ടെക്‌സസ്: ടെസ്ല മോട്ടോര്‍സിന്റെയും 2012ല്‍ റോക്കറ്റ് വിക്ഷേപിച്ചു ചരിത്രം സൃഷ്ടിച്ച സ്‌പേസ് എക്‌സ് എന്നീ കമ്പനികളുടെയും സ്ഥാപകനായ ഇലോണ്‍ മസ്‌ക് തന്റെ 23 വയസ്സ് പ്രായമുള്ള ഇന്ത്യന്‍ ട്വിറ്റര്‍ സുഹൃത്ത് പ്രണയ് പാത്തോളിനെ കണ്ടുമുട്ടിയ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ടെക്‌സസില്‍ വെച്ചാണ് പൂനെ സ്വദേശി പ്രണയുമായി മസ്‌ക് കൂടിക്കാഴ്ച നടത്തിയത്. ഏറെ കാലത്തെ സ്വപ്നം സാക്ഷാത്കരിച്ച സന്തോഷത്തിലാണ് പ്രണയ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ടെക്സാസിലെ ജിഗാഫാക്ടറിയില്‍ വെച്ച് മസ്‌കിനെ കണ്ടുമുട്ടിയ പ്രണയ് ഇന്നലെ മൈക്രോബ്ലോഗിംഗ് സൈറ്റില്‍ കോടീശ്വരനുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പങ്കുവെച്ചു.
”നിങ്ങളെ ടെക്സാസില്‍ വെച്ച് കണ്ടുമുട്ടിയത് വളരെ മഹത്തരമായിരുന്നു. ഇത്രയും വിനയമുള്ള ഒരാളെ ഇതുവരെ ഞാന്‍ കണ്ടിട്ടില്ല. നിങ്ങള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാണ്…” എന്നാണ് ചിത്രം പങ്കുവെച്ച് കൊണ്ട് പ്രണയ് കുറിച്ചത്. 2018 മുതല്‍ മസ്‌കും പ്രണയും സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കളാണ്.
ടെസ്ലയുടെ ഓട്ടോമാറ്റിക് വിന്‍ഡ്സ്‌ക്രീന്‍ വൈപ്പറുകളെക്കുറിച്ച് പ്രണയ് ട്വീറ്റ് ചെയ്തതോടെയാണ് ഇവരുടെ സൗഹൃദം ആരംഭിച്ചതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ആ ട്വീറ്റിന് ഇലോണ്‍ മസ്‌ക് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മറുപടിയും നല്‍കിയിരുന്നു. അങ്ങനെയാണ് മസ്‌കും പ്രണയും സൗഹൃദം ആരംഭിക്കുന്നത്.
പൂനെ സ്വദേശിയായ 23 കാരനായ പ്രണയും ചില്ലറക്കാരന്‍ അല്ല. ഈ ചെറുപ്പക്കാരന് ട്വിറ്ററില്‍ നിരവധി ഫോളോവേഴ്സുണ്ട്. 1.82 ലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററില്‍ അദ്ദേഹത്തിനുള്ളത്. മസ്‌കുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള ട്വീറ്റിന് ഇതിനകം 48 കെയിലധികം ലൈക്കുകളും 2 കെയിലധികം റീട്വീറ്റുകളും ലഭിച്ചു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) സോഫ്റ്റ്വെയര്‍ ഡെവലപ്പറായി ജോലി ചെയ്യുകയാണ് പ്രണയ്.