Thursday, December 19, 2024

HomeAmericaകാലചക്രവും വെയിൽ കാഴ്ചകളും

കാലചക്രവും വെയിൽ കാഴ്ചകളും

spot_img
spot_img

പി.ശ്രീകുമാർ

അടുത്തടുത്ത ദിവസങ്ങളിൽ രണ്ട് പുസ്‌ക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ അവസരം കിട്ടി. വളരെ അടുപ്പക്കാരായ രണ്ടു പേരാണ് ഗ്രന്ഥകർത്താക്കൾ. ഉള്ളടക്കത്തിലും അവതരണരീതിയിലും സാദൃശ്യമൊന്നും ഇല്ലങ്കിലും എഴുത്തുകാർ ഇരുവർക്കും പൊതുഘടകങ്ങൾ ഏറെ. ഇന്ത്യയിൽ തന്നെ പ്രവാസ ജീവിതം നയിച്ചതിനുശേഷം വിദേശത്തേക്ക് പറന്നവർ. വിദേശത്തെത്തി വ്യവസായം കെട്ടിപ്പെടുത്തവർ. വ്യവസായത്തിനൊപ്പം പൊതുരംഗത്തും തിളങ്ങിയവർ. പ്രവാസി മലയാളി സംഘടനകളുടെ സംഘടന എന്ന വിശേഷണം പേറുന്ന അമേരിക്കയിലെ ഫൊക്കാനയുടെ അധ്യക്ഷപദവി അലങ്കരിച്ചിരുന്നവർ. ഗ്രാമീണ വിശുദ്ധിയും ആത്മീയ അടിത്തറയും കൈമോശം വരാത്തവർ. അമേരിക്കയിലെ മലയാളികൾക്കിടയിൽ മുഖവുര ആവശ്യമില്ലാത്ത രണ്ടു പേർ. ശശിധരൻ നായരും മാധവൻ ബി നായരും. ശശിധരൻ നായരുടെ ആത്മകഥാ കുറിപ്പുകളായ ‘കാലചക്രം’ മാധവൻ നായരുടെ ലേഖന സമാഹാരമായ ‘ വെയിൽ കാഴ്ചകൾ’ എന്നിവയാണ് പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ പുറം ചട്ടയുടെ നിറത്തിലും രൂപകല്പനയിൽ പോലുമുണ്ട് സാദൃശ്യം.

വ്യക്തിപരമായി എനിക്ക് ഏറെ അടുപ്പമുള്ളവരാണ് ഇരുവരും. രണ്ടുപേരും സംഘടനാപ്രവർത്തന പടവുകൾ ചവുട്ടിക്കയറിപ്പോൾ ആവശ്യപ്പെട്ട സാഹായം ചെയ്തുകൊടുത്തുകൊണ്ടുള്ള അടുപ്പം.അതുകൊണ്ടുതന്നെ സന്തോഷത്തോടെയാണ് പ്രകാശന ചടങ്ങുകളിൽ പങ്കെടുത്തത്. പുസ്തകത്തിൽ എന്റെ പേര് പരാമർശിച്ച് ഇരുവരും സ്‌നേഹം പ്രകടിപ്പിച്ചിട്ടുമുണ്ട്. അമേരിക്കയെക്കുറിച്ച ഞാൻ എഴുതിയ രണ്ട് ലേഖനങ്ങൾ ശശിധരൻ നായർ കടപ്പാട് രേഖപ്പെടുത്തി പുസ്തകത്തിൽ ചേർത്തിട്ടുമുണ്ട്. മാധവൻ നായർ എഴുതിയ ലേഖനങ്ങളിൽ അധികവും ആദ്യം പ്രസിദ്ധീകരിച്ചത് ‘ ജന്മഭൂമി’ യിലായിരുന്നു. .

പ്രൗഡമായിരുന്നു പ്രകാശന ചടങ്ങുകൾ. ശശിധരൻ നായരുടെ ജന്മസ്ഥലമായ മേലുകരയിലെ ഗ്രന്ഥശാല ഹാളിൽ നടന്ന ചടങ്ങിൽ ‘കാലചക്രം’ രാജ്യസഭാ മുൻ അധ്യക്ഷൻ പി ജെ കുര്യൻ ലോകസഭാ അംഗം ആന്റോ ആന്റണിക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. ‘ വെയിൽ കാഴ്ചകൾ’ തിരുവനന്തപുരം പ്രസ്‌കൽബ്ബിൽ നടന്ന ചടങ്ങിൽ അടൂർ ഗോപാലകൃഷ്ണനും പ്രകാശനം ചെയ്തു. ‘ വെയിൽ കാഴ്ചകളുടെ’ ഇംഗൽഷ് പതിപ്പ് നയതന്ത്രജ്ഞൻ ടിപി ശ്രീനിവാസനാണ് പ്രകാശനം ചെയ്തത്.

