Wednesday, November 13, 2024

HomeAmericaസൗത്ത് കരോലിന പരീക്ഷണ ശാലയിൽ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയി: കണ്ടെത്തിയത് ഒരു കുരങ്ങിനെ മാത്രം

സൗത്ത് കരോലിന പരീക്ഷണ ശാലയിൽ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയി: കണ്ടെത്തിയത് ഒരു കുരങ്ങിനെ മാത്രം

spot_img
spot_img

സൗത്ത് കരോലിന: പരീക്ഷണ ശാലയിൽ നിന്ന് ചാടിപ്പോയതിൽ കണ്ടെത്താനായത് ഒരു കുരങ്ങിനെ മാത്രമെന്ന് അധികൃതർ. ബുധനാഴ്ചയാണ് അമേരിക്കയിലെ സൌത്ത് കരോലിനയിലെ പരീക്ഷണശാലയിൽ നിന്ന് 43 കുരങ്ങുകൾ ചാടിപ്പോയത്. കുരങ്ങുകൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതിനിടെ കണ്ടെത്താനായത് ഒരു കുരങ്ങിനെ മാത്രമാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. മരങ്ങളിൽ നിന്ന് ഇഷ്ട ഭക്ഷണം ലഭിക്കാതെ വരുന്നതോടെ കുരങ്ങുകൾ പരീക്ഷണ ശാലയിലെ കൂടുകളിലേക്ക് മടങ്ങിയെത്തുമെന്ന കുരങ്ങുകളെ സംരക്ഷിച്ചിരുന്ന സ്ഥാപനത്തിന്റെ കണക്കുകൂട്ടലാണ് പിഴച്ചത്. 

എന്നാൽ നിലവിൽ കൂട്ടിലുള്ള കുരങ്ങുകളുടെ പരിസരത്ത് എത്തി ചില കുരങ്ങുകൾ ആശയ വിനിമയം നടത്താൻ ശ്രമിച്ചിരുന്നു. ഇത് അനുകൂലമായ സാഹചര്യമാണെന്നാണ് ഗവേഷണ സ്ഥാപനത്തിലെ അധികൃതർ വിശദമാക്കുന്നത്.  വാരാന്ത്യമാണെന്ന് പോലും കണക്കാതെ ഇവയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമെന്നാണ് മരുന്ന് പരീക്ഷണങ്ങൾക്കും ഗവേഷണത്തിനുമായി കുരങ്ങുകളെ സൂക്ഷിച്ചിരുന്ന സ്ഥാപനമായ ആൽഫ ജെനസിസ്  സിഇഒ ഗ്രെഗ് വെസ്റ്റർഗാർഡ് വിശദമാക്കിയിട്ടുള്ളത്. 

കുരങ്ങുകൾക്ക് ഭക്ഷണം നൽകാനായി കൂട് തുറന്ന് സ്ഥാപനത്തിലെ ജീവനക്കാരിക്ക് സംഭവിച്ച പിഴവാണ് യെമസീയിൽ ആളുകളെ വലയ്ക്കുന്നത്. അൻപത് കുരങ്ങുകളെയാണ് പരീക്ഷണങ്ങൾക്കായി ഇവിടെ പാർപ്പിച്ചിരുന്നത്. ഇവയിൽ ഏഴ് കുരങ്ങുകൾ കൂടുകളിൽ തുടരുകയായിരുന്നു. സൗത്ത് കരോലിനയിലെ ലോകൺട്രി മേഖലയിലാണ് നാല് കിലോ വീതം ഭാരമുള്ള പെൺകുരങ്ങുകൾ അലഞ്ഞ് തിരിയുന്നത്. 

വീടിനോ ഓഫീസ് പരിസരത്തോ കുരങ്ങുകളെ കണ്ടാൽ അവയുടെ പരിസരത്തേക്ക് എത്താൻ ശ്രമിക്കരുതെന്നും ഇവയ്ക്ക് ഭക്ഷണം നൽകാനോ ശ്രമിക്കരുതെന്നും മുറികൾക്കുള്ളിൽ തുടരണമെന്നുമാണ് സംഭവത്തിന് പിന്നാലെ ആരോഗ്യ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. യെമസീ പൊലീസാണ് കുരങ്ങുകൾക്കായുള്ള അന്വേഷണം നടത്തുന്നത്. ഇവയെ ഭക്ഷണം നൽകി പ്രലോഭിപ്പിച്ച് തിരികെ എത്തിക്കാനുള്ള ശ്രമങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്. ഒരു കാരണവശാലും കുരങ്ങുകളുടെ പരിസരത്തേക്ക് പോകരുതെന്നാണ് പ്രദേശവാസികൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. പലയിടങ്ങളിലും കുരങ്ങുകൾക്കായി കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് വിശദമാക്കുന്നു. തെർമൽ ക്യാമറകളുടെ സഹായത്തോടെ രക്ഷപ്പെട്ട കുരങ്ങുകളെ കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജ്ജിതമാണ്. 

നിലവിൽ ഈ കുരങ്ങുകളിൽ പരീക്ഷണമൊന്നും നടത്തിയിട്ടില്ലെന്നും എന്തെങ്കിലും രോഗം വഹിക്കാനുള്ള പ്രായം ഇവയ്ക്ക് ആയിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നതെങ്കിലും പരിസരവാസികളും കടുത്ത ആശങ്കയിലാണ് കഴിയുന്നത്. ഇത് ആദ്യമായല്ല കുരങ്ങന്മാർ ആൽഫാ ജെനസിസിൽ രക്ഷപ്പെടുന്നത്. 2016ൽ 19 കുരങ്ങന്മാരാണ് ഇവിടെ നിന്ന് രക്ഷപ്പെട്ടത്. 2014ൽ 26 കുരങ്ങന്മാർ ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു. 1100 ഓളം ആളുകളാണ് യെമാസീയിൽ താമസമാക്കിയിട്ടുള്ളത്. ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, ബർമ, തായ്‌ലന്റ്, അഫ്ഗാനിസ്ഥാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ സാധാരണമായി കാണുന്നവയാണ് റീസസ് കുരങ്ങുകൾ. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments