പി. ശ്രീകുമാര്‍
ഫീനീക്‌സ്: അരിസോണയില്‍ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ അണിയുന്നത് ബാലരാമപുരത്തെ കൈത്തറി വസ്ത്രങ്ങള്‍. പരിപാടിയില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ നല്‍കാനുള്ള സെറ്റു സാരിയും കസവുമുണ്ടും നെയ്ത്തുകാരില്‍ നിന്നു വാങ്ങി.
സന്നദ്ധസംഘടനയായ സിസ്സ (സെന്റര്‍ ഫോര്‍ ഇന്നൊവേഷന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍) യാണ് ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിലേക്ക് കയറ്റി അയക്കുന്നതിന് മുന്‍കൈ എടുത്തത്. സിസ്സ ജനറല്‍ സെക്രട്ടറി ഡോ. സി. സുരേഷ് കുമാര്‍ കെഎച്ച്എന്‍എ പ്രതിനിധി പി ശ്രീകുമാറിന് അയയ്ക്കാനുള്ള വസ്ത്രങ്ങള്‍ കൈമാറി. കോര്‍ഡിനേറ്റര്‍ ഗായത്രിയും സന്നിഹിതയായിരുന്നു.
കൊവിഡ് കാരണം ദുരിതത്തിലായ ബാലരാമപുരത്ത് കൈത്തറി വ്യവസായത്തെ പ്രതിസന്ധയില്‍ നിന്നും കരയറ്റുന്നതിന് വേണ്ടി കൈത്തറി ഉല്‍പ്പന്നങ്ങളും വാങ്ങാന്‍ അമേരിക്കന്‍ മലയാളികള്‍ സന്നദ്ധത അറിയിച്ചിരുന്നു.
അതിന്റെ ഭാഗമായി കെച്ച്എന്‍എ പ്രസിഡന്റ് ഡോ.സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘം ചെറുകിട നെയ്ത്തുശാലകള്‍ സന്ദര്‍ശിച്ച് മികച്ച തുണികള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. ആയിരത്തോളം പ്രതിനിധികള്‍ക്കു വേണ്ട കൈത്തറി വസ്ത്രങ്ങള്‍ രണ്ടു മാസത്തോളം എടുത്താണ് നെയ്തത്.
കേന്ദ്രമന്ത്രി വി മുരളീധരന്റെ ഇടപെടലാണ് ബാലരാമപുരം കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാനുള്ള പ്രവാസി സംഘടനകളുടെ തീരുമാനത്തിനു പിന്നില്‍.’ലോകം മുഴുവന്‍ കൊവിഡിന്റെ ആഘാതം സംഭവിച്ചപ്പോള്‍ അതില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് പരമ്പരാഗത വ്യവസായത്തിനാണ്.
ഈ അവസരത്തില്‍ പാരമ്പര്യത്തെ മുറുകെ പിടിച്ച് കൊണ്ട് മുന്നോട്ടു പോകുന്ന ബാലരാമപുരം കൈത്തറി വ്യവസായത്തെ സംരക്ഷിക്കാന്‍ സഹായം നല്‍കേണ്ടത് അത്യാവശ്യമാണ്. അതിന് വേണ്ടി ലോക മലയാളികള്‍ മുന്‍കൈയെടുക്കണം’ എന്ന കേന്ദ്രമന്ത്രിയുടെ അഭ്യര്‍ത്ഥനയോട് ലോകമെമ്പാടുമുള്ള മലയാളി സംഘടനകള്‍ അനുകൂലമായിട്ടാണ് പ്രതികരിച്ചത്..
അതിന്റെ തുടര്‍ച്ചയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ദേശീയ കണ്‍വന്‍ഷനില്‍ പ്രതിനിധികള്‍ കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞ് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്.