Saturday, July 27, 2024

HomeAmericaആദ്യഫല പെരുന്നാളില്‍ ചരിത്ര നേട്ടവുമായി ട്രിനിറ്റി മാര്‍ത്തോമ ഇടവക

ആദ്യഫല പെരുന്നാളില്‍ ചരിത്ര നേട്ടവുമായി ട്രിനിറ്റി മാര്‍ത്തോമ ഇടവക

spot_img
spot_img

ഹൂസ്റ്റണ്‍: മലയാളിയുടെ കാര്‍ഷിക വിളകളോടുള്ള അടങ്ങാത്ത സ്നേഹം പ്രകടിപ്പിച്ചു കൊണ്ട് ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ ഈ വര്‍ഷത്തെ ഹാര്‍വെസ്‌റ് ഫെസ്റ്റിവല്‍ അനുഗ്രഹീതമായി നടത്തപ്പെട്ടു. ബൈബിളിലെ പഴയനിയമ കാലത്ത് ആണ്ടുതോറും നടത്തിവന്നിരുന്ന കൊയ്ത്തുത്സവത്തിന്റെ നല്ല ഓര്‍മകളെ തൊട്ടുണര്‍ത്തുന്നതായിരുന്നു ട്രിനിറ്റി ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍.

തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്ന് ലഭിച്ച ആദ്യ കായ്ഫലങ്ങളുടെ ഒരംശം വിശ്വാസികള്‍ ദൈവസന്നിധിയില്‍ സമര്‍പ്പിക്കുന്ന പതിവ് പഴയനിയമ കാലം മുതല്‍ തന്നെ ഉണ്ടായിരുന്നു. ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തത്തിലൂടെ ഈ വര്‍ഷം ഇടവകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തുക ഏകദേശം 70,000 ഡോളര്‍ (ഏകദേശം 51 ലക്ഷം രൂപ) സമാഹരിക്കാന്‍ സാധിച്ചു.

400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയിലെ എല്ലാ കുടുംബങ്ങളും ആവേശത്തിന്റെ പാരമ്യത്തിലാണ് ലേലം വിളിയില്‍ പങ്കെടുത്തത്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ സാധ്യതകളെയും ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വര്‍ഷവും ഹാര്‍വെസ്‌ററ് ഫെസ്റ്റിവല്‍ നടത്തിയത്.

ജൂലൈ 24 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ഇടവക ട്രസ്റ്റിമാര്‍ നല്‍കിയ ആദ്യ ഫലങ്ങളുടെ ബാസ്ക്കറ്റ് ഇടവക വികാരി ഇന്‍ ചാര്‍ജ് റവ റോഷന്‍.വി. മാത്യൂസ് അച്ചന്‍ മദ്ബഹായില്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് ആരാധനയ്ക്ക് ശേഷം ഹാര്‍വസ്റ്റ് ഫെസ്റ്റിവല്‍ മെഗാ സ്‌പോണ്‍സര്‍ ജോണ്‍ എബ്രഹാം തന്റെ സംഭാവന കണ്‍വീനര്‍ ജോണ്‍ ചാക്കോയെ ഏല്‍പ്പിച്ചു ഫെസ്റ്റിവല്‍ കിക്ക് ഓഫ് നിര്‍വഹിച്ചു.

തുടര്‍ന്ന് മദ്ബഹായില്‍ അര്‍പ്പിച്ച ആദ്യഫല ബാസ്കറ്റ് ലേലം വിളിച്ചു കൊണ്ട് ആദ്യഫല പെരുന്നാളിന്റെ ഒരുക്കങ്ങള്‍ക്ക് തുടക്കം കുറിച്ചു.

തുടര്‍ന്ന് ജൂലൈ 31 ശനിയാഴ്ച രാവിലെ 10:30 നു ട്രിനിറ്റി സെന്ററില്‍ വെച്ചു ആരംഭിച്ച ലേലം വൈകുന്നേരം 6 മണിക്കാണ് അവസാനിച്ചത്. ഇടവക വികാര്‍ ഇന്‍ ചാര്‍ജ് റവ. റോഷന്‍ വി മാത്യൂസിന്‍റെ ആമുഖ വാക്കുകള്‍ക്ക് ശേഷം ഇടവക വികാരി റവ. സാം കെ ഈശോ അച്ചന്‍ സൂമിലൂടെ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വഹിച്ചു.

ഇടവക സെക്രട്ടറി റെജി ജോര്‍ജ് സ്വാഗതം ആശംസിച്ചു. റവ ഉമ്മന്‍ സാമുവല്‍ അച്ചന്‍ ആദ്യ ലേലം വിളിക്ക് നേതൃത്വം നല്‍കി.

ഇടവക ജനങ്ങള്‍ അവരവരുടെ ഭവനങ്ങളോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള അടുക്കള തോട്ടങ്ങളില്‍ നിന്ന് വിളവെടുത്തു നല്‍കിയ കായ്ഫലങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റഫോം ആയ ‘സൂം’, ‘വാട്‌സ്ആപ് ‘എന്നീ സാങ്കേതിക വിദ്യയിലൂടെയും നേരിട്ടും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടുമാണ് ഇടവക ജനങ്ങള്‍ ലേലത്തില്‍ പങ്കെടുത്തത്.

