ഹൂസ്‌റ്റൻ: സെൻറ് തോമസ് സി എസ് ഐ ചർച്ചു് ഓഫ് ഗ്രേറ്റർ ഹൂസ്‌റ്റൻ ഹൂസ്റ്റണിലെ മുഴുവൻ മലയാളി ക്രിസ്ത്യൻ വിഭാഗത്തേയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ഹാർമണി ഫെസ്റ്റ് 2022 ശ്രദ്ധേയമായി.ഹൂസ്‌റ്റൻ സി എസ് ഐ സഭയുടെ പുതിയ ദേവാലയ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ചിമ്മിണി റോക്ക് റോഡിലെ (16250) ദേവാലയാങ്കണമായിരുന്നു ഈ ക്രൈസ്തവ സംഗമത്തിന് വേദിയായി തീർന്നത്.
ഹൂസ്റ്റണിലെ മലയാളി ക്രൈസ്തവരുടെയിടയിൽ ഒരു സൗഹൃദ കൂട്ടായ്‌മ സൃഷ്ടിക്കുക എന്നതായിരുന്നു ഈ സംഗമത്തിൻ്റെ ലക്ഷ്യം. 2022 ഡിസംബർ മൂന്നാം തീയതി ശനിയാഴ്ച്ച രാവിലെ 10.30 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു മണിവരെയായിരുന്നു സംഗമം ക്രമീകരിച്ചിരുന്നത്. ദേവാലയത്തിനുള്ളിലെ ആരാധനയിൽനിന്നു വ്യത്യസ്തമായി സംഗമ സ്ഥലത്തെ പൊതു വേദിയിൽ നടത്തപ്പെട്ട ആരാധനയോടുകൂടിയാണ് ഈ സൗഹൃദ കൂട്ടായ്‌മ ആരംഭിച്ചത്.
ആരാധനയ്ക്ക് ഇടവക വികാരി റവ: ബെന്നി തോമസ്, സി എസ് ഐ സെൻറ് പീറ്റേഴ്‌സ് ഇടവക വികാരി റവ.ഡോ. ജേക്കബ് ജോർജ് എന്നിവർ നേതൃത്വം നൽകി, തുടർന്ന് ഐക്യത വിളിച്ചോതുന്നതിന്നടയാളമായി ഏഴു മെഴുകുതിരികൾ കത്തിച്ചുകൊണ്ട് സംഗമത്തിൻ്റെ ഉത്‌ഘാടനം .ഔദ്യോഗികമായി നടത്തപ്പെട്ടു.
സെൻറ് തോമസ് സി എസ് ഐ സഭയുടെ എക്‌സിക്ട്ടീവ് ബോർഡ് അംഗങ്ങൾ സംഘാടക സമിതിയുടെ കൺവീനർമാർ വിവിധ സഭാ പ്രതിനിധികൾ എന്നിവർ ഉത്‌ഘാടനത്തിൽ പങ്കെടുത്തു.
ഉൽഘാടനശേഷം വൈവിധ്യമാർന്ന കലാപരിപാടികൾ ടാലന്റ് ഷോ എന്നിവ നടത്തപ്പെട്ടു. കുട്ടികൾ മുതൽ പ്രായമായവർവരെ ടാലന്റ് ഷോ യിൽ പങ്കെടുത്തു. കുട്ടികൾക്കുവേണ്ടി തയ്യാറാക്കിയിരുന്ന കായികവിനോദങ്ങൾ ക്രിസ്തുമസ്സിന്റെ സന്ദേശം വിളിച്ചോതുന്ന സാന്താക്ളോസിൻ്റെ സന്ദർശനം തുടങ്ങിയവ ഈ സൗഹൃദ സമ്മേളനത്തിനു കൊഴുപ്പേകി.
നാടൻ വിഭവങ്ങളും ആസ്വാദ്യകരമായ മറ്റു വിഭവങ്ങളും സുഭിക്ഷമായി ലഭ്യമായിരുന്ന നാടൻ തട്ടുകട ഏറെ ശ്രദ്ധേയമായി.
വാർത്ത അയച്ചത്: ശങ്കരൻകുട്ടി