മൊയ്തീന്‍ പുത്തന്‍ചിറ
ന്യൂജെഴ്‌സി: അമേരിക്കന്‍ പ്രവാസി മലയാളികളുടെ കുട്ടികളില്‍ നിന്ന് സംഗീതാഭിരുചിയുള്ളവരെ കണ്ടെത്തി അവരുടെ സര്‍ഗ്ഗസിദ്ധി പരിപോഷിപ്പിക്കുന്നതിനും, സംഗീത പാഠങ്ങള്‍ പരിശീലിപ്പിക്കുന്നതിനുമായി എം.ബി.എന്‍ ഫൗണ്ടേഷന്‍ മ്യൂസിക് ടാലന്റ് ഇനിഷ്യേറ്റീവ് പ്രോഗ്രാമിന് തുടക്കമായി.
എം.ബി.എന്‍ ഫൗണ്ടേഷനോടൊപ്പം നോര്‍ത്ത് അമേരിക്കന്‍ മലയാളീസ് ആന്റ് അസ്സോസിയേറ്റഡ് മേമ്പേഴ്‌സും (നാമം) പ്രചരണ പങ്കാളിയാകുന്ന സൗജന്യ ശാസ്ത്രീയ സംഗീത പരിശീലന പരിപാടികളായ റിഥം (Rhytham), അബിനിഷ്യോ റിഥം (Abinitio Rhythm) പദ്ധതികള്‍ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17) പ്രശസ്ത ഗായകന്‍ കല്ലറ ഗോപന്‍ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ യുവ കര്‍ണാടക സംഗീതജ്ഞരില്‍ ശ്രദ്ധേയയായ കുമാരി കീര്‍ത്തന രമേശാണ് സംഗീത ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. പത്മശ്രീ പ്രൊഫ. പാറശാല ബി പൊന്നമ്മാളിന്റെയും പ്രശസ്ത സംഗീതജ്ഞന്‍ മുഖത്തല ശിവജിയുടെയും ശിഷ്യയായ കുമാരി കീര്‍ത്തന രമേശ് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സംഗീത സ്‌കോളര്‍ഷിപ്പ് അവാര്‍ഡ് ജേതാവുമാണ്.
ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം ആശംസിച്ച എംബിഎന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി. നായര്‍ റിഥം, അബിനോറിഥം സംഗീത പദ്ധതികളുടെ ലക്ഷ്യങ്ങളും ഭാവിപരിപാടികളും വിശദീകരിച്ചു. നാമം പ്രസിഡന്റ് സജിത് ഗോപിനാഥ് ആശംസാ പ്രസംഗം നടത്തി.
നാമം ട്രഷറര്‍ പ്രിയ സുബ്രഹ്മണ്യം, നാമം എക്‌സിക്യുട്ടീവ് ഡോ. കാര്‍ത്തിക് ശ്രീധരന്‍, സുരേഷ് തുണ്ടത്തില്‍ എന്നിവരായിരുന്നു പരിപാടിയുടെ അവതാരകര്‍. സുബ്രഹ്മണ്യം ധര്‍മരാജന്‍ പരിപാടി ഏകോപിപ്പിച്ചു.
ഭാരതത്തിന്റെ ശക്തമായ ശാസ്ത്രീയ സംഗീത പാരമ്പര്യത്തെക്കുറിച്ച് വരുംതലമുറയില്‍ അവബോധം സൃഷ്ടിക്കുകയും പരിശീലനം നല്‍കുകയുമാണ് അബിനോറിഥം, റിഥം സംഗീത പരിശീലന പരിപാടികള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു.
അബിനോറിഥം, റിഥം എന്നീ സംഗീത പദ്ധതികള്‍ രണ്ട് സെക്ഷനുകളായാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. അബിനിഷ്യോ റിഥം (Abinitio Rhythm) സംഗീതം ആദ്യമായി പഠിച്ചുതുടങ്ങുന്നവര്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടിയാണ്.
ഏഴ് മുതല്‍ 12 വയസു വരെയുള്ള കുട്ടികളില്‍ നിന്ന് സംഗീതാഭിരുചിയുള്ളവരെ കണ്ടെത്തിപരിശീലനം നല്‍കും. സംഗീതം പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണ് റിഥം.
ഒരു വര്‍ഷം നീളുന്ന റിഥം പ്രോഗ്രാമിലും ഏഴു മുതല്‍ 12 വയസുവരെയുള്ള കുട്ടികളെയാണ് പങ്കെടുപ്പിക്കുക. മാസത്തില്‍ നാലു ദിവസം നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ ഓഗസ്റ്റ് 28 രാവിലെ 9.30ന് ആരംഭിക്കും. റിഥം ക്ലാസുകള്‍ 9.30 മുതലും അബിനോ റിഥം ക്ലാസുകള്‍ 10.30നുമാണ് (EST) തുടങ്ങുക.
താല്പര്യമുള്ള രക്ഷിതാക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി www.mbnfoundation.org, www.namam.org എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക.