(ടി ഉണ്ണികൃഷ്ണന്‍, ഫോമാ ജനറല്‍ സെക്രട്ടറി )
2022 ജനുവരി പതിനാറിന് ഫ്‌ലോറിഡയിലെ റ്റാമ്പായില്‍ നടക്കുന്ന മിഡ് ടേം പൊതുയോഗത്തില്‍ വിവിധ കൗണ്‍സിലുകളില്‍ ഒന്നായ കംപ്ലയന്‍സ് കമ്മറ്റിയുടെ ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിന്റെ നടപടി ക്രമങ്ങള്‍ ഏകോപിക്കുന്നതിനും സുതാര്യമായും നിഷ്പക്ഷമായും നടത്തുന്നതിനുമായി മൂന്നംഗ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ തെരെഞ്ഞെടുത്തു.ന്യൂ ജേഴ്സിയില്‍ നിന്നുള്ള ജിബി തോമസ് ചെയര്‍പേഴ്‌സണ്‍ ആയും , ഷിക്കാഗോയില്‍ നിന്നുള്ള സ്റ്റാന്‍ലി കളരിക്കാമുറി, ഫ്ലോറിഡയില്‍ നിന്നുള്ള ടോമി മ്യാല്‍ക്കരപ്പുറത്ത് എന്നിവര്‍ മെമ്പറന്മാരുമായുള്ള തെരെഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നവംബര്‍ ആദ്യവാരം കൂടിയ ഫോമാ എക്‌സിക്യട്ടീവ് ഐക്യകണ്‌ഠേന തെരെഞ്ഞെടുത്തത്.
ഫോമയുടെ മുന്‍ ജനറല്‍ സെക്രട്ടറി, ആര്‍ വി പി , കേരള അസോസിയേഷന്‍ ന്യു ജേഴ്സിയുടെ മുന്‍ പ്രസിഡന്റ്, കേരളം ചേംബര്‍ ഓഫ് കൊമേഴ്സ്, നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തന്റെ സംഘടനാ വൈഭവം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ശ്രീ ജിബി തോമസ് .
ഫോമാ മുന്‍ വൈസ് പ്രസിഡന്റ്, ഷിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ഇനീ നിലകളില്‍ തന്റെ മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് സ്റ്റാന്‍ലി കളരിക്കാമുറി
മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയുടെമുന്‍ പ്രസിഡന്റ്, കെ.സി.സി.എന്‍.എ നാഷണല്‍ പ്രസിഡന്റ് എന്നി നിലകളില്‍ സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ചിട്ടുള്ള ടോമി മ്യാല്‍ക്കരപ്പുറത്ത് ഫോമയിലും അംഗസംഘടനകളിലും വളരെ സുപരിചിതനാണ്.
കംപ്ലയന്‍സ് കമ്മറ്റിയുടെ കാലാവധി നാല് വര്‍ഷമാണ്. അഞ്ചു അംഗങ്ങളെയാണ് തെരെഞ്ഞടുക്കുക. ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, രണ്ടു അംഗങ്ങള്‍ എന്നിവരെയാണ് തെരഞ്ഞെടുക്കുക. ഫോമയുടെ വാര്‍ഷിക നികുതി സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടാകാവുന്ന വിഷയങ്ങള്‍, ഫോമയുടെ സ്ഥാപനവുമായിട്ടുണ്ടാകാവുന്ന വിഷയങ്ങള്‍, ഫോമയുടെ ബൗദ്ധിക സ്വത്തുക്കളുടെ സൂക്ഷിപ്പുകാര്‍, ഫോമയുടെ ഔദ്യോഗിക രേഖകള്‍ കമ്മറ്റി മിനിട്ട്കള്‍ , തുടങ്ങിയവയുടെ സൂക്ഷിപ്പുകാര്‍, എന്നീ നിലകളില്‍ വളരെ ഭരിച്ച ഉത്തരവാദിത്തമാണ് കംപ്ലയന്‍സ് കമ്മറ്റിയില്‍ നിക്ഷിപ്തമായിട്ടുള്ളത്.
തെരെഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി തെരെഞ്ഞെടുക്കപ്പെട്ട ജിബി തോമസിനും, സ്റ്റാന്‍ലി കളരിക്കാമുറിക്കും , ടോമി മ്യാല്‍ക്കരപുറത്തിനും തങ്ങളുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ കഴിയട്ടെ എന്ന് ഫോമാ പ്രസിഡന്റ് , അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.