(പി ഡി ജോര്‍ജ് നടവയല്‍)
ഫിലഡല്‍ഫിയ: ഭാരതത്തിന്റെ 75- ാംസ്വാതന്ത്ര്യ ദിനം ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ അമേരിക്ക ആഘോഷിച്ചു. ഓഗസ്റ്റ് 15, ഞായറാഴ്ച്ച രാവിലെ 8 മണിയ്ക്ക് പ്രശസ്ത എഴുത്തുകാരി നീനാ പനയ്ക്കല്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.
വിന്‍സന്റ് ഇമ്മാനുവേല്‍ (മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകന്‍), ജോര്‍ജ് ഓലിക്കല്‍ (ഇന്ത്യാ പ്രസ് ക്‌ളബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ്), ജോസ് ആറ്റു പുറം (വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫിലഡല്‍ഫിയാ ചെയര്‍മാന്‍), സിബിച്ചന്‍ ചെമ്പ്‌ളായില്‍ (ഓര്‍മാ ഇന്ററ്‌നാഷണല്‍ മുന്‍ പ്രസിഡന്റ്), ഫീലിപ്പോസ് ചെറിയാന്‍ (ട്രൈസ്റ്റേറ്റ് കേരളാ ഫോറം വൈസ് ചെയര്‍മാന്‍), റോഷിന്‍ പ്‌ളാമൂട്ടില്‍ ( കലാ സെക്രട്ടറി) എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ ചെയര്‍മാന്‍ ജോര്‍ജ് നടവയല്‍ സ്വാഗതവും എഴുത്തുകാരന്‍ ഏബ്രാഹം മേട്ടില്‍ നന്ദിയും പറഞ്ഞു.
പ്രശസ്ത നോവലിസ്റ്റ് നീനാ പനയ്ക്കല്‍: “സ്വാതന്ത്ര്യ ദിനത്തേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ ആദ്യം വരുന്നത് ഗാന്ധിജി ആണ്. ഗാന്ധിജിയെ ഞാന്‍ ആദ്യമായി കാണുന്നത് നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ്. ചര്‍ക്കയില്‍ നൂല് നൂല്‍ക്കുന്ന മഹാത്മാവിന്റെ ചിത്രം. ” മുന്‍വരി പല്ലുപോയി മോണ കാട്ടി ചിരിച്ചൊരാള്‍ ചമ്രം പടിഞ്ഞിരിക്കുന്ന പടം നീ കണ്ടതില്ലയോ “എന്ന്, ഒരു കവിതയുടെ ആദ്യ വരികളുമായി.
ആറാം സ്സില്‍ പഠിക്കുമ്പോഴാണ് ബ്രിട്ടീഷുകാര്‍ ഭാരതത്തെ കൈവശമാക്കി അവിടെയുണ്ടായിരുന്നതെല്ലാം ബ്രിട്ടനിലേക്ക് കടത്തിയതും, ഗാന്ധി ജി യുടെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനവും ദണ്ഡി യാത്രയും, നിരാഹാര സത്യാഗ്രഹവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും ഒക്കെ ഞാന്‍ പഠിക്കുന്നതും. ബ്രിട്ടീഷുകാരെ വെറുക്കാന്‍ ഇതില്‍പ്പരം ഒന്നും എനിക്കാവശ്യം ഉണ്ടായിരുന്നില്ല. മഹാത്മാവിന്റെ പല്ല് അടിച്ചു തെറിപ്പിച്ചവന് മാപ്പുകൊടുക്കാനാവുമോ ഭാരതീയന്?
കച്ചവടത്തിന് വന്ന ബ്രിട്ടീഷുകാരന്‍ എങ്ങനെ ഇന്ത്യ കൈവശമാക്കി? അതിഥിയെ ദേവനെപ്പോലെ കാണണം എന്ന ചിന്ത തന്നെ യാണ് ഒന്നാമത്തെ കാരണം. കച്ചവടത്തിന് വന്നവര്‍ ചൂഷകരാകുമ്പോള്‍ അവരെങ്ങനെ എങ്ങനെ അതിഥി ആവും?
ഭാരതത്തിന്റെ അന്നത്തെ പരാജയത്തിന്റെ രണ്ടാമത്തെ കാരണം നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള ഐക്യമില്ലായ്മയായിരുന്നു. തമ്മില്‍ തമ്മിലുള്ള പകയും കുതികാല്‍ വെട്ടും അവരെ പരസ്പരം അകറ്റി നിര്‍ത്തി. ഒരു കെട്ട് ചുള്ളിക്കമ്പായി ഒരുമിച്ചു നില്‍ക്കാന്‍ മനസ്സില്ലാത്ത അവരെ ഒറ്റ ചുള്ളിക്കമ്പ് പോലെ ഒടിച്ചൊടിച്ചു അകത്തു കയറി ബ്രിട്ടീഷ്കാര്‍ ഭാരതം കൈവശമാക്കി.
75 സംവത്സരം ആയിട്ടും ഇന്നും സ്വാതന്ത്രയാണോ ഇന്ത്യ? ബ്രിട്ടീഷ് ഭരണം വീണ്ടും വന്നാല്‍ കൊള്ളാമായിരുന്നു എന്ന് വാഞ്ഛിക്കുന്നവര്‍ ഇന്ത്യയില്‍ ഉണ്ടെന്ന് കേള്‍ക്കുന്നു. എല്ലാ അമേരിക്കന്‍ മലയാളികള്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍.’