വോളന്റീയര്‍മാര്‍ ഇടവകയിലെ വീടുകളില്‍ നിന്ന് ശേഖരിച്ച പച്ചക്കറിവിഭവങ്ങളും ലേലത്തിനായി ഏല്പിച്ച മറ്റു നിരവധി സാധങ്ങളും ശനിയാഴ്ച തന്നെ ദേവാലയത്തോട് ചേര്‍ന്നുള്ള ട്രിനിറ്റി സെന്ററില്‍ എത്തിച്ചിരുന്നു

ഇടവകയിലെ ഭൂരിഭാഗം കുടുംബങ്ങളും പങ്കെടുത്ത ലേലത്തില്‍ ചക്ക, പടവലങ്ങ,മാമ്പഴം, കറിവേപ്പ് ,വെണ്ടയ്ക്ക,കോവക്ക, പാവയ്ക്കാ, ചേന,മുരിങ്ങകായ്, വെള്ളരിക്ക, ഓമയ്ക്ക,പേരയ്ക്ക,പയര്‍, കേക്ക്, അച്ചാറുകള്‍, ക്രാഫ്റ്റ് ഐറ്റംസ്, വിവിധയിനം പഴവര്‍ഗങ്ങള്‍, ഗാര്‍ഡന്‍ വിഭവങ്ങള്‍,ചെടികള്‍ തുടങ്ങിയവ കൊണ്ട് സമൃദ്ധമായിരുന്നു ഹാര്‍വെസ്‌റ് ഫെസ്റ്റിവല്‍. ലേലം ചെയ്തവര്‍ക്ക് വോളന്റീയര്‍മാര്‍ അതാത് ഭവനങ്ങളില്‍ വിഭവങ്ങള്‍ എത്തിച്ചു നല്‍കി.

ലേലം വിളിയില്‍ പരിചയ സമ്പന്നരായ എബ്രഹാം ജോസഫ് (ജോസ്), ജീമോന്‍ റാന്നി, ജോസഫ് ടി ജോര്‍ജ് , ഈശോ ടി എബ്രഹാം, ജോയ്‌സ് ജോണ്‍ എന്നിവര്‍ ആവേശത്തിന്റെ അലയടികള്‍ ഉണര്‍ത്തിക്കൊണ്ടാണ് ലേലം വിളിയ്ക്ക് നേതൃത്വം നല്‍കിയത്.

ഹാര്‍വെസ്‌റ് ഫെസ്റ്റിവലില്‍ നിന്നും 70,000 ഡോളറിനടുത്ത് സമാഹരിയ്ക്കുവാന്‍ കഴിഞ്ഞു. ലഭിക്കുന്ന മുഴുവന്‍ വരുമാനവും ഇന്ത്യയിലെയും അമേരിക്കയിലെയുമുള്ള മിഷന്‍ , ജീവകാര്യണ്യ പദ്ധതികള്‍ക്കാണ് ഉപയോഗിക്കുന്നത്. വേദനകളിലാണ് നാം ദൈവത്തെ അറിയുന്നതും അപരന്‍ അനുഭവിക്കുന്ന വേദനയുടെ ആഴം അറിയുന്നതും.

അപ്പോള്‍ നമ്മുടെ മനവും കരങ്ങളും അതിനായി തുറക്കപ്പെടുന്നു. ക്രീയാത്മകമായ പ്രതികരണങ്ങള്‍ അവശ്യം വേണ്ട തലങ്ങളില്‍ ഇടപെടുന്നതിലൂടെയാണ് നമ്മുടെ ദൈവാന്വേഷണത്തിനു കളമൊരുങ്ങുന്നത് എന്നതും കൂട്ടിവെച്ചതില്‍ കുറച്ചു് പങ്കിട്ടാല്‍ പട്ടു പോകുന്നവനെ പട്ടം പോലെ ഉയര്‍ത്താന്‍ കഴിയും എന്ന തിരിച്ചറിവും വെളിവാക്കുന്നതായിരുന്നു ഈ വര്‍ഷത്തെ കൊയ്ത്തുത്സവം

ഇടവക വികാരി ഇന്‍ ചാര്‍ജ് റവ. റോഷന്‍ വി. മാത്യൂസ്, വൈസ് പ്രസിഡന്റ് ഷാജന്‍ ജോര്‍ജ്, കണ്‍വീനര്‍മാരായ റെജി ജോര്‍ജ്, ജോണ്‍ ചാക്കോ (ജോസ്) എന്നിവരുടെ നേതൃത്വത്തില്‍ ജോയിന്‍റ് കണ്‍വീനര്‍മാരായ ജീമോന്‍ റാന്നി, ആരണ്‍ അലക്‌സ് , ട്രസ്റ്റിമാരായ എബ്രഹാം ജോസഫ് (ജോസ്), ജോര്‍ജ് പുളിന്തിട്ട, അല്‍മായ ശുശ്രൂഷകന്‍ ജോസ് മാത്യു എന്നിവരെ കൂടാതെ ജെയ്‌സണ്‍ സാമുവേല്‍, അതുല്‍ ജോണ്‍ മാത്യു, ടോം ബെഞ്ചമിന്‍, ജിബു മാത്യു എന്നിവരടങ്ങിയ ഓഡിയോ വിഷ്വല്‍,ടെക്‌നിക്കല്‍ ടീമും 50 ല്‍ പരം വോളന്റീയര്‍മാരും കൈസ്ഥാന സമിതി അംഗങ്ങളും ഹാര്‍വെസ്‌റ് ഫെസ്റ്റിവലിന്റെ വന്‍ വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ചു.

ഈ വര്‍ഷത്തെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ ചരിത്രവിജയമാക്കാന്‍ വിവിധ നിലകളില്‍ സഹായിച്ച എല്ലാവരോടും പ്രത്യേകിച്ച് മെഗാ,ഡയമണ്ട്, ഗോള്‍ഡ്.സില്‍വര്‍ സ്‌പോണ്‍സര്‍മാര്‍ക്കും ആത്മാര്‍ത്ഥമായ നന്ദി വൈസ് പ്രസിഡന്റ് ഷാജന്‍ ജോര്‍ജ് പ്രകാശിപ്പിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments