എ.എസ് ശ്രീകുമാര്‍
സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും നൂലിഴകള്‍ നെയ്തു ചേര്‍ക്കാന്‍ ഒരു രക്ഷാബന്ധന ദിനം കൂടി. സമൂഹത്തിന് ‘മഹത്തായ സഹോദരി സഹോദര ബന്ധം’ എന്ന സന്ദേശം പകര്‍ന്ന് നല്‍കിക്കൊണ്ട് ഓഗസ്റ്റ് 11-ാം തീയതി വ്യാഴാഴ്ചയാണ് രക്ഷാബന്ധന്‍ ഇക്കൊല്ലം ആചരിക്കപ്പെടുന്നത്. ഹൈന്ദവ വിശ്വാസികള്‍ പവിത്രവും പാവനവുമായാണ് രക്ഷാബന്ധന്‍ മഹോത്സവം കൊണ്ടാടുന്നത്. ശ്രാവണമാസത്തിലെ പൗര്‍ണമി നാളിലാണ് രക്ഷാബന്ധന്‍ മഹോത്സവം ആചരിക്കുന്നത്. രക്ഷാബന്ധന്‍ ദിനത്തിലെ പ്രധാന ചടങ്ങ് രാഖിബന്ധനമാണ്. ഇതിന് ശേഷം മധുരപലഹാരങ്ങളും വിതരണം ചെയ്ത് ചടങ്ങ് ആഘോഷമാക്കിതീര്‍ക്കുന്നു.

വര്‍ണനൂലുകളാല്‍ നിര്‍മ്മിച്ച സുന്ദരമായ രക്ഷാസൂത്രമാണ് രാഖി. പൊതുവേ ചുവപ്പ് ചരട് ഉപയോഗിച്ചാണ് രാഖി ഉണ്ടാക്കുന്നത്. കേരളത്തില്‍ ചുവപ്പ്, കാവി, നീല നിറങ്ങളിലുള്ള രാഖി ചരടുകളാണ് പ്രചരിക്കുന്ന്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ രാഖിച്ചരടുകള്‍ അല്‍പം ആഡംബരം കലര്‍ത്തിയാണ് നിര്‍മ്മിക്കുക. മുത്തുകള്‍, കല്ലുകള്‍, വജ്രം പ്ലാസ്റ്റിക് തുടങ്ങിയവ ഉപയോഗിച്ചും രാഖിച്ചരടുകള്‍ നിര്‍മ്മിക്കും.
തെക്കേ ഇന്ത്യയില്‍ ‘ആവണി അവിട്ടം’ എന്ന പേരിലാണ് രക്ഷാബന്ധന്‍ അറിയപ്പെടുന്നത്. ആവണി മാസത്തിലെ അവിട്ടം നാളിന് ഹിന്ദു ആചാര പ്രകാരം വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം പൂണൂല്‍ മാറ്റുന്നതോടെ ബ്രാഹ്‌മണര്‍ ഒരു വര്‍ഷം മുഴുവന്‍ ചെയ്ത പാപങ്ങളില്‍ നിന്ന് രക്ഷ നേടുകയും പുതിയ പൂണൂലിലൂടെ പുതിയൊരു രക്ഷാ കവചം അണിയുകയും ചെയ്യുന്നു എന്നാണ് സങ്കല്‍പ്പം. ആവണി അവിട്ടത്തിന് ഇത്തരമൊരു രക്ഷാ സങ്കല്‍പ്പം ഉള്ളതുകൊണ്ടാവാം ഇതേ ദിവസം ദേശ വ്യാപകമായി രക്ഷാ ബന്ധന്‍ ഉത്സവമായി ആഘോഷിക്കുന്നത്.
ബ്രാഹ്‌മണര്‍ അന്ന് പൂണൂല്‍ മാറ്റി പുതിയ പൂണൂല്‍ ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്‍. ഈ ദിവസം വേദോച്ചാരണവും മന്ദ്രോച്ചാരണവും നടത്തുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. ബ്രാഹ്‌മണ യുവാക്കള്‍ വേദ പഠനം തുടങ്ങുന്നതും ആദ്യമായി പൂണൂല്‍ ധരിക്കുന്നതും ഈ ദിവസമാണ്. പൂണൂല്‍ ധരിക്കുന്നതോടെ അയാളുടെ അകക്കണ്ണ് അല്ലെങ്കില്‍ വിഞ്ജാനത്തിന്റെ കണ്ണ് തുറന്നു എന്നാണ് സങ്കല്‍പ്പം.
ഭാരതീയ ആചാരപ്രകാരമുള്ള ചടങ്ങുകളാണ് രക്ഷാബന്ധന്‍ ദിനത്തില്‍ ആചരിക്കുന്നത്. ഈ ദിനത്തില്‍ അതിരാവിലെ തന്നെ കുളികഴിഞ്ഞെത്തുന്ന സ്ത്രീകള്‍ ഈശ്വരപൂജ നടത്തുന്നു. സഹോദരി രക്ഷാബന്ധന ദിവസം മധുര പലഹാരങ്ങളും, രക്ഷാസൂത്രവും, ദീപവും വച്ച താലവുമായി സഹോദരനെ സമീപിച്ച്, ദീപം ഉഴിഞ്ഞ്, തിലകം ചാര്‍ത്തി, മധുര പലഹാരങ്ങള്‍ നല്‍കി, ദീര്‍ഘായുസ്സിനും നന്മയ്ക്കും വേണ്ടി പ്രാര്‍ഥിച്ച് കൈയില്‍ വര്‍ണനൂലുകളാല്‍ നിര്‍മിച്ച സുന്ദരമായ രാഖി കെട്ടികൊടുക്കുന്നു. സഹോദരന്‍ ആജീവാനന്തം അവളെ സംരക്ഷിക്കുമെന്നും പരിപാലിക്കുമെന്നും പ്രതിജ്ഞ ചെയ്യുന്നു. സഹോദരന്‍ സഹോദരിക്ക് പാരിതോഷികങ്ങള്‍ നല്‍കുന്നു. അന്യസ്ത്രീയാണെങ്കിലും രാഖി കെട്ടി കഴിഞ്ഞാല്‍ അവളെ അവര്‍ സഹോദരിയായി അംഗീകരിക്കുന്നു. രക്ഷാബന്ധനം വടക്കേ ഇന്ത്യയിലെ ഹിന്ദുക്കളുടെ ഇടയിലാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.
രാഖിയുടെ ഐതിഹ്യം ഇങ്ങനെയാണ്. ഒരിക്കല്‍ ദേവന്മാരും അസുരന്മാരും തമ്മില്‍ യുദ്ധം നടന്നു. ദേവന്മാര്‍ പരാജയപ്പെടാന്‍ തുടങ്ങിയപ്പോള്‍ ഇന്ദ്രന്റെ പത്‌നിയായ ‘ശചി’ ഇന്ദ്രന്റെ കയ്യില്‍ രക്ഷയ്ക്കായി, രക്ഷാസൂത്രം (രാഖി) കെട്ടികൊടുക്കുകയും ഈ രക്ഷാസൂത്രത്തിന്റെ ബലത്തില്‍ ഇന്ദ്രന്‍ ശത്രുക്കളെ പരാജയപ്പെടുത്താന്‍ ശക്തി നേടുകയും ചെയ്തു. ഇതോടെ യുദ്ധത്തില്‍ ദേവന്മാര്‍ വിജയിച്ചു. ഇന്ദ്രന്‍ വിജയവുമായി തിരിച്ച് വന്ന ആ ദിവസം മുതല്‍ ‘രക്ഷാബന്ധനം’ എന്ന ഉത്സവത്തിന്റെ ആരംഭമായി.
പിന്നീട് സഹോദരി സഹോദരന്റെ കൈകളില്‍ രാഖി കെട്ടുന്ന ചടങ്ങ് പ്രചാരത്തില്‍ വന്നു. രാഖിയുടെ നൂലുകള്‍ക്ക് അത്ഭുത ശക്തിയുണ്ടെന്നാണ് വിശ്വസിച്ച് വരുന്നത്. ഇത് സംബന്ധിച്ച് പല ചരിത്ര സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. സിക്കന്ദറും (മഹാനായ അലക്‌സാണ്ടര്‍) പൗരവരുടെ രാജാവായ പുരുവും (ഇന്നത്തെ പാകിസ്താനിന്റെ ഭാഗമായ പഞ്ചാബ് പ്രദേശത്തായിരുന്നു പൗരവരാജ്യം) തമ്മിലുള്ള ചരിത്രപ്രധാനമായ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, സിക്കന്ദറുടെ കാമുകി പുരുവിനെ സമീപിക്കുകയും കൈകളില്‍ രാഖി കെട്ടിച്ച് സഹോദരനാക്കുകയും ചെയ്ത് യുദ്ധത്തില്‍ സിക്കന്ദറെ വധിക്കുകയില്ല എന്നു ഒരു സത്യവചനവും വാങ്ങി. പുരു കൊടുത്ത വാക്ക് പാലിക്കുകയും ചെയ്തു. രക്ഷാബന്ധന്റെ മഹത്ത്വം കാണിക്കുന്ന സംഭവമാണ് ഇത്.
