിലെ ഒരു സംഘടനയും
അനുമതി നല്‍കില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് സ്വന്തമായി പുതിയ ഒരു സംഘടനയുണ്ടാക്കിയതെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.