മൊയ്തീന്‍ പുത്തന്‍ചിറ
ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സി.ഡി.എം.എ) ഓണാഘോഷം സെപ്തംബര്‍ 11 ഞായറാഴ്ച വിപുലമായി കൊണ്ടാടുമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്‌സും അറിയിച്ചു.
ആല്‍ബനി കൗണ്ടിയിലുള്‍പ്പെട്ട കോളനിയിലെ കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ദിവസം രാവിലെ 11:00 മണിക്ക് ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
കോവിഡ് മഹാമാരിയെത്തുടര്‍ന്ന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ആഘോഷങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തിവെയ്ക്കുകയോ മന്ദഗതിയിലാകുകയോ ചെയ്തിരുന്നെങ്കിലും, ഈ വര്‍ഷം ആഘോഷം പൂര്‍വ്വാധികം ഭംഗിയോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ‘പൊന്നോണം 2022’ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷത്തില്‍ തിരുവാതിര, പൂക്കളം, ഓണ സദ്യ, വടംവലി തുടങ്ങി വിവിധങ്ങളായ കലാ-കായിക പരിപാടികളും ഒരുക്കിയിട്ടുണ്ട്.
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു.
കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായിരുന്ന അാോസിയേഷന് പുതിയ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു. അസോസിയേഷന്റെ വെബ്‌സൈറ്റ് പുനരുജ്ജീവിപ്പിക്കുകയും, ടെക്‌നോളജി യുഗത്തിനനുയോജ്യമായ രീതിയില്‍ വെബ് സൈറ്റിലെ ക്രമീകരണവുമാണ് അവയില്‍ ശ്രദ്ധേയമായത്.
അസോസിയേഷന്റെ ചരിത്രം, പുതിയ അംഗത്വമെടുക്കല്‍, അംഗത്വം പുതുക്കല്‍, അസ്സോസിയേഷന്റെ വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങള്‍, അവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന്‍, ചാരിറ്റി വിഭാഗമായ ‘ജീവന്‍ ഫണ്ട്’ വിവരങ്ങള്‍ മുതലായവ ഉള്‍പ്പെടുത്തിയാണ് വെബ്‌സൈറ്റ് പുനരുജ്ജീവിപ്പിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
സുനില്‍ സക്കറിയ 518 894 1564
അനൂപ് അലക്‌സ് 224 616 0411