2020 ല്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ ബാസ്ക്കറ്റ് ബോള്‍ താരം കോബി ബ്രയന്റിന്റെ ഭാര്യ വനേസ ബ്രയന്റിന് 16 മില്യണ്‍ (ഏകദേശം 128 കോടി രൂപയോളം) നഷ്ടപരിഹാരം നല്‍കണമെന്നു വിധിച്ച് കോടതി.
അപകടത്തില്‍ മരിച്ച കോബി ബ്രയന്റിന്റെയും 13 കാരി മകളുടെയും ഭയാനകമായ ഫോട്ടോകള്‍ പങ്കുവെച്ചതിനാണ് ലോസ് ഏഞ്ചല്‍സ് കൗണ്ടി അധികൃതര്‍ക്കും അഗ്നിശമനാ സേനാ ഉദ്യോഗസ്ഥര്‍ക്കും കോടതി നഷ്ടപരിഹാരം വിധിച്ചത്.
ഇതേ അപകടത്തില്‍ ഭാര്യയും മകളും മരിച്ച ക്രിസ് ചെസ്റ്റര്‍ എന്നയാളും വനേസ ബ്രയന്റിനൊപ്പം പരാതി കൊടുത്തിരുന്നു. ചെസ്റ്ററിന് 15 മില്യണാണ് നഷ്ടപരിഹാരം വിധിച്ചത്.
സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ കൗണ്ടി പ്രതിനിധികളും അഗ്നിശമന സേനാംഗങ്ങളും മരിച്ചവരുടെ ചിത്രങ്ങള്‍ പകര്‍ത്തി പങ്കുവെച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പരാതിക്കാര്‍ക്ക് വൈകാരിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും കോടതി നിരീക്ഷിച്ചു. വിധി വായിച്ചപ്പോള്‍ കരയുകയായിരുന്നു വനേസ.
കോബി ബ്രയന്റിന്റെ ജന്‍മ ദിനത്തിന്റെ പിറ്റേന്നാണ് വിധി പ്രസ്താവിച്ചത്. ബ്രയന്റ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഓഗസ്റ്റ് 24-ന് അദ്ദേഹത്തിന് 44 വയസ് തികയുമായിരുന്നു.
വിധി വന്നതിനു ശേഷം വനേസ ബ്രയന്റ് തന്റെ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു. “എല്ലാം നിനക്കായ്, ഞാന്‍ നിന്നെ സ്നേഹിക്കുന്നു, കോബിക്കും ജിജിക്കും നീതി”, എന്നാണ് ചിത്രത്തിനൊപ്പം വനേസ പോസ്റ്റ് ചെയ്തത്.
വിധിയെക്കുറിച്ച് കോടതി മുറിക്ക് പുറത്ത് അഭിപ്രായം പറയാന്‍ കൗണ്ടിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ വിസമ്മതിച്ചു.
ഈ ഫോട്ടോകളും വാര്‍ത്തകളും തന്റെ ദു:ഖം വര്‍ദ്ധിപ്പിച്ചെന്നും 11 ദിവസത്തെ വിചാരണയ്ക്കിടെ വനേസ ബ്രയന്റ് കണ്ണീരോടെ സാക്ഷ്യപ്പെടുത്തിയിരുന്നു.
”ന്യായമായ വിചാരണ പുറപ്പെടുവിച്ച ജൂറിയോടും ജഡ്ജിയോടും ഞങ്ങള്‍ നന്ദിയുള്ളവരാണ്”, എന്നാണ് ക്രിസ് ചെസ്റ്ററിന്റെ അഭിഭാഷകന്‍ ജെറി ജാക്‌സണ്‍ പറഞ്ഞത്. അവര്‍ കടന്നു പോയ വിഷമതകള്‍ക്കൊന്നും പരിഹാരം കാണാന്‍ ഈ പണം കൊണ്ടാകില്ലെന്നും ജെറി ജാക്‌സണ്‍ കൂട്ടിച്ചേര്‍ത്തു.
വനേസ ബ്രയന്റും അഭിഭാഷകനും കോടതിക്ക് പുറത്ത് അഭിപ്രായം പ്രകടിപ്പിക്കാന്‍ വിസമ്മതിച്ചിരുന്നു. വനേസയുടെ കണ്ണ് നിറഞ്ഞിരിക്കുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ക്യാമറകള്‍ പകര്‍ത്തുകയും ചെയ്തിരുന്നു. കോബിക്കും വനേസക്കും ജിയാന്ന അടക്കം നാലു പെണ്‍മക്കളാണുള്ളത്.
മുന്‍ ബാസ്ക്കറ്റ് ബോള്‍ താരവും അഞ്ച് തവണ എന്‍ബിഎ ചാമ്ബ്യനുമായ കോബി ബ്രയന്റ്, മകള്‍ ജിയാനയ്ക്കും മറ്റ് ഏഴ് പേര്‍ക്കുമൊപ്പം ഒരു ബാസ്‌ക്കറ്റ്‌ബോള്‍ മല്‍സരത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെയാണ് മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ലോസ് ഏഞ്ചല്‍സിന് പടിഞ്ഞാറുള്ള കാലബാസസിലെ കുന്നുകളില്‍ തകര്‍ന്നു വീഴുകയായിരുന്നു.