പി.പി. ചെറിയാന്‍
വാഷിങ്ടന്‍ ഡിസി: അമേരിക്കയിലെ വിദ്യാര്‍ഥികള്‍ അവരുടെ തുടര്‍പഠനത്തിനാവശ്യമായ സ്റ്റുഡന്റ് ലോണ്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ ജനുവരി 30 വരെ തല്‍ക്കാലം തിരിച്ചടയ്‌ക്കേണ്ടന്ന് ബൈഡന്‍ ഭരണകൂടം തീരുമാനിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഈ ഉത്തരവ് താല്‍ക്കാലിക ആശ്വാസമാണ്. അമേരിക്കയിലെ 42 മില്യണ്‍ വിദ്യാര്‍ഥികള്‍ 2022 ഫെബ്രുവരിയില്‍ മാത്രം ലോണ്‍ പെയ്‌മെന്റ് തിരിച്ചടച്ചാല്‍ മതിയാകുമെന്ന് വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
ഭൂരിപക്ഷം വിദ്യാര്‍ഥികളും അവരുടെ ലോണ്‍ തിരിച്ചടക്കുന്നതിന് തയാറായിട്ടില്ലെന്ന് പ്യു ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ സര്‍വ്വേ ചൂണ്ടികാണിക്കുന്നു. കോവിഡ് പ്രതിസന്ധിയാണ് ലോണ്‍ തിരിച്ചടക്കുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ പിന്‍തിരിപ്പിച്ചത്.
2020 മാര്‍ച്ച് മുതലാണ് ലോണ്‍ തിരിച്ചടക്കുന്നതില്‍ നിന്നും വിദ്യാര്‍ഥികളെ ഒഴിവാക്കിയിരുന്നത്. അതേസമയം, അവര്‍ എടുത്ത ലോണിന് കൂട്ടുപലിശ ഉണ്ടായിരിക്കുകയില്ലെന്നും പഴയ ഉത്തരവില്‍ ചൂണ്ടികാണിച്ചിരുന്നു.
ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നും പ്രത്യേകിച്ചു ബെര്‍ണി സാന്റേഴ്‌സ് ഉള്‍പ്പെടെയുള്ള നിരവധി സെനറ്റര്‍മാര്‍ വിദ്യാര്‍ഥികളുടെ ലോണിനു മൊറൊട്ടോറിയം പ്രഖ്യാപിക്കുമെന്ന ശക്തമായ സമ്മര്‍ദം ബൈഡനു മേല്‍ ചുമത്തിയിരുന്നു.
ജനുവരി വരെ നീട്ടിയത് അവസാന അവസരമാണെന്നും ഇനി അവധി നീട്ടി കൊടുക്കുവാനാകില്ലെന്നും വൈറ്റ് ഹൗസ് വെളിപ്പെടുത്തി. 1.7 ട്രില്യണ്‍ ഡോളറാണ് അമേരിക്കന്‍ ഖജനാവില്‍ നിന്നും സ്റ്റുഡന്റ് ലോണായി ഇതുവരെ നല്‍കിയിരിക്കുന്നത്.