അവിചാരിതമായി എഴുത്തുകാരായവരാണ് തങ്ങളെന്ന് ഇരുവരും ആമുഖത്തിൽ തന്നെ പറയുന്നുണ്ട്. കോവിഡ് മൂലം ഒന്നും ചെയ്യാൻ കഴിയാതെ ചടഞ്ഞിരുന്നപ്പോളാണ് മാധവൻ നായർ പേനയെടുത്തത്. കുടംബത്തിൽ കല്ല്യാണത്തിനെത്തിയപ്പോൾ സുഹൃത്തുക്കളുമായി നടത്തിയ ചർച്ചയിൽനിന്നാണ് ശശിധരൻനായരുടെ പുസ്തകം പിറക്കുന്നത്.
കോഴഞ്ചേരി മേലുകരയിൽ നാനൂറ് വർഷത്തിലധികം പഴക്കമുള്ള കാഞ്ഞിരമൺ കുടുംബത്തിലെ മനയ്ക്കൽ വീട്ടിൽ നിന്ന് ജോലി തേടി ബറോഡയിലേക്കും അവിടെനിന്ന് അമേരിക്കയിലേക്കും ചേക്കേറിയ ജീവിതം കോറിയിടുന്ന ശശിധരൻ നായർ ജീവിത യാത്രയിൽ താങ്ങും തണലുമായി നിന്നവരെയെല്ലാം ഓർമ്മിക്കുന്നുണ്ട് പുസ്തകത്തിൽ. ആയൂർവേദ വൈദ്യന്മാരുടെ പാരമ്പര്യം പേറുന്ന കുടുംബത്തിൽ ജനിച്ച ശശിധരൻ നായരെ പൂർവികരുടെ സഹകരണ മനോഭാവവും സൗജന്യ ചികിത്സയും ആകർഷിച്ചിരുന്നു. ബാല്യകാലത്തിലെ കൊച്ചുകൊച്ച് ഓർമ്മകളിലൂടെ മധ്യ തിരുവിതാംകൂറിലെ ഒരു ശുദ്ധമനസ്സ് പുറത്തെടുക്കുന്നുണ്ട് ഗ്രന്ഥകാരൻ. പൊതുപ്രവർത്തകനായി ജീവിച്ച് മറ്റുള്ളവരുടെ വേദനകൾ കേൾക്കാനും പരിഹാരം കാണാനും സമയം കണ്ടെത്തുന്ന ശശിധരൻ നായർ സൃഷ്ടിച്ച നേരിന്റെ ലോകം പുസ്തകത്തിലും തെളിയുന്നുണ്ട്. സഞ്ചാര പഥത്തിൽ നന്മവിതറിയ മനസ്സിൽ നല്ലതുമാത്രം ചിന്തിക്കുന്ന ഒരാളുടെ പൂർവകാല സ്മൃതി എന്ന് ‘കാലചക്ര’ ത്തെ വിശേഷിപ്പിക്കാം.

താനുണ്ടാക്ക്ിയ ഏറ്റവും വലിയ സമ്പാദ്യം കുടുംബമാണെന്ന്, മക്കളില്ലാത്ത ശശിധരൻ നായർ പറയുമ്പോൾ വായിക്കാതിരിക്കാനാവില്ല. തിരുവാറന്മുളയപ്പനും തന്റെ ജീവിതവും എന്തെന്നു പറയുന്ന ഗ്രന്ഥകാരൻ തിരുവോണത്തോണിയെക്കുറിച്ചും മേലുകര പള്ളിയോടത്തെക്കുറിച്ചും ആറന്മുള വള്ളസദ്യയെപറ്റിയും ഒക്കെ വ്യത്യസ്ഥ അധ്യായങ്ങളിലായി വിശദീകരിക്കുന്നുണ്ട്. ചെറുകോൽ ഹിന്ദുമത കൺവൻഷനിലെ തന്റെ പങ്ക് പറയുന്ന ആവേശത്തിൽ തന്നെ മാരാമൺ കൺവൻഷനെക്കുറിച്ചും ക്രിസ്‌റ്റോസ്റ്റം തിരുമേനിയെക്കുറിച്ചും എഴുതുന്നു. മേലുകര ഗ്രന്ഥശാലയെക്കുറിച്ചും കാഞ്ഞിരമൺ കുടുംബത്തെക്കുറിച്ചും പറയാൻ ഓരോ അധ്യായങ്ങൾ മാറ്റിവെച്ച ശശിധരൻ നായർ,താൻ നേതൃത്വം നൽകിയ ഫൊക്കാന, ഫോമ, കെ എച്ച് എൻ എ, മന്ത്ര എന്നീ സംഘടനകളെ കുറിച്ചുള്ള അനുഭവങ്ങളും പങ്കുവെയക്കുന്നുണ്ട്.
സ്വാതന്ത്യ സമരസേനാനിയും പത്രാധിപരുമായിരുന്ന രാജശ്രീ ഭാസ്‌ക്കരൻ പിളളയുടെ മകനായി നെയ്യാറ്റിൻകരയിൽ ജനിച്ച മാധവൻ നായർ അച്ഛനിൽ നിന്നു പകർന്നു കിട്ടിയ ദേശഭക്തിയും രാജ്യസ്‌നേഹവും മൂലം രാജ്യസേവന തൽപരനായി ചെറുപ്പത്തിലേ വ്യോമസേനയിൽ ചേർന്നു. സൈനികനായിരിക്കുമ്പോൾ തന്നെ മേനേജ്‌മെന്റ് പഠനത്തിലും നിയമത്തിലും ബിരുദം നേടി. വ്യോമസേന വിട്ടശേഷം അഭിഭാഷകനായി. കർമ്മ മേഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി അമേരിക്കയിലേക്ക് കുടിയേറിയ മാധവൻ നായർ വിദ്യാഭ്യാസ,ഇൻഷ്വറൻസ് മേഖലകളിൽ വിജയംവരിച്ച സംരംഭകനായി. തൊഴിൽ പരമായ കർമ്മമേഖലയിൽ പ്രാഗത്ഭ്യം പുലർത്തുന്നതിനൊപ്പം സാമൂഹ്യ സാസ്‌ക്കാരിക പ്രവർത്തനങ്ങളിലും സജീവമായി. ന്യൂജേഴ്‌സി കേന്ദ്രമാക്കി ‘നാമം’ എന്ന പേരിൽ സംഘടന രീപീകരിച്ച മാധവൻ നായർ ഫൊക്കാനയുടെ അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. കേരളഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനത്തിലും സജീവമായ മാധവൻ നായർ വേൾഡ് ഹിന്ദു പാർലമെന്റിന്റെ ചെയർമാനാണിപ്പോൾ.

ദൈനംദിന ജീവിതത്തിന്റെ തിരക്കുകളിൽ നിന്നും പരക്കം പാച്ചിലുകളിൽ നിന്നും പിൻവാങ്ങേണ്ടിവന്ന വേളയിൽ മനസ്സിൽ ഊറിക്കൂടിയ ചിന്തകളാണ് 33 അധ്യായങ്ങളിലായി താൻ കുറിച്ചത് എന്ന് മാധവൻ നായർ ആമുഖത്തിൽ പറയുന്നു. അരനൂറ്റാണ്ടുകാലത്തെ ജീവിത നിരീക്ഷണങ്ങളുടെ വിഹഗവീക്ഷണമാണ് ‘വെയിൽക്കാഴ്ചകൾ’ എന്നാണ് അവതാരികയിൽ ഡോ എം വി പിള്ള എഴുതുന്നത്. നെയ്യാറ്റിൻകര മണ്ണിന്റെ ഊർജ്ജം വാക്കുകളിലൂടെ ഉതിർന്നു വീഴുന്ന രചനയിൽ ധനകാര്യവിദഗ്ധന്റെ വിശകലനബുദ്ധി പ്രകടമാകുന്നതായും ഡോ പിള്ള നീരീക്ഷിക്കുന്നു. പരിസ്ഥിതി സംരക്ഷണം, വിട്ടുമാറാത്ത മഹാമാരികൾ, കേരളത്തിലെ വിമാനത്താവള വികസനം, ഇന്ത്യൻ സമ്പത് വ്യവസ്ഥയുടെ ഉയർത്തെഴുന്നേല്പ് തുടങ്ങി നിരവധി വിഷയങ്ങളിൽ മിഴി ഇങ്ങും മനം അങ്ങുമായി ജീവിക്കുന്ന മാധവൻനായരുടെ മാതൃരാജ്യസ്‌നേഹവും വിശ്വമാനവികതയും നിറഞ്ഞു നിൽക്കുന്നതായും ഡോ എം വി പിള്ള വ്യക്തമാക്കുന്നു. ആത്മകഥപോലെ കോറിയിട്ട ചാരിതാർത്ഥ്യം നിറഞ്ഞ ഫോക്കാന അനുഭവങ്ങൾ, ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലൂടെ ഉരുത്തിരിയുന്ന അനുഭവജ്ഞാനത്തിന്റെ രൂപരേഖകൾ ഇവയൊക്കെ പരിശ്രമശാലിയും മാനവികതയുടെ വക്താവുമായ ഒരു നെയ്യാറ്റിൻ കരക്കാരന്റെ ഗ്രാമചാരുത വിളിച്ചോതുന്ന എന്ന ഡോ എം വി് പിള്ളയുടെ വിലയിരുത്തൽ അക്ഷരം പ്രതി സത്യമെന്ന് ഒരോ അധ്യായങ്ങളിലൂടെ കടന്നു പോകുമ്പോഴും വ്യക്തമാകും.
തുടക്കത്തിൽ സൂചിപ്പിച്ചതുപോല വ്യക്തിപരമായി എനിക്ക ഏറെ ഇഷ്ടമുള്ളവരാണ് രണ്ട് എഴുത്തുകാരും എന്നതാണ് പുസ്‌കത്തേക്കാൾ എനിക്ക് പ്രധാനം.

എനിക്ക് അമേരിക്ക കാണാൻ നിമിത്തമായത് ശശിധരരൻ നായരായുന്നു എന്നതുകൊണ്ട് അടുപ്പമേറയാണുതാനും. രണ്ടു പതിറ്റാണ്ടു മുമ്പ് കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് എന്ന നിലയിൽ തിരുവനന്തപുരം പ്രസ് കൽബ്ബിൽ പത്രസമ്മേളനത്തിന് എത്തിയപ്പോളാണ് ആദ്യം പരിചയപ്പെടുന്നത്. ആഗോള നിക്ഷേപ സംഗമ(ജിം)ത്തെക്കുറിച്ചുള്ള വാർത്തകൾ നിറഞ്ഞുനിന്ന സമയം. കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് കോടികളുടെ നിക്ഷേപം ഒഴുകിയെത്തുന്നു എന്നു സ്ഥാപിക്കാൻ ജിമ്മിൽ ഒപ്പുവെച്ച ധാരണാപത്രങ്ങളിലെ കോടികളുടെ കണക്കുകൾ സർക്കാർ എടുത്തു കാണിക്കുന്നു. ‘ജിം വെറും തട്ടിപ്പാണ്. ഞാൻ എട്ടു കോടിയുടെ ഒരു പദ്ധതിക്ക് ധാരണാപത്രം ഒപ്പു വെച്ചിരുന്നു. വൃദ്ധസദനം പ്രോജക്റ്റ്. മാവേലിക്കരയിൽ ആവശ്യമായ സ്ഥലം തരാമെന്ന് സർക്കാർ സമ്മതിച്ചിരുന്നു. ഏകജാലക സംവിധാനം എന്നൊക്കെ പുറത്ത് പറയുന്നുണ്ടെങ്കിലും നിരുത്തരവാദപരമായ സമീപനമാണ് സർക്കാരിന്റേത്. പദ്ധതിയിൽ നിന്ന് പിൻമാറുന്ന കാര്യം മന്ത്രിയെ കണ്ട് നേരിട്ടറിയിക്കാൻ കൂടിയാണ് തിരുവനന്തപുരത്ത് വന്നത്’ ശശിധരൻ നായർ ഇത് പറഞ്ഞപ്പോൾ അതിലെ വാർത്ത മനസ്സിൽ കുറിച്ചിട്ടു. ‘ജിം: കരാർ ഒപ്പിട്ട അമേരിക്കൻ മലയാളി പിന്മാറുന്നു’ എന്ന തലക്കെട്ടിൽ പിറ്റേദിവസം ജന്മഭൂമിയിൽ വിശദമായ റിപ്പോർട്ട് നൽകി. ജിമ്മിന്റെ മഹത്വം സർക്കാർ പാടി നടക്കുമ്പോൾ കരാറിൽ ഒപ്പിട്ടആൾ തന്നെ തള്ളി പറഞ്ഞത് വാർത്തയായി. ജന്മഭൂമിയിലെ റിപ്പോർട്ട് കൂടി ചിത്രീകരിച്ച് അന്ന് ഉച്ചയ്ക്ക് പ്രധാന വാർത്തയായി ചാനലുകളും ശശിധരൻ നായരുടെ കരാറിൽ നിന്നുള്ള പിന്മാറ്റം അവതരിപ്പിച്ചു. തുടർന്ന് മറ്റ് പത്രങ്ങളും വാർത്ത നൽകി.ഹിന്ദു കൺവൻഷനെക്കുറിച്ച് തയ്യാറാക്കി ക്കൊടുത്ത വാർത്ത മറ്റു പത്രങ്ങളിലും നല്ല രീതിയിൽ വന്നു.പിറ്റേന്ന് ശശിധരൻ നായർ ഫോണിൽ വിളിച്ചു. നന്ദി പറയാനായിരുന്നു വിളി. ജിമ്മിനെക്കുറിച്ച് വാർത്തനൽകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഏതായാലും നന്നായിയെന്നും അദ്ദേഹം പറഞ്ഞു.ഞങ്ങളുടെ കൺവെൻഷൻ റിപ്പോർട്ട് ചെയ്യാൻ വരുമോയെന്ന് ചോദിച്ച് വീണ്ടും വിളിച്ചു. അമേരിക്കയിലേക്കുള്ള എന്റെ വിസയുടെ വഴി അതായിരുന്നു. പത്രപ്രവർത്തകൻ എന്ന നിലയിൽ ഏറ്റവും അധികം തവണ അമേരിക്ക കണ്ടതിനുള്ള റെക്കോർഡ് സ്വന്തമാക്കുന്നതിലേക്കാണ് അന്നത്തെ പത്രസമ്മേളനം വഴിവെച്ചത്. പിന്നിട് ശശിധരൻ നായരുടെ ജീവിതത്തിലെ ഒരു ഭാഗം എന്ന നിലയിൽ തന്നെ മാറാനായി. അതിനാൽ തന്നെ ‘കാലചക്ര’ത്തിലെ കുറിപ്പുകൾ അദ്ദേഹത്തിന്റെ ആത്മകഥയുടെ ചെറിയൊരു അംശം മാത്രമാണെന്ന പറയാനാകും. പ്രകാശന ചടങ്ങിൽ വെച്ചുതന്നെ അക്കാര്യം ഞാൻ പറയുകയും ചെയ്തു.

