ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടന്ന എട്ടാമത് വോളിബോള്‍ ടൂര്‍ണമെന്റിന്റെ ആവേശോജ്വലമായ ഫൈനല്‍ മത്സരത്തില്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് -എ ടീമിനെ നേരിട്ടുള്ള (30) സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി സെന്‍റ് ജോസഫ് സീറോ മലബാര്‍ ബി ടീം കിരീടത്തില്‍ മുത്തമിട്ട് റവ.ഫാ. ടി.എം പീറ്റര്‍ എവര്‍റോളിങ് ട്രോഫി സ്വന്തമാക്കി. .
സെപ്റ്റംബര്‍ 25 ശനിയാഴ്ച ഹൂസ്റ്റണ്‍ ട്രിനിറ്റി സെന്ററില്‍ നടന്ന വോളിബോള്‍ മാമാങ്കത്തില്‍ ഏഴ് ടീമുകള്‍ പങ്കെടുത്തു. ഹൂസ്റ്റണ്‍ വോളിബോള്‍ പ്രേമികളെ ഉദ്വേഗജനകമായ ആവേശത്തിലെത്തിച്ച സെമി ഫൈനല്‍ മത്സരങ്ങളില്‍ സെന്റ്് ജോസഫ് സീറോ മലബാര്‍-ബി ടീം നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്ക് ട്രിനിറ്റി മാര്‍ത്തോമ്മാ ചര്‍ച്ച് ടീമിനെ പരാജയപ്പെടുത്തിയപ്പോള്‍, സെന്റ്് മേരീസ് കാത്തലിക് -എ ടീം ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് സെന്റ്് ജോസഫ് സീറോ മലബാര്‍ “എ’ ടീമിനെ കീഴടക്കി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള എംവിപി ട്രോഫി സെന്റ് ജോസഫ് സീറോ മലബാര്‍ ബി ടീമംഗമായ അലോഷി മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ഡിഫന്‍സീവ് പ്ലെയര്‍ ആയി ബിനോയ് ജോര്‍ജ് (സെന്റ് ജോസഫ് സീറോ മലബാര്‍ ബി ടീം), ബെസ്റ്റ് ഒഫന്ററായി (ഹിറ്റര്‍) നോയെല്‍ ഷിബു (സെന്റ് മേരീസ് ക്‌നാനായ കാത്തലിക്), ബെസ്റ്റ് സെറ്ററായി റയാന്‍ ഫിലിപ്പ് (സെന്റ് മേരീസ് കനാനായ കാത്തലിക്), റൈസിംഗ് സ്റ്റാറായി ബാജിയോ അലക്‌സ് (സെന്റ് മേരിസ് സിറിയന്‍ ഓര്‍ത്തഡോക്‌സ്), എമെര്‍ജിങ് പ്ലേയര്‍ ആയി ഷോണ്‍ ജോസി (സെന്റ് ജോസഫ് സീറോ മലബാര്‍ എ ടീം) എന്നിവര്‍ അര്‍ഹരായി.
സെപ്റ്റംബര്‍ 25 ശനിയാഴ്ച രാവിലെ 8:30 ന് ആരംഭിച്ച മത്സരങ്ങള്‍ ഐസിഇസിഎച്ച് പ്രസിഡന്റ് റവ: ഐസക് ബി പ്രകാശ് ഉദ്ഘാടനം ചെയ്തു. റഫറിമാരായ ജോണ്‍സണ്‍ ഉമ്മനും, വിനോദ് ചെറിയാനും മത്സരങ്ങള്‍ നിയന്ത്രിച്ചു.
അലക്‌സ് പാപ്പച്ചന്‍, നൈനാന്‍ വെട്ടിനാല്‍, ഷാജി പുളിമൂട്ടില്‍ എന്നിവരടങ്ങുന്ന ടീം സ്‌കോര്‍ ബോര്‍ഡ്, മത്സരങ്ങളുടെ തല്‍സമയ അനൗണ്‍സ്‌മെന്റുകള്‍ നടത്തി ടൂര്‍ണമെന്റിന് മാറ്റുകൂട്ടി. ഐസിഇസിഎച്ച് സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റവ:ഫാ.ജെക്കു സക്കറിയ, കമ്മറ്റി അംഗങ്ങളായ റെജി കോട്ടയം, നൈനാന്‍ വെട്ടിനാല്‍, ബിജു ചാലക്കല്‍, ജോണ്‍സണ്‍, സന്തോഷ് തുണ്ടിയില്‍ എന്നിവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.
ടൂര്‍ണമെന്റില്‍ വിശിഷ്ടാതിഥിയായ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
എക്യൂമിനിക്കല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളുടെ കൂട്ടായ്മയും ഐക്യവും സൗഹൃദവുമാണ് വിജയകരമായി ഈ ടൂര്‍ണമെന്‍റ് നടത്തുവാന്‍ തങ്ങള്‍ക്ക് സാധിച്ചതെന്നു കഴിഞ്ഞ എട്ടു വര്‍ഷമായി ഐസിഇസിഎച്ച് സ്‌പോര്‍ട്‌സ് കണ്‍വീനറായി സ്തുത്യര്‍ഹ സേവനമനുഷ്ഠിക്കുന്ന റവ. ഫാ. ജെക്കു സഖറിയ ഓര്‍മിപ്പിച്ചു.
റെജി കോട്ടയം ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും, ടൂര്‍ണമെന്‍റ് നടത്തിപ്പിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും, കാണികളായി എത്തിയ എല്ലാ ഹൂസ്റ്റണ്‍ വോളിബോള്‍ പ്രേമികള്‍ക്കും ഹൂസ്റ്റണ്‍ എക്യൂമിനിക്കല്‍ സ്‌പോര്‍ട്‌സ് കമ്മറ്റി കൃതജ്ഞത അറിയിച്ചു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി