സ്വന്തം ലേഖകൻ
ന്യൂജേഴ്‌സി: ഫൊക്കാനയുടെ അംഗസംഘടനകൾക്കിടയിലും അമേരിക്കയിലും കാനഡയിലും നാട്ടിലുമുള്ള മലയാളികൾക്കിടയിലും തെറ്റിദ്ധാരണ പരത്തും വിധം വ്യാജ വാർത്തകൾ പടച്ചുവിടുന്ന കള്ള നാണയങ്ങളെ തിരിച്ചറിയണമെന്ന് ഫൊക്കാന ഭാരവാഹികൾ പത്രസമ്മേളനത്തിൽ അഭ്യർത്ഥിച്ചു.
ഐ.പി.സി.എൻ.എ ന്യൂയോർക്ക് ചാപ്പ്റ്ററിന്റെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച്ച രാത്രി വെർച്ച്വൽ ആയി നടത്തിയ പ്രസ് മീറ്റിൽ ഫൊക്കാനയുടെ പേരിൽ വിമത സംഘടനയുണ്ടാക്കിയ ചില വ്യക്തികളുടെയും അവർ തട്ടിക്കൂട്ടിയുണ്ടാക്കിയ പ്രാദേശിക സംഘടനകളുടെയും തട്ടിപ്പ് കഥകൾ തെളിവ് സഹിതമാണ് ഫൊക്കാനയുടെ ഔദ്യോഗിക ഭാരവാഹികൾ വെളിച്ചത്തു കൊണ്ടുവന്നത്.
ഫൊക്കാന എന്ന പേരില്‍ ഏതാനും പേര്‍ ന്യൂയോര്‍ക്കില്‍ നടത്തിയ കൺവെൻഷനോ , അവര്‍ തെരഞ്ഞെടുത്ത ഭാരവാഹികള്‍ക്കോ നിയമസാധുതയോ, യഥാര്‍ത്ഥ സംഘടനയുമായി എന്തെങ്കിലും ബന്ധമോ ഇല്ലെന്നും ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പത്രസമ്മേളനത്തില്‍ അസന്നിഗ്ധമായി വ്യക്തമാക്കി.
ജോർജി വർഗീസ് – സജിമോൻ ആന്റണി ടീം അധികാരമേറ്റ നാൾ മുതൽ ഔദ്യോഗിക നേതൃത്വത്തിനെതിരെ പടപ്പുറപ്പാട് നടത്തിയ ഈ വിഘടിത സംഘടനയിൽപെട്ടവർ ഫൊക്കാനയുടെ പുതിയ നേതൃത്വം അധികാരമേറ്റ് ഒരു വർഷം പിന്നിടുമ്പോൾ ആൾബലവും സംഘടന പിന്തുണയും നഷ്ട്ടപ്പെട്ട് ശോഷിച്ച അവസ്ഥയിലായിരിക്കുകയായിരുന്നു. ഇതിനിടെ ജൂലൈ 31 ന് ന്യൂയോർക്കിലെ ലഗ്വാഡിയയിലുള്ള ഒരു ഹോട്ടലിൽ ഏകദിന കൺവെൻഷൻ എന്ന പേരിൽ ജനറൽ ബോഡി യോഗം വിളിക്കുകയും ചെയ്തു.
ഫ്ലോറിഡയിൽ നിന്നുള്ള ജേക്കബ് പടവത്തിൽ പ്രസിഡണ്ട് , ചിക്കാഗോയിൽ നിന്ന് വർഗീസ് പാലമല സെക്രെട്ടറി, ഫ്ലോറിഡയിൽ നിന്നു തന്നെ എബ്രഹാം കളത്തിൽ ട്രഷറർ, ന്യൂജേഴ്‌സിയിൽ ഡോ . സുജ ജോസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ആയും തെരഞ്ഞെടുക്കപ്പെട്ടു എന്ന വസ്തുത വിരുദ്ധമായ വാർത്തകൾ നൽകി അമേരിക്കൻ മലയാളികൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ട്ടിച്ചു. ഫൊക്കാനയുടെ അംഗസംഘടനകൾക്കിടയിലും നല്ലവരായ അഭ്യുദയാകാംക്ഷികൾക്കിടയിലും തെറ്റിദ്ധാരണയുളവാക്കുന്ന വാർത്തയായിരുന്നു ഇതെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് പറഞ്ഞു.
ഫൊക്കാനയുമായോ ഫൊക്കാനയുടെ അംഗ സംഘടനകളുമായോ യാതൊരു വിധ ബന്ധവും ഇല്ലാത്ത ഇക്കൂട്ടർ തുടർച്ചയായി ഫൊക്കാനയുടെ ലോഗോയും ദുരുപയോഗം ചെയ്തു വരികയാന്നെന്ന് ജോർജി വർഗീസ് ആരോപിച്ചു..
യഥാർത്ഥ ഫൊക്കാന തങ്ങളുടേതാണെന്ന് അവകാശവാദമുന്നയിക്കുന്ന അവർ ഫൊക്കാനയുടെ ഭരണഘടനയുടെ അന്തഃസത്ത കളഞ്ഞുകുളിച്ച് തികച്ചും നിയമ വിരുദ്ധവും ഭരണഘടനയെ നഗ്നമായി ദുരുപയോഗം ചെയ്യുകയുമായിരുന്നുവെന്ന് ഫൊക്കാന സെക്രട്ടറി സജിമോൻ ആന്റണി ആരോപിച്ചു. സ്വന്തം പേരിലും ഭാര്യ,മക്കൾ, മരുമക്കൾ തുടങ്ങിയ കുടുംബാംഗങ്ങളുടെ പേരിലും ഒന്നിലധികം തട്ടിക്കൂട്ട് സംഘടനകൾ രെജിസ്റ്റർ ചെയ്ത് ഫൊക്കാനയുടെ ഭരണഘടന അനുശാസിക്കുന്ന യാതൊരു ചട്ടങ്ങളും പാലിക്കാതെയാണ് സ്ഥാപിത താൽപ്പര്യത്തിനായി ജേക്കബ് പാടവത്തിലും കൂട്ടാളികളും ചെയ്തതെന്ന് ജോർജി വർഗീസ് പറഞ്ഞു.
ഫ്ലോറിഡയിൽ നിന്ന് ജേക്കബ് പടവത്തിൽ മൂന്ന് വ്യാജ സംഘടനകൾ ഉണ്ടാക്കിയപ്പോൾ ന്യൂജേഴ്‌സിയിൽ നിന്ന് കൈരളി ആർട്സ് ക്ലബ് ഓഫ് ന്യൂജേഴ്‌സി എന്ന പേരിൽ ഡോ. സുജ ജോസും മറ്റൊരു തട്ടിക്കൂട്ടു സംഘടനയുണ്ടാക്കി. സുജയുടെ ഭർത്താവ് ജോസ് ജോയി, മകൻ ഷെറിൻ ജോയി എന്നിവരാണ് ഈ സഘടനയിലെ ബോർഡ്ർ ഓഫ് ട്രസ്റ്റി മെമ്പർമാർ . ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രമാണ് ഇങ്ങനെയൊരു സംഘടനയുണ്ടാക്കിയതെന്ന് തെളിവുകൾ സഹിതം സെക്രട്ടറി സജിമോൻ ആന്റണി വ്യക്തമാക്കി.
1983 ലെ സ്ഥാപക പ്രസിഡണ്ട് ഡോ. അനിരുദ്ധൻ ഉൾപ്പെടെ ഒരാൾ ഒഴികെ എല്ലാ പ്രസിഡന്റുമാരുടെയും അനുഗ്രഹാശംസകളോടെയുമാണ് ഫൊക്കാനയുടെ പ്രവർത്തനങ്ങൾ ഇപ്പോൾ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നതെന്നും സജിമോൻ കൂട്ടിച്ചേർത്തു.
ഫൊക്കാന ഒന്നേയുള്ളുവെന്ന് ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി. 2020 ജൂലൈ 28 ന് അന്നത്തെ ട്രസ്റ്റി ബോർഡ് ചെയർമാൻ ഡോ. മാമ്മൻ സി. ജേക്കബിന്റെ സാന്നിധ്യത്തിൽ നിയമപരമായി നടന്ന തെരെഞ്ഞെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെട്ടവരാണ് ജോർജി- സജിമോൻ നേതൃത്വം നൽകി വരുന്ന ഫൊക്കാനയുടെ ഭരണ സമിതി. ഫൊക്കാന inc എന്ന പേര് ഉപയോഗിക്കാൻ അർഹതയുള്ള മറ്റൊരു സംഘടനയില്ല. ഫൊക്കാന ഇതേവരെ 18 കണ്‍വന്‍ഷനുകള്‍ നടത്തി. 19-ത്തേതാണ് 2022 -ൽ ഓര്‍ലാന്റോയില്‍ നടക്കുക. കഴിഞ്ഞ വര്ഷം തെരഞ്ഞെടുപ്പ് നടത്തിയത് തികച്ചും സുതാര്യവും നിയമ വിധേയവുമായാണ്- ഫിലിപ്പ് വ്യക്തമാക്കി.