വിഷ്ണു പുരാണത്തില്‍ രക്ഷാബന്ധനുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട്. കടുത്ത വിഷ്ണു ഭക്തനായ ബലി ചക്രവര്‍ത്തി തന്റെ സാമ്രാജ്യത്തിന്റെ രക്ഷ ഏറ്റെടുക്കണമെന്ന് ഒരിക്കല്‍ മഹാവിഷ്ണുവിനോട് ആവശ്യപ്പെട്ടു. ഭക്തവത്സലനായ ഭഗവാന്‍ ലക്ഷ്മി ദേവിയും വൈകുണ്ഠത്തേയും ഉപേക്ഷിച്ചു കൊണ്ട് കര്‍ത്തവ്യ നിര്‍വഹണത്തിനായി ബാലിക്കരുകിലേക്ക് പോയി. ഇതില്‍ ദുഖിതയായ ലക്ഷ്മി ദേവി, ഭഗവാനെ തിരിച്ചു കൊണ്ട് വരുന്നതിനായി ഒരു ബ്രാഹ്‌മണ സ്ത്രീയുടെ വേഷത്തില്‍ ബലിയുടെ അരികില്‍ എത്തുകയും തനിക്കു സംരക്ഷണം നല്കണം എന്നാവശ്യപ്പെടുകയും ബലി സസന്തോഷം അത് അനുവദിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ശ്രാവണ പൗര്‍ണമി ദിനത്തില്‍ ചക്രവര്‍ത്തി ബലിയുടെ കൈയില്‍ രാഖി ബന്ധിച്ചു കൊണ്ട് ലക്ഷ്മി ദേവി താന്‍ ആരാണെന്നും, തന്റെ ആഗമനോദ്ദേശം എന്താണെന്നും അറിയിച്ചു. ഇത് കേട്ട് ലോല ഹൃദയനായ ബലി, ഭഗവാനോട് ദേവിയുടെ കൂടെ പോകണമെന്ന് അപേക്ഷിച്ചതായി വിഷ്ണു പുരാണത്തില്‍ പറയുന്നു.
രക്ഷാബന്ധനം പല ഭാവത്തിലും രൂപത്തിലുമാണ് ഇന്ത്യയൊട്ടാകെ കൊണ്ടാടുന്നത്. എല്ലായിടങ്ങളിലും സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ആത്മബന്ധത്തിന്റെയും ഊട്ടിയുറപ്പിക്കല്‍ കൂടിയാണിത്. മുംബൈയില്‍ രക്ഷാബന്ധനം ‘നാരിയല്‍ പൂര്‍ണിമ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിനത്തിലെ പ്രധാന ആരാധനാ മൂര്‍ത്തിയായ വരുണ ദേവനെ പ്രസാദിപ്പിക്കാന്‍ ഭക്തജനങ്ങള്‍ തേങ്ങ കടലില്‍ എറിയുക പതിവാണ്.
രക്ഷാബന്ധന്‍ പൊതുവെ ഉത്തരേന്ത്യന്‍ ആചാരമായാണ് കണക്കാക്കുന്നതെങ്കിലും ഇതു ഭാരതീയ ആദര്‍ശങ്ങളുടെ മികച്ച നിദര്‍ശനമാണ്. ആവണി അവിട്ടം, നാരിയല്‍ പൂര്‍ണിമ എന്നീ പേരുകളിലും ശ്രാവണ പൂര്‍ണ്ണിമ ആഘോഷിക്കാറുണ്ട്. രക്ഷ ബന്ധിക്കുന്ന ആരേയും സംരക്ഷിക്കാന്‍ അതു സ്വീകരിക്കുന്ന ആള്‍ക്ക് ബാധ്യതയുണ്ട്. രക്ഷാബന്ധനത്തിലൂടെ സഹോദരന് ആയുസ്സും ആരോഗ്യവും സമ്പത്തും ആശംസിക്കുമ്പോള്‍ സഹോദര മനസ്സില്‍ സഹോദരിയെ സംരക്ഷിക്കണമെന്ന പ്രതിജ്ഞയുളവാകുന്നു. വര്‍ണനൂലുകള്‍ ഇഴപാകിയ രാഖികള്‍ക്ക് രക്ഷാബന്ധനങ്ങളുടെ അനേകം കഥകള്‍ പറയാനുണ്ട്. ഹുമയൂണ്‍ ചക്രവര്‍ത്തി പോലും ഇത് മാനിച്ചിട്ടുണ്ട്.
ബഹദൂര്‍ഷാ മേവാറിനെ ആക്രമിച്ചപ്പോള്‍ മഹാറാണി കര്‍മവതി മുഗള്‍രാജാവ് ഹുമയൂണിന് ഒരു രാഖി ദൂതന്‍വശം എത്തിച്ചുകൊടുത്തു. രജപുത്രരും മുഗളരും കടുത്ത ശത്രുതയിലായിരുന്നിട്ടു കൂടി ഹുമയൂണ്‍ റാണിയെ സംരക്ഷിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം മേവാറിലെത്തി ബഹദൂര്‍ഷായുടെ സൈന്യത്തെ തുരത്തി. മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ ജീവന്‍ രക്ഷാബന്ധനത്തിന്റെ മഹത്വത്തിന്റെ സാക്ഷ്യമാണ്. പോറസ് അലക്‌സാണ്ടറെ കൊല്ലാതെ വിട്ടത് രാഖിയുടെ ബന്ധം കൊണ്ടായിരുന്നു.
എല്ലാ മതവിഭാഗങ്ങളുടെയുമിടയില്‍ സ്‌നേഹ സാഹോദര്യങ്ങള്‍ പുനസ്ഥാപിക്കുവാന്‍ വേണ്ടി രവീന്ദ്രനാഥ ടാഗോര്‍ ശാന്തിനികേതനില്‍ രക്ഷാബന്ധനം ആചരിക്കുമായിരുന്നു. രക്ഷാബന്ധന ദിനത്തില്‍ ഭാരത സ്ത്രീകള്‍ ജവാന്‍മാര്‍ തുടങ്ങി ജയില്‍പ്പുള്ളികളുടെ വരെ കൈകളില്‍ രാഖി ബന്ധിച്ചുകൊണ്ട് സ്‌നേഹ സാഹോദര്യങ്ങളുടെ പാഠങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.
രക്ഷാബന്ധന്‍ കെട്ടുന്ന രീതി
ചന്ദനം, അക്ഷതം, തൈര്, രാഖി, മധുരപലഹാരങ്ങള്‍, നെയ്യ് വിളക്ക് എന്നിവ ഒരു തളികയില്‍ വയ്ക്കുക. ആരാധനയ്ക്കു ശേഷം തളിക ദൈവത്തിനു മുന്നില്‍ ആരതി ചെയ്യുക. അതിനുശേഷം സഹോദരനെ കിഴക്കോ വടക്കോ ദിക്കുകള്‍ക്ക് അഭിമുഖമായി ഇരുത്തുക. സഹോദരന്റെ നെറ്റിയില്‍ തിലകം ചാര്‍ത്തുക. ശേഷം, രാക്ഷാസൂത്രം കെട്ടുക. സഹോദരനെ ആരതി ഉഴിയുക. തുടര്‍ന്ന് അയാള്‍ക്ക് മധുരപലഹാരങ്ങള്‍ നല്‍കുകയും ദീര്‍ഘായുസ്സ് നേരുകയും ചെയ്യുക.
തീര്‍ത്തും ഭാരതീയ ആദര്‍ശങ്ങളില്‍ അധിഷ്ഠിതമായ ആചാരമാണ് രക്ഷാബന്ധന്‍. രജപുത്ര സൈനികര്‍ യുദ്ധത്തിന് പുറപ്പെടും മുന്‍പ് രജപുത്ര വനിതകള്‍ യോദ്ധാക്കളുടെ നെറ്റിയില്‍ സിന്ദൂര തിലകം ചാര്‍ത്തിയ ശേഷം വലതു കൈയ്യില്‍ രക്ഷ ബന്ധിക്കുമായിരുന്നു. ഇത് അവര്‍ക്ക് ശത്രുക്കളെ നിഷ്പ്രയാസം ജയിക്കാനും ആക്രമണങ്ങളില്‍ നിന്ന് രക്ഷ നേടാനും സഹായകമാകുമെന്ന് വിശ്വസിച്ചിരുന്നു. ആ വിശ്വാസം എല്ലായിപ്പോഴും രജപുത്ര സൈനികര്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.
ഇന്ത്യയ്ക്ക് പുറമെ ഓസ്‌ട്രേലിയ, മൗറീഷ്യസ്, യൂറോപ്പിലെ പല രാജ്യങ്ങളിലും നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും രക്ഷാബന്ധന്‍ ഉത്സവം ആഘോഷിക്കാറുണ്ട്. ജനതയുടെ ഏകോപനത്തിന് അവരുടെ മനസ്സിലുറങ്ങിക്കിടക്കുന്ന പൈതൃകത്തെ തൊട്ടുണര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയവര്‍ രക്ഷാബന്ധനത്തെ ജനകീയ ഉത്സവങ്ങളിലൊന്നാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.