ഹൂസ്റ്റൺ : ഫോമാ സതേൺ റീജിയൻ വാർഷിക മീറ്റിംഗ് ഒക്ടോബർ 23 ഞായറാഴ്ച വൈകുന്നേരം സ്റ്റാഫോഡ് സിറ്റിയിൽ നായർ പ്ലാസയിൽ ആർ വി പി.ഡോ.സാം ജോസഫിൻറെ അധ്യക്ഷതയിൽ കൂടുകയുണ്ടായി. നാഷണൽ കമ്മിറ്റി മെമ്പർ മാത്യൂസ് മുണ്ടക്കൽ സ്വാഗതം ആശംസിച്ചു.
കഴിഞ്ഞ പല വർഷങ്ങളായി ഫോമയുടെ അംഗമായിരുന്ന ശ്രീ.വത്സൻ മഠത്തിപ്പറമ്പിലിന് ഫോമാ സതേൺ റീജിയൻ യാത്രയയപ്പ് നൽകി.
ദീർഘ കാലം അമേരിക്കൻ മണ്ണിൽ പ്രവാസിയായിരുന്ന വത്സൻ മഠത്തിപ്പറമ്പിൽ കുടുംബസമേതം കേരളത്തിൽ സ്ഥിരതാമസത്തിന് പോകുന്നത് സതേൺ റീജിയനിന് തീരാ നഷ്ടമാണെന്നും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളും സംഭാവനകളും ഫോമക്ക് ഒരു മുതൽക്കൂട്ടായിരുന്നുവെന്നും ഫോമയുടെ ഫൗണ്ടർ പ്രസിഡൻറ് ശ്രീ ശശിധരൻനായർ പ്രസ്താവിക്കുകയുണ്ടായി.

ചടങ്ങിൽ എം. ജി. മാത്യു, ബാബു മുല്ലശ്ശേരി, ബാബു സക്കറിയ, ജോയി എൻ സാമുവൽ, രാജൻ യോഹന്നാൻ, തോമസ് ഒലിയൻകുന്നേൽ, തോമസ് വർക്കി തുടങ്ങിയവർ ആശംസകൾ നേർന്നു. ഫോമയുടെ സതേൺ റീജിയണൽ വുമൻസ് ഫോറം പ്രസിഡൻറ് ഷിബി റോയി വുമൻസ് ഫോറം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഉടൻതന്നെ ഒരു വിമൻസ് ഫോറം സതേൺ റീജനൽ സമ്മേളനം നടത്തുമെന്ന് അറിയിക്കുകയും ചെയ്തു.
കേരളത്തിൽ ഇക്കഴിഞ്ഞ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഗോ – ഫണ്ടിലൂടെ ധനസഹായം നൽകുന്നതിന് എല്ലാവരെയും ആഹ്വാനം ചെയ്തു. 2022 മെക്സിക്കോയിലെ കൺകൂണിൽ വെച്ച് നടക്കുന്ന ഗ്ലോബൽ കൺവെൻഷൻ ഹ്യൂസ്റ്റനിൽ നിന്ന് ഏറ്റവും കൂടുതൽ പ്രതിനിധികളെ പങ്കെടുപ്പിച്ച് കൺവെൻഷൻ വിജയകരമാക്കി തീർക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്നും ആർ വി പി ഡോ. സാം ജോസഫ് അറിയിച്ചു. സമ്മേളനത്തിൽ കടന്നുവന്നവർക്ക് അജു വാരിക്കാട് നന്ദി രേഖപ്പെടുത്തി.