ആ തെരഞ്ഞെടുപ്പിനെതിരേ കേസ് കൊടുത്തിരുന്നവര്‍ പലരും പിന്‍വാങ്ങി. ക്വീന്‍സ് കൗണ്ടി കോടതിയിലെ കേസില്‍ നിന്ന് ലീല മാരേട്ട് ആദ്യം പിന്‍വാങ്ങി. മറ്റൊരു കക്ഷിയായ അലക്‌സ് തോമസും വൈകാതെ പിന്മാറും.വിമത സംഘടനക്ക് ഒപ്പം നിന്ന് പ്രവർത്തിച്ച അലക്സിനെയും ഭാര്യ ലൈസിയെയും വിമത നേതാക്കന്മാർ കാര്യ സാധ്യത്തിനായി ഉപയോഗിക്കുന്നു എന്ന് മനസിലാക്കിയ അവർ പൂർണമായും വിമത സംഘടനാ പ്രവർത്തനം നടത്തുന്ന വിഭാഗത്തിൽ അകന്നു കഴിയുകയാണ്. കേസിൽ കക്ഷിയായി അവശേഷിക്കുന്നത് ഒരാള്‍ മാത്രമാണ്‌ണ്ടാകുക.
ഫൊക്കാനയിൽ പലവട്ടം അച്ചടക്ക നടപടികൾ നേരിടേണ്ടി വരികയും അടുത്ത കാലത്തൊന്നും തന്നെ യാതൊരു പദവികളും വഹിക്കാത്ത ജോസഫ് കുരിയാപുറമാണ് കേസിൽ അവശേഷിക്കുന്ന കക്ഷി. ഫൊക്കാനയ്ക്ക്തിരെ പലതവണ നിയമനടപടിയുമായി കോടതി കയറിയിട്ടുള്ള ജോസഫ് കുരിയാപുറം ഫൊക്കാനയ്ക്ക് കോടതി നടപടികൾ നിരവധി ബാധ്യതകൾ വരുത്തിയ ആളാണ്.
ഈ കേസിന്റെ വിധി വരാൻ വർഷങ്ങൾ തന്നെ വേണ്ടി വന്നേക്കാം. നാലു വർഷം മുൻപ് മാധവൻ ബി. നായർക്കെതിരെ ജോസഫ് കുരിയാപുറം നൽകിയ കേസ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കേസിന്റെ വിധി അനുകൂലമായി തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ പോലും ഫൊക്കാനയെ ഇത് യാതൊരു വിധത്തിലും ബാധിക്കുന്നില്ല എന്നും പ്രസിഡണ്ട് ജോർജി വർഗീസ് വ്യക്തമാക്കി.
അധികാര ഭ്രാന്തുമൂലം സ്വന്തം കുടുംബാംഗങ്ങളുടെ പേരിൽ പോലും വ്യാജ സംഘടനകൾ ഉണ്ടാക്കി വിമത വിഭാഗത്തിൽ അധികാര കസേര കൈയ്യാളിയ ഫ്ലോറിഡയിൽ നിന്നുള്ള വ്യാജന്മാരെ ഫ്‌ളോറിഡയിലെ ഒരു അസോസിയേഷനിൽ നിന്നു പോലും പ്രതിനിധിയാകാൻ കഴിയാത്തവരാണെന്ന് ഫൊക്കാന ട്രഷറർ സണ്ണി മറ്റമന പറഞ്ഞു . ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയാനുള്ള വിവേകം മാധ്യമ പ്രവർത്തകർക്കുണ്ട്. ഇത്തരക്കാരുടെ പൊള്ളത്തരങ്ങൾ പൊതുജന മധ്യത്തിൽ കൊണ്ടുവരാനുള്ള ഉത്തരവാദിത്വവും മാധ്യമങ്ങൾ കാണിക്കണമെന്ന് സണ്ണി അഭ്യർത്ഥിച്ചു.
ഇത്രയധികം സംഘടനകളും അംഗങ്ങളുടെയും പിന്തുണയോടെ നിരവധി ജനോപകാരപ്രദമായ പ്രവർത്തനങ്ങൾ നടത്തി വരുന്ന തങ്ങളുടെ ടീമിന് മുൻപിൽ ഇത്തരം കോമാളിത്തരങ്ങളൊന്നും വിലപ്പോവില്ല. അധികാരമേറ്റ നാൾ മുതൽ ഇന്നു വരെ 47 പരിപാടികൾ വിജയകരമായി നടപ്പിലാക്കിയത് അമേരിക്കൻ -കനേഡിയൻ മലയാളികൾ തങ്ങളിൽ അർപ്പിച്ച വിശ്വാസം ഒന്നുകൊണ്ടു മാത്രമെന്നും പ്രവർത്തിക്കുക മാത്രമാണ് തങ്ങളുടെ മുൻപിലുള്ള ലക്ഷ്യമെന്നും ഫൊക്കാന നേതാക്കൾ ഒന്നടങ്കം പ്രഖ്യാപിച്ചു.
ഒരു കേസിന്റെ പേര് പറഞ്ഞ് സംഘടനയെ ഫൊക്കാന എന്നു സ്വയം വിശേഷിപ്പിക്കുന്നതും അത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും ഏറെ ഖേദകരമാണ്. സ്ഥാപിതമായിട്ട് ഒരു വര്‍ഷംപോലും ആകാത്ത സംഘടനയില്‍ നിന്നാണ് രാജന്‍ പടവത്തിലും ഏബ്രഹാം കളത്തിലും ഡെലിഗേറ്റ് ആയി നോമിനേറ്റ് ചെയ്യപ്പെട്ടത്. അതിനു യാതൊരു സാധുതയുമില്ല. ഫൊക്കാനയിലെ ഒരു സംഘടനയും വിമത വിഭാഗത്തിനൊപ്പം പോയിട്ടില്ല.
പമ്പ, മേള, സ്റ്റാറ്റന്‍ഐലന്റിലെ ഒരു അസോസിയേഷന്‍ എന്നിവ ഫൊക്കാനയില്‍ അംഗത്വം പുതുക്കിയിട്ടുമില്ല. അതുകൊണ്ട് അവർ ഫൊക്കാനയുടെ ഭാഗമേ ആയിരുന്നില്ല. മഹത്തായ ഒരു പ്രസ്ഥാനത്തിനെ താറടിച്ച് കാണിക്കാനുള്ള ഏതാനും പേരുടെ കസേര മോഹത്തിന് മാധ്യമങ്ങള്‍ കൂട്ടുനില്‍ക്കരുത്. വിമത വിഭാഗത്തില്‍ ആകെ പത്തോ പതിനഞ്ചോ പേര്‍ മാത്രമാണുള്ളത്. അവരാകട്ടെ ജനങ്ങളുമായി യാതൊരു ബന്ധമില്ലാത്തവരും.
ജോര്‍ജി- സജിമോന്‍ ടീം വലിയ കാര്യങ്ങള്‍ ഇതിനോടകം ചെയ്തു. യുവാക്കള്‍ക്ക് 21 ദിവസത്തെ ക്യാമ്പ്. 100 കുട്ടികളെ ഉള്‍പ്പെടുത്തി മലയാളം പഠനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 10 ലക്ഷം രൂപ നല്കിയതിനപ്പുറം ഒരു കോടി രൂപയിൽ പരം വിലമതിക്കുന്ന ജീവൻ രക്ഷാ ഉപകരണങ്ങളും നാട്ടിലേക്ക് കയറ്റി അയച്ചു. വനിതാ ഫോറം ചെയര്‍ കലാ ഷഹിയുടെ നേതൃത്വത്തില്‍ 150 സ്ത്രീകളെ ഉള്‍പ്പെടുത്തിയുള്ള പ്രോഗ്രാം വന്‍ വിജയമായി.
എതിര്‍ വിഭാഗത്തിന്റെ സെക്രട്ടറിക്ക് മിഡ് വെസ്റ്റില്‍ പിന്‍ബലമില്ലെന്നു എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജയ്ബു മാത്യു കുളങ്ങര ചൂണ്ടിക്കാട്ടി. സംഘടനാ പ്രസിഡന്റിന്റെ കയ്യിൽ നിന്ന് കത്ത് വാങ്ങിയത് എന്തിനെന്ന് അറിയില്ലെന്നാണ് പ്രസിഡന്റ് പറഞ്ഞത്. ഹൂസ്റ്റണിലെ സംഘടനകളില്‍ നിന്ന് ഒരു ഡെലിഗേറ്റിനേയും അയച്ചിട്ടില്ലെന്ന് ഏബ്രഹാം ഈപ്പന്‍ പറഞ്ഞു. വിമൻസ് ഫോറം ചെയർ പേഴ്സൺ ആയ ആൾ ഹ്യൂസ്റ്റണിലാണ് താമസിക്കുന്നതെന്ന് മാധ്യമങ്ങളിലൂടെ അറിയാൻ കഴിഞ്ഞു.
കൂടുതൽ അനേഷിച്ചപ്പോൾ ഇവർ ന്യൂയോർക്കിൽ നിന്നാണ് ഡെലിഗേറ്റ് ആയതെന്ന് അറിഞ്ഞു. ഹൂസ്റ്റണിൽ താമസിക്കുന്ന ആൾ ന്യൂയോർക്കിൽ നിന്ന് ഡെലിഗേറ്റ് ആയി വന്നു എന്നത് ഏറെ കൗതുകകരമാണ്. ഇങ്ങനെ ഒരാൾ ടെക്സസ് റീജിയന്റെ കീഴിലുള്ള ഒരു സഘടനയിൽ നിന്നു പോലും ഡെലിഗേറ്റ് അല്ല. മാത്രമല്ല ഇക്കാലമത്രയും ഒരു സംഘടന നേതാക്കളും ഇവരെക്കുറിച്ച് കേട്ടിട്ടുപ്പോലുമില്ല. – എബ്രഹാം ഈപ്പൻ കൂട്ടിച്ചേർത്തു.
ന്യൂയോര്‍ക്കിലും ഒരു സംഘടനയും പോയിട്ടില്ലെന്ന് വിമത വിഭാഗത്തിലേക്ക് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു. ഇത്തരം വ്യാജ സംഘടനകളെക്കുറിച്ച് വാർത്തകൾ എഴുതുമ്പോൾ വാർത്തയുടെ നിജസ്ഥിതി മനസിലാക്കി വേണം അവ കൈകാര്യം ചെയ്യേണ്ടതെന്നും പോൾ പറഞ്ഞു. വിമത വിഭാഗത്തിനൊപ്പം നിന്ന് നേതാവാകാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നു ലീലാ മാരേട്ട് പറഞ്ഞു.
അംഗ സംഘടനകളുള്ള ഫൊക്കാനയിലെ നേതൃത്വത്തിനേ പ്രസക്തിയുള്ളൂ. താൻ അകന്നു നിന്നപ്പോഴും മനസ് യഥാർത്ഥ ഫൊക്കാനയ്ക്ക് ഒപ്പമായിരുന്നു. ഞാൻ പ്രസിഡണ്ട് ആവുകയാണെങ്കിൽ യഥാർത്ഥ ഫൊക്കാനയിൽ നിന്ന് മാത്രമായിരിക്കും.- ലീല കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഇലക്ഷന്‍ ശരിയായല്ല നടത്തിയത് എന്നു പറഞ്ഞാണ് കേസിനു പോയതെന്നു മുന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി. ജേക്കബ് ചൂണ്ടിക്കാട്ടി. പക്ഷെ വിമത വിഭാഗം നടത്തിയ ഇലക്ഷന് അംഗങ്ങൾക്ക് നോട്ടീസ് കൊടുത്തിട്ടില്ല. ക്വീൻസിൽ കേസ് എതിരായി വന്നാല്‍കൂടി വീണ്ടും ഇലക്ഷന്‍ നടത്താനായിരിക്കും പറയുക. അതു നടത്തേണ്ടതും താന്‍തന്നെ ആയിരിക്കും-മാമ്മൻ സി ജേക്കബ് പറഞ്ഞു.
വാഷിംഗ്ടണ്‍ ഡിസിയില്‍ ഒരു സംഘടനയും എതിര്‍ വിഭാഗത്തിനെ തുണയ്ക്കുന്നില്ലെന്ന് ഡോ. കലാ ഷാഹി പറഞ്ഞു. വാഷിംഗ്‌ടൺ ഡി.സി. മേഖലയിൽ നിന്ന് പല സംഘടകളെയും അടർത്തി മാറ്റാൻ വിമത വിഭാഗക്കാർ കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരാൾ പോലും പോകാൻ തയാറായില്ല. 150 പരം വരുന്ന വുമൺ ഫോറം കമ്മിറ്റിയിലെ പലരെയും മോഹനവാഗ്ദാനങ്ങളുമായി അവർ സമീപിച്ചെങ്കിലും യഥാർത്ഥ ഫൊക്കാനയോടൊപ്പം നിൽക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞു അവർ വാഗ്ദാനങ്ങൾ തിരസ്കരിച്ചു.- കല ഷഹി വ്യ്കതമാക്കി.
കേസ് തുടരുമ്പോൾ ഇലക്ഷന്‍ നടത്തിയത് കോടതി അലക്ഷ്യമാണെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു. മേരിലാന്‍ഡില്‍ കേസ് തള്ളിയത് ജൂറിസ്ഡിക്ഷന്‍ പ്രശ്‌നത്തിലാണ്. ഫോമ പിളര്‍ന്ന സമയത്ത് കേസിന്റെ സൗകര്യത്തിനാണ് ഫൊക്കാന മേരിലാന്‍ഡില്‍ ഇന്‍ കോര്‍പറേറ്റ് ചെയ്തത്. അതു കേസിനുവേണ്ടി ചെയ്തതാണ്. അല്ലാതെ 1983 മുതലുള്ള രജിസ്‌ട്രേഷന്‍ ഉപേക്ഷിച്ചതല്ല. ഫൊക്കാന എന്ന പേരിലെ ഒരക്ഷരം പോലും വിട്ടുകൊടുക്കുന്ന പ്രശ്നമില്ല- ഫിലിപ്പോസ് ഫിലിപ്പ് വ്യക്തമാക്കി.
കേസിനു ഒരു മെറിറ്റും ഇല്ലെന്നു ജോര്‍ജി വര്‍ഗീസ് പറഞ്ഞു. വെറുതെ സമയവും പണവും കളയാമെന്നു മാത്രം. അതേസമയം അനുരഞ്ജനത്തിന്റെ പാത തുറന്നുകിടക്കുന്നു. ഫൊക്കാനയുടെ വാതിലുകള്‍ തുറന്നു കിടക്കുന്നു. ഫൊക്കാനയുടെ പേരും ലോഗോയും പേറ്റന്റ് ചെയ്യാനുള്ള മുൻ സെക്രട്ടറി ബോബി ജേക്കബിന്റെ അപേക്ഷയ്‌ക്കെതിരേയും പരാതി നല്‍കിയിട്ടുണ്ട്.
കേസിന്റെ വിധി എങ്ങനെ ആയാലും അംഗ സംഘടനകളും ജനങ്ങളും തങ്ങളുടെ പക്ഷത്തുള്ളടിത്തോളം കാലം അതേപ്പറ്റി ആകുലതകളൊന്നുമില്ലെന്ന് പോള്‍ കറുകപ്പള്ളില്‍ പറഞ്ഞു.
എല്ലാവരുടേയും വാര്‍ത്തകള്‍ കൊടുക്കുക എന്നതാണ് പല മാധ്യമങ്ങളും ചെയ്യുന്നതെന്ന് ചില മാധ്യമ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. ജനപിന്തുണയുള്ള സംഘടന നിലനില്‍ക്കും. വാര്‍ത്ത വന്നതുകൊണ്ട് ഒരു സംഘനടയും വളരാനോ തളരാനോ പോകുന്നില്ല. ഇതു വായിക്കുന്ന ജനം വിഡ്ഢികളൊന്നുമല്ല. – പല മാധ്യമ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
വൈസ് പ്രസിഡണ്ട് തോമസ് തോമസ്, അസോസിറ്റ് സെക്രെട്ടറി ഡോ.മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജ്, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ, നാഷണൽ കമ്മിറ്റി അംഗം ജോയി ഇട്ടൻ തുടങ്ങിയവരും സംസാരിച്ചു. സെക്രെട്ടറി സജിമോൻ ആന്റണി സ്വാഗതവും ട്രസ്റ്റി ബോർഡ് സെക്രെട്ടറി സജി പോത്തൻ നന്ദിയും പറഞ്ഞു.
മാധ്യമ പ്രവര്‍ത്തകന്‍ സജില്‍ ജോര്‍ജിന്റെ നിര്യാണത്തില്‍ ജോര്‍ജി വര്‍ഗീസ് അനുശോചനം അറിയിക്കുകയും ചെയ്തു.
പ്രസ് ക്ലബ് അംഗങ്ങളായ സുനില്‍ ട്രൈസ്റ്റാര്‍, ജോര്‍ജ് ജോസഫ്, റെജി ജോര്‍ജ്, ഫ്രാന്‍സീസ് തടത്തില്‍, സജി ഏബ്രഹാം, മധു രാജന്‍, ജോസ് കാടാപ്പുറം തുടങ്ങിയവര്‍ പങ്കെടുത്തു.