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ കൺവൻഷൻ വേദിയിൽ വെച്ചാണ് മാധവൻ നായരെ പരിചയപ്പെടുന്നത്. എല്ലാത്തിലും സക്രിയമായി ഇടപടുന്ന ആൾ എന്ന ഇമേജ് ആദ്യമേ മനസ്സിൽ പതിഞ്ഞു, പലതിലും വേറിട്ട രീതിയിൽ ചിന്തിക്കുന്ന ആളെന്നും മനസ്സിലായി. അദ്ദേഹം രൂപീകരിച്ച ‘നാമ’ ത്തിന്റെ പ്രവർത്തനങ്ങളിൽ തുടക്കകാലത്ത് പലതരത്തിലുള്ള സഹായം നൽകാനായി. ജേഷ്ഠസഹോദരന്റെ ഇഷ്ടത്തോടെ എന്നും അടുപ്പം പുലർത്താൻ മാധവൻ നായർ ഏറെ ശ്രദ്ധിച്ചിട്ടുണ്ട്.

ഇരുവരുടേയും സാമ്യതയെകുറിച്ച് പറഞ്ഞാണല്ലോ തുടങ്ങിയത്. രസകരമായ മറ്റൊരു സാമ്യതകൂടിയുണ്ട് ഫൊക്കാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ദേശീയ കൺവൻഷൻ മര്യാദയക്ക് നടത്താൻ കഴിയാതിരുന്ന രണ്ടു ‘നായന്മാർ’ എന്നതാണത്. രണ്ടു പതിറ്റാണ്ടിനിടെ അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന എന്ന് അവകാശപ്പെടുന്ന ഫൊക്കാനയുടെ പ്രസിഡന്റ് പദത്തിലെത്തിയ ”നായന്മാർ’ ഇവർ മാത്രമായിരുന്നു. കൺവൻഷൻ നടത്തുന്നതിന് സംഘടനയിലെ ചില തലതൊട്ടപ്പന്മാവിലങ്ങായി നിന്നപ്പോൾ ഫോമ എന്ന സംഘടനരൂപീകരിച്ചാണ് ശശിധരൻ നായർ മറുപടി നൽകിയത്. പുതിയ സംഘടനരൂപീകരിച്ചില്ലങ്കിലും ഏറെക്കുറെ സമാനമായിരുന്നു മാധവൻ നായരുടേയും അനുഭവം. നന്ദികേടുകാണിച്ചവരെക്കുറിച്ച്് പറയാനൊന്നും ഇരുവരും പുസ്തകത്തിൽ ശ്രമിച്ചിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments