Saturday, May 11, 2024

HomeAmericaസതീഷ് ബാബു പയ്യന്നുരിനെ സ്മരിച്ച് കേരള റൈറ്റേഴ്‌സ് ഫോറം കഥാ ചര്‍ച്ച

സതീഷ് ബാബു പയ്യന്നുരിനെ സ്മരിച്ച് കേരള റൈറ്റേഴ്‌സ് ഫോറം കഥാ ചര്‍ച്ച

spot_img
spot_img

ചെറിയാന്‍ മഠത്തിലേത്ത്

ഹൂസ്റ്റണ്‍: പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ സതീഷ് ബാബു പയ്യന്നൂരിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലോടെയാണ് സാംസ്‌കാരിക ലോകം ഉള്‍ക്കൊള്ളുന്നത്. ഉത്തര കേരളത്തിന്റെ ദേശസ്തുതികളെ സാഹിത്യത്തിലേക്ക് ഉള്‍ച്ചേര്‍ത്തതില്‍ പ്രധാനിയായ സതീഷ് ബാബു പയ്യന്നൂരിന് ബാഷ്പാഞ്ജലിയര്‍പ്പിച്ചുകൊണ്ട്, എഴുത്തുകാരുടെയും സാഹിത്യ സ്‌നേഹികളുടെയും ഹൂസ്റ്റണിലെ പ്രഥമ മലയാളി കൂട്ടായ്മയായ, കേരള റൈറ്റേഴ്‌സ് ഫോറം അദ്ദേഹത്തിന്റെ പ്രശസ്തമായ ചെറുകഥ ‘പേരമരം’ ക്രിയാത്മക ചര്‍ച്ചയ്ക്ക് വിഷയമാക്കി.

ഫോറത്തിന്റെ നവംബര്‍ മാസ മീറ്റിങ്ങില്‍ പേരമരത്തിനൊപ്പം ജോസഫ് തച്ചാറയുടെ ‘തിരുവോണപ്പൊരുള്‍’ എന്ന കവിതയും വിശകലനം ചെയ്തു. ഹൃദയസ്പര്‍ശിയായ ഇരുപത് ഗ്രാമകഥകളുടെ സമാഹാരമാണ് ‘പേരമരം’. പോയകാലത്തിന്റെ ജീവിത ശൈലികളും അനുഭവ പരിസരങ്ങളും അടയാളപ്പെടുത്തുന്ന ചരിത്ര ഭൂപടമാണിത്. 2012-ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഈ സമാഹാരം കരസ്ഥമാക്കിയിരുന്നു.

നന്മയെ തോറ്റിയുണര്‍ത്തിയവയാണ് സതീഷ്ബാബു പയ്യന്നൂരിന്റെ കഥകള്‍. ആസുരമായ വര്‍ത്തമാന കാലത്തില്‍ ആരുടെയെങ്കിലും ഹൃദയത്തിന്റെ കോണില്‍ ഒരല്പം നന്മയും സ്നേഹവും ബാക്കിയുണ്ടാവുമെന്ന് അദ്ദേഹത്തിന്റെ കഥകള്‍ കാണിച്ചുതരുന്നു. ഭൂതകാലത്തിന്റെ ഉര്‍വരതയെ വര്‍ത്തമാന കാലത്തിന്റെ ഊഷരതയിലേക്ക് ആവാഹിക്കുന്ന മാന്ത്രിക സ്പര്‍ശമുള്ള കഥകളാണത്.

ജനത്തിനും ജീവിതത്തിനും മരണത്തിനുമിടയിലുള്ള വിവിധ ഘട്ടങ്ങളുടെ പ്രതീകാത്മകമായ ആവിഷ്‌കാരമാണ് പേരമരം. രചനാ പാടവത്തിന്റെ മികച്ച ഉദാഹരണമായ ഈ കൃതിയില്‍ കഥാകാരന്‍ എന്തിന് ഒരു പേരമരത്തെ തിരഞ്ഞെടുത്തുവെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ചോദിച്ചു. പേരമരം അരിഞ്ഞു വീഴ്ത്താനുള്ള യഥാര്‍ത്ഥ കാരണമെന്താണ്..? സതീഷ് ബാബു പയ്യന്നൂരിന്റെ കഥകളുടെ മുഖ്യ ആകര്‍ഷണം തീവ്രമായ പ്രകൃതിയാണെന്ന് പലരും അഭിപ്രായപ്പെട്ടു.

ഗ്രാമജീവിതത്തിന്റെ കണ്ണാടിയാണ് പേരമരം. യഥാര്‍ത്ഥ മനുഷ്യരെയും സ്വാഭാവിക ജീവിതത്തെയും ഉയര്‍ന്ന തലങ്ങളിലേയ്ക്ക് അദ്ദേഹം കൊണ്ടുപോകുന്നു. മരത്തിന്റെ വീഴ്ചയും അതിന്റെ ശിഖരത്തില്‍ നിന്നുള്ള അവസാന പക്ഷിയുടെ പറന്നുപോകലും പരിസ്ഥിതിയുടെ തന്നെ മരണത്തെത്തന്നെ സൂചിപ്പിക്കുന്നു. അതേസമയം അകാലത്തില്‍ നഷ്ടപ്പെട്ട സമാനതകളില്ലാത്ത രചനാ ശൈലിയുടെ ഉടമയായിരുന്നു സതീഷ് ബാബു പയ്യന്നൂര്‍ എന്ന് ഏവരും അനുസ്മരിച്ചു.

താങ്ക്‌സ് ഗിവിങ്ങ് വീക്ക് എന്‍ഡിലെ മീറ്റിങ്ങില്‍ ചര്‍ച്ചയ്‌ക്കെടുത്ത ജോസഫ് തച്ചാറയുടെ ‘തിരുവോണപ്പൊരുള്‍’ എന്ന കവിത ഇരുതല മൂര്‍ച്ചയുള്ള ഒരു വാളാണ്. ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയുള്ള താങ്ക്‌സ് ഗിവിങ്ങും ഓണവും സമാനതകളുള്ള ഫ്യൂഡല്‍ ഉല്‍സവങ്ങളാണ്. കേരളത്തിന്റെ പാരമ്പ്യമനുസരിച്ച് ഏതൊരു കാക്കാത്തിയും അഥവാ കൈനോട്ടക്കാരിയും നമ്മുടെ ശുഭദിനങ്ങളെക്കുറിച്ച് മാത്രമാണ് എപ്പോഴും ഓര്‍മ്മപ്പെടുത്തുന്നത്.

അന്ധവിശ്വാസങ്ങള്‍ക്ക് പിന്നാലെ പോകാതെ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയമായ പിഹാരം തേടണമെന്ന് തച്ചാറ ചൂണ്ടിക്കാട്ടുന്നു. ജന്‍മികളാണ് ഉല്‍സവങ്ങളുണ്ടാക്കിയതെന്ന് ചില അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. ദൈവത്തിന് കാണിക്കയിടാന്‍ പ്രേരിപ്പിച്ച് അളുകളുടെ പ്രതീക്ഷ അനന്തമായി നിലര്‍ത്തുന്നതിലൂടെ ജന്‍മികള്‍ ആ വഴിപാട് പണം തങ്ങളുടേതാക്കി മാറ്റുന്നു. മനശാസ്ത്രപരമായി നമ്മള്‍ ശുഭാപ്തി വിശ്വാസികളല്ല, മറിച്ച് സാങ്കല്‍പിക സ്വര്‍ഗത്തില്‍ ജീവിക്കുന്നവരാണ്. അതാണ് പ്രതീക്ഷ.

റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ച യോഗം, ഹൂസ്റ്റണിലെ ജോണ്‍ ജേക്കബിന്റെയും റൈറ്റേഴ്‌സ് ഫോറം അംഗം എ.സി ജോര്‍ജിന്റെ മാതാവ് ഏലിയാമ്മ ചാക്കോയുടെയും നിര്യാണത്തില്‍ ആദരാഞ്ജലിയര്‍പ്പിച്ചു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, പബ്‌ളീഷിങ് കോ-ഓര്‍ഡിനേറ്റര്‍, സെക്രട്ടറി, ട്രഷറര്‍ വിവിധ കമ്മിറ്റി അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.

റൈറ്റേഴ്‌സ് ഫോറത്തിന്റെ അടുത്ത പ്രതിമാസ യോഗം ഡിസംബര്‍ 18-ാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണി മുതല്‍ 6 മണി വരെ കേരള കിച്ചണ്‍ റസ്റ്റോറന്റില്‍ നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ഇത് ക്രിസ്മസ്-ന്യൂ ഇയര്‍ ആഘോഷമാക്കും. ഈ മീറ്റിംഗില്‍ വച്ച് അന്തരിച്ച ഈശോ ജേക്കബ്ബിനെ പറ്റിയുള്ള സുവനീറിന്റെയും ഡോ. മാത്യു വൈരമണ്ണിന്റെ കവിതാ സമാഹാരത്തിന്റെയും പ്രകാശനം നടക്കും.

റൈറ്റേഴ്‌സ് ഫോറത്തിന്റെ ഇരുപതാമത്തെ പുസ്തകം അതിന്റെ പ്ലാനിങ്ങ് സ്റ്റേജിലാണ്. ലേഖനങ്ങളും കഥയും കവിതയും മറ്റും ക്ഷണിച്ചിട്ടുണ്ട്. മാത്യു നെല്ലിക്കുന്ന്, ജോണ്‍ മാത്യു, മാത്യു മത്തായി, ജോസഫ് തച്ചാറ, ചെറിയാന്‍ മഠത്തിലേത്ത്, ശ്രീകുമാര്‍ മേനോന്‍, എ.സി ജോര്‍ജ്, ടി.ജെ ഫിലിപ്പ്, തോമസ് വര്‍ഗീസ് കളത്തൂര്‍, റവ. തോമസ് അമ്പലവേലില്‍ അച്ചന്‍ എന്നിവരും പങ്കെടുത്തു. മാത്യു മത്തായി ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments