ന്യൂജേഴ്സി : വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റിജീയന്റെ ഈ വർഷത്തെ മാധ്യമ അവാർഡിന് കേരളടൈംസ് ചീഫ് എഡിറ്റർ ഫ്രാസിൻസ് തടത്തിൽ അർഹനായി. മികച്ച ഗ്രന്ഥകർത്താവിനുള്ള അവാർഡിന് ആൻഡ്ര്യൂസ് കുന്നുപറമ്പിൽ, കവിതയ്ക്കുള്ള പുരസ്‌ക്കാരത്തിന് സോയ നായർ അർഹയായി. സരോജ വർഗീസ്, എന്നിവർ അർഹരായി. നോർത്ത് അമേരിക്കയിൽ മലയാള ഭാഷയ്ക്ക് ഇവർ നൽകിയ സമഗ്ര സംഭാവനകൾ മാനിച്ചാണ് വേൾഡ് മലയാളി കൗൺസിൽ അമേരിക്കൻ റീജിയൻ ഈ നാലുപേർക്കും അവാർഡ് നൽകി ആദരിക്കുന്നത്. നാളെ, ഒക്ടോബര്‍ 30ന് (ശനിയാഴ്ച) വൈകുന്നേരം 4 ന് ന്യൂജേഴ്‌സിയിലെ സോമെർസെറ്റിലുള്ള സീറോ മലബാർ ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ (ഫെലോഷിപ്പ് ഹാളില്‍ ) വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയണിന്റെ സഹകരണത്തോടെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കേരളപ്പിറവി ആഘോഷപരിപാടിയോടനുബന്ധിച്ചുള്ള ചടങ്ങിൽ വച്ചാണ് അവാർഡുകൾ വിതരണം ചെയ്യുന്നത്. അഡ്രസ്: 508 Elizabeth Ave, Somerset, NJ.
അമേരിക്കയിൽ മലയാള ഭാഷയുടെ സമഗ്രമായ വളർച്ചയ്ക്ക് ഇവർ നൽകിയ സംഭാവനകൾ നിസ്തുലമാണെന്ന് ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, പ്രസിഡന്റ് സുധീർ നമ്പ്യാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിൽ, ട്രഷറർ സിസിൽ ചെറിയാൻ, എന്നിവർ പറഞ്ഞു. ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നുള്ള എഴുത്തുകാരെയാണ് ഇത്തവണ അവാർഡിന് പരിഗണിച്ചതെന്നും ഡബ്ല്യൂ.എം.സി അമേരിക്ക റീജിയൻ ഭാരവാഹികൾ അറിയിച്ചു.
കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി മലയാള പത്രപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫ്രാൻസിസ് തടത്തിൽ ഒന്നര പതിറ്റാണ്ടിലേറെയായി അമേരിക്കയിൽ വിവിധ മാധ്യമങ്ങളിലൂടെ മാധ്യമ പ്രവർത്തനം നടത്തി വരികയും ഭാഷയെയും എഴുത്തുകാരെയും പ്രോത്സാഹിപ്പിച്ചുവരികയും ചെയ്യുന്ന അതുല്ല്യ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും ഉരുത്തിരിഞ്ഞ മികവുറ്റ ലേഖനങ്ങൾ അമേരിക്കൻ മലയാളികളികൾക്കിടയിൽ ഏറെ ചിന്താദീപ്തമായിരുന്നുവെന്നത് കണക്കിലെടുത്താണ് ഈ അവാർഡ്. രക്താർബുദം തകർത്ത ജീവിതത്തിലെ അന്ഗ്നി പരീക്ഷകൾക്ക് മുൻപിൽ പതറാതെ കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ പടവെട്ടി വിജയിച്ചാണ് ഫ്രാൻസിസ് തടത്തിൽ മാധ്യമ പ്രവർത്തന രംഗത്തേയ്ക്ക് വീണ്ടും മടങ്ങി വന്നതെന്നും ഡബ്ള്യു.എം.സി. ഭാരവാഹികൾ പറഞ്ഞു.
കഥാ സരസിലെ സരോജം എന്ന് കലായവനികയിൽ മറഞ്ഞ പ്രസിദ്ധ സാഹിത്യകാരൻ ജോയൻ കുമരകം വിശേഷിപ്പിച്ച സരോജ വർഗീസ് അമേരിക്കയിലെ മലയാള സാഹിത്യ രംഗത്ത് പകരം വയ്ക്കാനില്ലാത്ത എഴുത്തുകാരിയാണെന്ന് ഡബ്ള്യു.എം.സി. ഭാരവാഹികൾ പറഞ്ഞു. കഥ , കവിത, ഗാനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, യാത്ര വിവരണം, ആത്മകഥ തുടങ്ങിയ മേഖലകളിലെല്ലാം കൈയ്യൊപ്പ് ചാർത്തിയിട്ടുള്ള സരോജ വർഗീസ് അമേരിക്കയിൽ മലയാള ഭാഷയ്ക്ക് നൽകിയ സംഭാവന എടുത്തുപറയേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി.
അമേരിക്കൻ മലയാളികളെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ കേരളൈറ്റ്‌സ് ഇൻ അമേരിക്ക എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ആൻഡ്രൂസ് പി. കുന്നുംപുറത്തിൽ ആ ഒരു പുസ്തകം കൊണ്ടുതന്നെ അമേരിക്കയിലെ മലയാളികൾക്കും മലയാള ഭാഷയും നൽകിയ സമഗ്ര സംഭാവന വിവരണീയമാണെന്ന് സംഘാടകർ പറഞ്ഞു. കേരളീയ സംസ്‌കാരം, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രങ്ങൾ, ആയിരത്തിലധികം മലയാളികളുടെ ജീവചരിത്രക്കുറിപ്പുകൾ, സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മാധ്യമ മത സംഘടനകളുടെ വിവരങ്ങൾ, ചരിത്രഅറിവുകൾ എന്നിവയുൾക്കൊള്ളുന്ന ഈ പുസ്തകം അമേരിക്കയിലെ ഒട്ടുമിക്ക പബ്ലിക്ക് ലൈബ്രറികളിലും ലഭ്യമാണ്. കൂടാതെ നിരവധി സാമൂഹിക- സാംസ്‌കാരിക- സംഘടനാ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ള ആദ്യകാല മലയാളികളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹമെന്നും സംഘാടകർ പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡണ്ട് ഗോപാല പിള്ള, വൈസ് പ്രസിഡണ്ട് (ഓർഗനൈസഷൻ) പി.സി. മാത്യു, അമേരിക്കൻ റീജിയൺ അഡ്വൈസറി ബോർഡ് ചെയർമാൻ ചാക്കോ കോയിക്കേലത്ത്, അമേരിക്കൻ റീജിയണൽ വൈസ് പ്രസിഡണ്ട്മാരായ എൽദോ പീറ്റർ, ജോൺസൺ തലച്ചെല്ലൂർ, മാത്യു ഏബ്രഹാം, ജോർജ് കെ. ജോൺ, വൈസ് ചെയർമാൻ ഫിലിപ്പ് മാരേട്ട്, വൈസ് ചെയർപേഴ്സൺ ശാ ന്ത പിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ഫ്രാൻസിസ് തടത്തിൽ
പത്രപ്രവർത്തനത്തിൽ 27 വർഷത്തെ പ്രവർത്തനപാരമ്പര്യമുള്ള ഫ്രാൻസിസ് തടത്തിൽ 16 വർഷത്തോളമായി അമേരിക്കയിൽ പത്ര പ്രവർത്തകനാണ്.
1994 ൽ ദീപിക ദിനപത്രത്തിൽ ചേർന്ന ഫ്രാൻസിസ് തടത്തിൽ നിരവധി പുരസ്‌ക്കാരങ്ങൾക്ക് നേരത്തെയും അർഹനായിരുന്നു. രാഷ്ട്രദീപിക കൊച്ചി ബ്യൂറോചീഫ്, തിരുവനന്തപുരം റിപ്പോർട്ടർ, രാഷ്ട്രദീപിക കോഴിക്കോട് ബ്യൂറോ ചീഫ്, യൂണിറ്റ് ഇൻ-ചാർജ് എന്നീ നിലകളിൽ പ്രവർത്തനം, ദീപിക പാലക്കാട് ബ്യൂറോചീഫ്, മംഗളം ദിനപത്രം കോഴിക്കോട് യൂണിറ്റ് എഡിറ്റർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പത്രപ്രവർത്തനത്തന മികവിന് രണ്ട് അവാർഡുകൾ ലഭിച്ചിട്ടുണ്ട്,
ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് അമേരിക്കയുടെ 2017 ലെ മികച്ച പത്രപ്രവർത്തകനുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 1997ൽ പുഴങ്കര ബാലനാരായണൻ പ്രഥമ പുരക്കാരം, പ്ലാറ്റൂൺ അവാർഡ് , 2018ൽ മികച്ച ലേഖകനുള്ള ഫൊക്കാനയുടെ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്.
അമേരിക്കൻ മലയാളി ചാനൽ ആയിരുന്ന എം.സി.എൻ. ചാനലിന്റെ എഡിറ്റോറിയൽ ഡയറക്ടർ ആയിരുന്നു. എം.സി.എൻ.ചാനലിനു വേണ്ടി “കരമവീഥിയിലൂടെ” എന്ന അഭിമുഖ പരിപാടിയിലൂടെ 40ൽ അധികം എപ്പിസോഡുകൾ ചെയ്തു. കൂടാതെ അമേരിക്കയിലെ പുതുതലമുറയിലേക്ക് ഇന്ത്യൻ വാർത്തകൾ എത്തിക്കുന്നതിനായി “ഇന്ത്യ ദിസ് വീക്ക്” എന്ന പ്രതിവാര വാർത്ത അപഗ്രഥന പരിപാടിയുടെ സ്ക്രിപ്റ്റ് റൈറ്ററും ഡയറക്ടറും ആയിരുന്നു.
നിരവധി കാലിക പ്രസക്തിയുള്ള ശ്രദ്ധേയമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. നിലവിൽ അമേരിക്കൻ പ്രവാസികൾക്കായി എഴുതുന്നു. അമേരിക്കൻ മാധ്യമ രംഗത്തും സജീവം. പത്രപ്രവർത്തന പരിശീലന കളരിയായിരുന്ന തൃശൂരിൽ ട്രെയിനി എന്ന നിലയിൽ പ്രവർത്തിച്ചപ്പോൾ ഉണ്ടായ റിപ്പോർട്ടിങ്ങ് അനുഭവങ്ങൾ കോർത്തിണക്കി പ്രസിദ്ധീകരിച്ച നാലാം തൂണിനപ്പുറം എന്ന പുസ്‌കത്തിന്റെ രചയിതാവാണ്. പത്രപ്രവർത്തക പരിശീലിക്കുന്നവർക്ക് തികച്ചും ഒരു മികച്ച റെഫെറെൻസ് ഗന്ധമാണിത്.
നിലവിൽ റോബർട്ട് വുഡ് ജോൺസൺ ഹോസ്പിറ്റലിൽ ഹെൽത്ത് ഇൻഫർമേഷൻ അഡ്മിനിസ്‌ട്രേറ്ററായും പ്രവർത്തിക്കുന്നു. കോഴിക്കോട് സ്വദേശി കോഴിക്കോട് ദേവഗിരി കോളേജിലെ റിട്ടയേർഡ് ഇംഗ്ലീഷ് വിഭാഗം അധ്യാപകൻപരേതനായ പ്രഫ. ടി.കെ.മാണിയുടെയും എലിസബത്ത് മാണിയുടെയും ഇളയ മകൻ. ഭാര്യ: നെസി തോമസ് ( അക്യൂട്ട് കെയർ നഴ്സ് പ്രാക്ടീഷണർ, സെയിന്റ് ബർണബാസ് മെഡിക്കൽ സെന്റർ, ലിവിങ്സ്റ്റൺ ). മക്കൾ: ഐറിൻ, ഐസക്ക്.
