ചെറിയാന് മഠത്തിലേത്ത്
ഹൂസ്റ്റണ്‍: എഴുത്തുകാരുടെയും സാഹിത്യ സ്നേഹികളുടെയും ഹൂസ്റ്റണിലെ പ്രഥമ മലയാളി കൂട്ടായ്മയായ, കേരള റൈറ്റേഴ്സ് ഫോറത്തിന്റെ ഈ മാസത്തെ മീറ്റിങ്ങില്‍, ‘കാശിയിലേയ്ക്കൊരു പദയാത്ര’, ‘ദുരന്തങ്ങള്‍’, എന്നീ കഥകളും ‘ജനാധിപത്യത്തില്‍നിന്ന് ധനാധിപത്യത്തിലൂടെ ഏകാധിപത്യത്തിലേയ്ക്ക്’ എന്ന ലേഖനവും ക്രിയാത്മക ചര്‍ച്ചയ്ക്ക് വിധേയമാക്കി.
റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ് അധ്യക്ഷത വഹിച്ച യോഗം, റൈറ്റേഴ്സ് ഫോറത്തിന്റെ ലൈഫ് മെമ്പര്‍ ജോസഫ് വാഴപ്പള്ളിയുടെ ഭാര്യ ത്രേസ്സ്യാമ ജെ വാഴപ്പള്ളി, മൂന് പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ഭാര്യ ഏലിയാമ്മ മണ്ണിക്കരോട്ട് എന്നിവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
യോഗം ആദ്യം ചര്‍ച്ചയ്ക്കെടുത്തത് ‘കാശിയിലേക്കൊരു പദയാത്ര’ എന്ന എന്റെ കഥയാണ്. ഭൗതിക ജീവിത സുഖങ്ങളും, സ്വത്തുവകകളും വെടിഞ്ഞ് സന്യാസം സ്വീകരിച്ച് കാശിയിലേക്ക് നടന്നുപോകുന്ന വ്യക്തിയുടെ കഥയാണിത്. ആ യാത്രയില്‍ അയാള്‍ നിരവധി പ്രതിബന്ധങ്ങള്‍ നേരിട്ടു. എന്നാല്‍ അനാഥരായ ഏതാനും ശിഷ്യന്മാര് സന്യാസിക്ക് ഭക്ഷണവും വെള്ളവുമൊക്കെ എത്തിച്ചുകൊടുത്തു.
യാത്ര തുടരവേ ഒരു സംഘം അക്രമകാരികള്‍ അവര്‍ക്കെതിരെ പാഞ്ഞടുത്തു. പക്ഷേ ഏറ്റവും അവസാനം അപ്രതീക്ഷിതമായുണ്ടായ ഒരപകടത്തില്‍ ആ ക്രിമിനല്‍ കൊല്ലപ്പെടുന്നതാണ് കഥയുടെ ചുരുക്കം. പുരാതന ഇന്ത്യയുടെ വാനപ്രസ്ഥം എന്ന ആശയം കഥയില്‍ ഉള്ച്ചേര്ത്തതിനെ ഏവരും അഭിനന്ദിച്ചു. ശാശ്വത സത്യത്തിലേക്ക് നടന്നടുത്ത് അതില്‍ ലയിക്കാനുള്ള ഒരു മനുഷ്യന്റെ നിയോഗവും ആര്‍ഷഭാരത പാരമ്പര്യത്തിന്റെ വിശേഷ മൂല്യങ്ങളുമാണ് കഥയിലെമ്പാടും നിഴലിക്കുന്നത്.
കഥയുടെ പശ്ചാത്തലവും വിവരണത്തിന്റെ ഭംഗിയും ഏറെ പ്രശംസനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. അതേസമയം പഴയ ആശയങ്ങളുടെ പേരില്‍ ആധുനിക ജീവിതത്തിന്റെ വെല്ലുവിളികളെ അത്ര പെട്ടെന്ന് നേരിടുവാന്‍ സാധിക്കുകയില്ലെന്ന അഭിപ്രായവും ഉയര്‍ന്നു.
ഇത്തവണത്തെ മികച്ച നോവലിനുള്ള ഫൊക്കാന സാഹിത്യ അവാര്‍ഡ് നേടിയ കുര്യന് മ്യാലില്‍ രചിച്ച ‘ദുരന്തങ്ങള്‍’ എന്ന കഥയാണ് അടുത്തതായി ചര്‍ച്ച ചെയ്തത്. മൈക്കിള്‍ എന്ന യുവാവാണ് കഥയിലെ നായകന്. മൈക്കിളിന്റെ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ ഒരപകടത്തില്‍ മരണമടഞ്ഞു. തുടര്‍ന്ന് മുത്തച്ഛനും, മുത്തശ്ശിയുമാണ് അവനെ വളര്‍ത്തി വലുതാക്കിയത്. 20 വയസ്സായപ്പോള്‍ മൈക്കിള്‍ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അളവറ്റ സ്വത്തിന്റെ അവകാശിയായി മാറി.
നിര്‍ഭാഗ്യവശാല്‍ ചില രാഷ്ട്രീയക്കാരുടെ വാഗ്ദാനങ്ങളില്‍ വിശ്വസിച്ച് അവനൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ മൈക്കിളിന്റെ സ്വത്തും പണവുമെല്ലാം നഷ്ടപ്പെട്ടു. അവന് നിരാശയുടെ പടുകുഴിയിലേക്കു വീണു. എന്ത് ചെയ്യണമെന്നറിയാതെ അലഞ്ഞ് നടക്കുമ്പോള്‍ മുത്തച്ഛനും മുത്തശ്ശിയും ഒളിപ്പിച്ചു വച്ചിരുന്ന സ്വത്തിന്റെ അവകാശിയായി മൈക്കിള്‍ മാറുന്ന നാടകീയതയില്‍ കഥ അവസാനിക്കുന്നു.
നാട്ടിലെ സാമൂഹികമായ അരാജകത്വത്തെ ചൂണ്ടിക്കാണിക്കുന്നതാണ് കഥയെന്ന് ചര്‍ച്ചയില്‍ അഭിപ്രായം ഉണ്ടായി. രാഷ്ട്രീയ പാര്‍ട്ടകളുടെ കപടമുഖമാണ് കഥയിലൂടെ വെളിച്ചത്ത് കൊണ്ടുവന്നത്. എന്നാല്‍ ഒരുവന് ഒരു സുപ്രഭാതത്തില്‍ അധ്വാനിക്കാതെ സ്വത്തും പണവും ലഭിക്കുമ്പോള്‍ ഉത്തരവാദിത്വമില്ലാതെ അത് നശിപ്പിച്ചു കളയുന്ന പ്രവണതയാണ് കഥയുടെ മുഖ്യപ്രതിപാദ്യ വിഷയമെന്നും രാഷ്ട്രീയ സംവിധാനത്തിന്റെ ജീര്‍ണാവസ്ഥയാണ് തന്റെ കഥയിലൂടെ കുര്യന് മ്യാലില്‍ ചൂണ്ടിക്കാണിക്കുന്നതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
അടുത്തതായി ജോണ്‍ മാത്യു എഴുതിയ ‘ജനാധിപത്യത്തില്‍നിന്ന് ധനാധിപത്യത്തിലൂടെ ഏകാധിപത്യത്തിലേയ്ക്ക്’ എന്ന ലേഖനമാണ് വിശകലനം ചെയ്യപ്പെട്ടത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനാധിപത്യമൂല്യങ്ങളെ സംബന്ധിച്ച വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ലോകം മുഴുവന്‍ ജനാധിപത്യം പുലരുമെന്ന് ഏവരും ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു. എന്നാല്‍ അതിനു വിരുദ്ധമായ കാര്യങ്ങളാണ് സംഭവിച്ചത്.
പണത്തിന്റെയും മതത്തിന്റെയും സ്വാധീനം നേതാക്കളെ ഏകാധിപതികളാക്കി മാറ്റുകയായിരുന്നു. ലോകത്ത് നിലലില്‍ക്കുന്ന ദുര്‍ബലമായ ജനാധിപത്യത്തിന്റെ ആനുകാലിക അവസ്ഥയും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ വികസനത്തിന്റെ പ്രകാശവും വെളിവാക്കുന്ന ജോണ്‍ മാത്യുവിന്റെ നിരീക്ഷണങ്ങളെ യോഗം അഭിനന്ദിച്ചു. മതഭ്രാന്തില്‍ ജനാധിപത്യം കശാപ്പു ചെയ്യുന്ന സൂചനയും ലേഖനം നല്‍കുന്നതായി അഭിപ്രായപ്പെടുന്നു.
തുടര്‍ന്ന് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പബ്ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍, സെക്രട്ടറി, ട്രഷറര്‍ വിവിധ കമ്മിറ്റി അധ്യക്ഷന്മാര് തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
കേരള റൈറ്റേഴ്സ് ഫോറം 34-ാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുകയാണെന്ന് കമ്മിറ്റി അംഗങ്ങള്‍ അറിയിച്ചു. സ്റ്റാഫോര്‍ഡിലെ കേരള കിച്ചണ്‍ റസ്റ്റോറന്റില്‍ സെപ്റ്റംബര്‍ 17-ാം തീയതി ശനിയാഴ്ച രാവിലെ 11 മണി മുതല്‍ 2.30 വരെ നടക്കുന്ന വാര്‍ഷികാഘോഷത്തില്‍ സാഹിത്യ സമ്മേളനം, റൈറ്റേഴ്സ് ഫോറം സമാഹാര പ്രകാശനം, ഓണാഘോഷം, പുസ്തക പ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും സംഘാടകനുമായ ഈശോ ജേക്കബിന്റെ പേരില്‍ പ്രസിദ്ധപ്പെടുത്തുന്ന സുവനീറിന്റെ ജോലികള്‍ പുരോഗമിക്കുന്നു. ഇതിലേയ്ക്ക് റൈറ്റേഴ്സ് ഫോറം അംഗങ്ങള്‍ സൃഷ്ടികള്‍ വേഗം നല്‍കണമെന്ന് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
കേരള റൈറ്റേഴ്സ് ഫോറത്തിന്റെ ഈ യോഗത്തില്‍ ഡോ. മാത്യു വൈരമണ്, മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, മാത്യു മത്തായി, ജോസഫ് തച്ചാറ, ചെറിയാന് മഠത്തിലേത്ത്, ശ്രീകുമാര്‍ മേനോന്, എ.സി ജോര്‍ജ്, ടി.ജെ ഫിലിപ്പ്, തോമസ് വര്‍ഗീസ് കളത്തൂര്‍, റവ. തോമസ് അമ്പലവേലില്‍ അച്ചന് എന്നിവരും പങ്കെടുത്തു. 4 മണിക്ക് തുടങ്ങി വൈകിട്ട് 6 മണിക്ക് സമാപിച്ച യോഗത്തില്‍ മാത്യു മത്തായി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.