സരോജ വർഗീസ്
അമേരിക്കൻ മലയാള സാഹിത്യത്തിൽ ആദ്യകാല എഴുത്തുകാരിയാണ് സരോജ വർഗീസ്. ഔദ്യോഗിക ആവശ്യങ്ങൾക്കായി അമേരിക്കയിൽ താമസിക്കുമ്പോഴും സ്വന്തം നാട്ടിന്റെ ശാലീനതയും സൗന്ദര്യവുമാണ് സരോജ വർഗീസിന്റെ എഴുത്തുകളിൽ പ്രത്യക്ഷപ്പെടുന്ന ബിംബങ്ങൾ. മലയാള ഭാഷയ്ക്ക് പുതിയ മാനം നൽകിയ എഴുത്തുകാരിയാണ് സരോജ. മനുഷ്യമനസിലെ വികാര വിചാരങ്ങൾക്ക് അതിഭാവുകത്വമില്ലാതെ ലളിതമായ ശൈലിയിലൂടെ സാഹിത്യത്തിൽ ഇടംനൽകിയ എഴുത്തുകാരിയാണ് സരോജ. ഈടുറ്റ നിരവധി ലേഖനങ്ങളിലൂടെ ആനുകാലിക പ്രധാന്യമുള്ള നിരവധി ലേഖനങ്ങൾ ഏറെ തന്മയത്വത്തോടെ വായനക്കാരിലേക്ക് എത്തിച്ച സരോജ വർഗീസ് മത സൗഹാർദ്ദ സന്ദേശത്തിലൂന്നി മതാന്ധതയുടെ മൂടുപടം വലിച്ചെറിഞ്ഞ കൃതികൾ സമ്മാനിച്ച എഴുത്തുകാരിയാണ്.
പ്രവാസത്തിന്റെ ചീത്ത വശങ്ങൾ മാത്രം രേഖപ്പെടുത്തുന്ന എഴുത്തുകാരിൽ നിന്ന് ഏറെ വ്യത്യതയോടെ ചരിച്ച സരോജ എന്നും പ്രവാസലോകത്തെ നന്മയുടെ വശങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു തന്റെ രചനകൾ നടത്തിയിരുന്നത്. മാതൃഭാഷയും സംസ്‌കാരവും പ്രവാസികളുടെ പുതിയ തലമുറയിൽ നിന്നും അകന്ന് പോവുന്ന പുതിയ കാലത്ത് ഭാഷയെ തിരികെ പിടിക്കാൻ സരോജ വർഗീസ് നടത്തുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. കഥ, ലേഖനങ്ങൾ, കവിത, ഗാനങ്ങൾ, യാത്രാവിവരണം, ഓർമ്മകുറിപ്പുകൾ തുടങ്ങി എഴുത്തിന്റെ സമസ്ത മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച സർഗ പ്രതിഭയാണ് സരോജ എന്ന എഴുത്തുകാരി.
അമേരിക്കൻ മലയാളി എഴുത്തുകാരുടെ സംഘടനയായ ലാന യുടെ 2014-16 കാലഘട്ടത്തിലെ ജോ-സെക്രട്ടറിയായിരുന്നു.ഭർത്താവ്: പരേതനായ മാത്യു വർഗീസ്. മക്കൾ: മഞ്‍ജു മാത്യു, മജു മാത്യു (പ്രസിഡണ്ട് ജോ ബൈഡന്റെ പേർസണൽ സ്റ്റാഫ്)
ആന്‍ഡ്രൂസ് പി കുന്നുപറമ്പില്‍
പ്രമുഖ എഴുത്തുകാരനായ ആൻഡ്രൂസ് പി കുന്നുപറമ്പിൽ കോട്ടയം കുറിച്ചി കുന്നുപറമ്പിൽ കുടുംബാംഗമാണ്. കേരളൈറ്റ്‌സ് ഇൻ അമേരിക്ക എന്ന പുസ്തകത്തിന്റെ എഡിറ്ററാണ് ഇദ്ദേഹം. അമേരിക്കൻ മലയാളികളെക്കുറിച്ച് ആൻഡ്രൂസ് കുന്നുപറമ്പിൽ എഴുതിയ കേരളൈറ്റ് ഇൻ അമേരിക്ക എന്ന കമ്യൂണിറ്റി റഫറൻസ് പുസ്തകം വിജ്ഞാനത്തിന്റെ അപൂർവ്വ ശേഖരമാണ്. കേരളീയ സംസ്‌കാരം, ഭൂമിശാസ്ത്രപരമായ വിവരങ്ങൾ, അമേരിക്കൻ മലയാളികളുടെ കുടിയേറ്റ ചരിത്രങ്ങൾ, ആയിരത്തിലധികം മലയാളികളുടെ ജീവചരിത്രക്കുറിപ്പുകൾ, സാമൂഹിക സാംസ്‌കാരിക സാമ്പത്തിക മാധ്യമ മത സംഘടനകളുടെ വിവരങ്ങൾ, ചരിത്രഅറിവുകൾ എന്നിവയുൾക്കൊള്ളുന്നതാണ് പുസ്തകം.
ഫൊക്കാനയുടെ ആദ്യകാല സംഘാടകൻ, കേരളാ കൾച്ചറൽ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്, സെക്രട്ടറി, ബോർഡ് മെമ്പർ, ജോസ് ജോസഫ് മലയാളം സ്‌കൂളിന്റെ പ്രിൻസിപ്പൽ, നോർത്ത് അമേരിക്കൻ ക്നാനായ കമ്മ്യൂണിറ്റിയുടെ ഓഡിറ്റർ, പബ്ലിക്കേഷൻ കമ്മിറ്റി മെമ്പർ, ലോംഗ് ഐലന്റ് സെന്റ്. ജോസഫ് ഇടവകയുടെ സെക്രട്ടറി, ഫൊക്കാന റീജിയണൽ ആൻഡ് കെസിഎൻഎ ജൂബിലി സമ്മേളനത്തിന്റെ കോർഡിനേറ്റർ, യോങ്കേഴ്സ് സെന്റ്. ഇഗ്‌നാനിത്തിയോസ് ഇടവകയുടെ ട്രഷറർ, ഏഷ്യ ബുക്ക് മാർക്കറ്റിംഗ് ഡയറക്ടർ, കേരളാ റിസർച്ച് ആൻഡ് മാർക്കറ്റിംഗ് സർവ്വീസിന്റെ പ്രസിഡന്റ്, ന്യൂജേഴ്സി സെന്റ് തോമസ് ഇടവകയുടെ സ്ഥാപക മെമ്പർ, ക്നാനായ കമ്യൂണിറ്റി സെന്റർ ഓഫ് നോർത്ത് അമേരിക്കയുടെ ആദ്യകാല സംഘാടകൻ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
1975ലാണ് ആൻഡ്രൂസ് പി കുന്നുപറമ്പിൽ അമേരിക്കയിലെത്തുന്നത്. അതിനു മുൻപ് അദ്ദേഹം ബോംബെ നേവൽ ഡോക്ക്യാർഡിൽ ഉദ്യോഗസ്ഥനായിരുന്നു. അമേരിക്കയിലെത്തിയ ശേഷം റെസ്പിറേറ്ററി തെറാപ്പിയിൽ ബിരുദമെടുത്തു. പിന്നീട് നാസാ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ 27 വർഷം റെസ്പിറേറ്ററി തെറാപ്പിസ്റ്റായി ജോലി ചെയ്തു. മൂന്നു വർഷം മുൻപ് അദ്ദേഹം കുന്നുപറമ്പിൽ ഫൗണ്ടേഷൻ എന്ന പേരിൽ എഡുക്കേഷണൽ ആൻഡ് ചാരിറ്റി ട്രസ്റ്റ് സ്ഥാപിച്ചു. നിലവിൽ കുന്നുപറമ്പിൽ ഫൗണ്ടേഷൻ ചെയർമാനായി പ്രവർത്തിക്കുകയാണ്. രജിസ്ട്രേഡ് നഴ്സായ ശോശാമ്മയാണ് ഭാര്യ ജിംസി, ജോബി, ജോയൽ എന്നിവരാണ് മക്കൾ.
സോയ നായർ
അമേരിക്കയിലെ മലയാളം കവിത രചന രംഗത്ത് അടുത്ത കാലത്ത് ഏറ്റവും മികച്ച രചനകൾകൊണ്ട് ശ്രദ്ധേയയായ യുവ കാവയത്രിയാണ് സോയ നായർ. ആനുകാലിക സംഭവങ്ങളെ കവിതാത്മകമായി രചനയിൽ ഉൾക്കൊള്ളിച്ച ഈ കവയത്രി പ്രസിദ്ധീകരിച്ച കവിതസംഹാരങ്ങൾ അമേരിക്കയിൽ മാത്രമല്ല, മറ്റു പ്രവാസലോകത്തും കേരളത്തിലും ഏറെ പ്രസിദ്ധമാണ്.
2013ല്‍ പായല്‍ബുക്‌സ് കണ്ണൂര്‍ പ്രസിദ്ധീകരിച്ച ‘ഇണനാഗങ്ങള്‍’ ആണ് ആദ്യ കവിതാ സമാഹാരം. ഇണനാഗങ്ങള്‍ക്ക് 2014ല്‍ മികച്ച കവിതാ സമാഹാരത്തിനുള്ള ഫോമാ സാഹിത്യ അവാര്‍ഡ് ലഭിച്ചു. അതേവര്‍ഷം തന്നെ ‘പ്രേതമേധ ജാഥ’ എന്ന കവിതയ്ക്ക് ഫൊക്കാന അവാര്‍ഡും ലഭിച്ചു. ‘സെല്‍ഫോണ്‍’, ‘പ്രേതമേധ ജാഥ’ എന്നീ കവിതകള്‍ ആകാശവാണിയില്‍ സംപ്രേഷണം ചെയ്തിരുന്നു.
അമേരിക്കയിൽ ഫിലാഡൽഫിയയിൽ താമസിക്കുന്ന സോയ ഫിലാഡല്‍ഫിയയില്‍ സീനിയര്‍ ക്വാളിറ്റി ടെസ്റ്ററായി ജോലി ചെയ്യുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ തുടങ്ങിയ എഴുത്ത് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ആനുകാലികങ്ങളിലുമായി ഇപ്പോഴും തുടരുന്നു.
2017ല്‍ രണ്ടാമത്തെ കവിതാ സമാഹാരം ‘യാര്‍ഡ് സെയില്‍’ തിരുവനന്തപുരം പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ചു. യുവസാഹിത്യകാരന്മാരെ കണ്ടെത്തുന്നതിനായി ഫെയ്‌സ്ബുക്ക് കൂട്ടായ്മയായ അക്ഷരമുദ്ര 2017ല്‍ നടത്തിയ കവിതാ മത്സരത്തില്‍ ‘ഒരു ബട്ടണ്‍ ക്ലിക്ക് ദൂരം’ എന്ന കവിതയ്ക്ക് അക്ഷരമുദ്ര പ്രഥമ സാഹിത്യ പുരസ്‌കാരം ലഭിച്ചു. ‘എറാ’ എന്ന പേരില്‍ ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്.
ആലപ്പുഴ നൂറനാട് പടനിലം സ്വദേശിനിയാണ് സോയ., എഴുത്തുകാരനും നാടകനടനും പത്രപ്രവര്‍ത്തകനുമായിരുന്ന പരേതനായ വേണാട്ട് ശിവന്‍കുട്ടിയുടേയും കവയിത്രിയും റിട്ട. സ്‌കൂള്‍ അധ്യാപികയുമായ വേണാട്ട് പ്രസന്നയുടയും മകളാണ്. നൂറനാട് പടനിലം നടുവിലേമുറിക്കരയിലാണ് ജനനം. കാര്‍മല്‍ പോളിടെക്‌നിക് പുന്നപ്രയില്‍ നിന്നും ഇലക്ട്രിക് എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും കോയമ്പത്തൂര്‍ മഹാരാജ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ബിരുദവും നേടി. ബിനു നായര്‍ ആണ് ഭര്‍ത്താവ്. അഭിനു നായര്‍, പ്രണയ നായര്‍ എന്നിവര്‍ മക്കള്‍.