വാഷിംഗ്ടണ്‍: അമേരിക്കയുടെ ടിക് ടോക് നിരോധന നിയമത്തെ ചോദ്യം ചെയ്ത് ചൈനീസ് സോഷ്യല്‍ മീഡിയ കമ്പനി സമര്‍പ്പിച്ച അപ്പീല്‍ ഫെഡറല്‍ അപ്പീല്‍ കോടതി തള്ളിയതോടെ നിരോധനം സമ്പൂര്‍ണമായി. 2025 ന്റെ തുടക്കത്തില്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന നിയമമാണ് കോടതി ശരിവെച്ചത്.
അമേരിക്കയിലെ 170 ദശലക്ഷം ഉപയോക്താക്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ നിരോധനം ബാധിക്കുന്നതിനാല്‍ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് ടിക് ടോക് വാദിച്ചത്. ഈ വാദത്തോട് ഫെഡറല്‍ അപ്പീല്‍ കോടതി യോജിക്കുമെന്നും സോഷ്യല്‍ മീഡിയ കമ്പനി പ്രതീക്ഷിച്ചിരുന്നു. അപ്പീല്‍ കോടതി തള്ളിയതോടെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നീതിപീഠമായ യുഎസ് സുപ്രീം കോടതിയിലേക്ക് പോകാനൊരുങ്ങുകയാണ് ടിക് ടോക്ക്.
എന്നാല്‍ ‘കോണ്‍ഗ്രസിന്റെയും തുടര്‍ച്ചയായ പ്രസിഡന്റുമാരുടെയും വിപുലമായ ഉഭയകക്ഷി ചര്‍ച്ചകളുടെയും അന്തിമഫലമാണ് നിയമം എന്നു വിലയിരുത്തിയ കോടതി അത് ശരിവെയ്ക്കുകയായിരുന്നു.
ടിക് ടോക് ഉടമകളും ചൈനീസ് ഭരണകൂടവും തമ്മില്‍ ബന്ധമുണ്ട് എന്ന് പറയപ്പെടുന്നതിനാല്‍ ടിക് ടോക്ക് യുഎസ് കമ്പനികള്‍ ഏറ്റെടുക്കുന്നതിനോ നിരോധിക്കുന്നതിനോ ആണ് യുഎസ് ആഗ്രഹിക്കുന്നത്. എന്നാല്‍ ചൈനീ്‌സ് സര്‍ക്കാരുമായുള്ള ബന്ധം ടിക് ടോക്കും മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സും ആവര്‍ത്തിച്ച് നിഷേധിച്ചിട്ടുണ്ട്.
‘ഒരു വിദേശ എതിരാളിയുടെ നിയന്ത്രണം മാത്രം കൈകാര്യം ചെയ്യുന്നതിനായി ശ്രദ്ധാപൂര്‍വ്വം തയ്യാറാക്കിയതാണ് നിയമം, പിആര്‍സി (പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന) ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണിയെ പ്രതിരോധിക്കാനുള്ള വിശാലമായ ശ്രമത്തിന്റെ ഭാഗമാണിത്’ എന്ന യുഎസ്
സര്‍ക്കാരിന്റെ കോടതി അംഗീകരിച്ചു.
എന്നാല്‍ ഇത് തങ്ങളുടെ നിയമ പോരാട്ടത്തിന്റെ അവസാനമല്ലെന്ന് ടിക് ടോക്ക് പറഞ്ഞു. ‘കമ്പനി സുപ്രീംകോടതിയെ സമീപിക്കും. അമേരിക്കക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്നതില്‍ സുപ്രീം കോടതിക്ക് ഒരു ചരിത്രപരമായ റെക്കോര്‍ഡ് ഉണ്ട്, ഈ സുപ്രധാന ഭരണഘടനാ വിഷയത്തിലും സുപ്രീംകോടതി അത് ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് ‘- ടിക് ടോക്ക് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
നിയമം ‘കൃത്യതയില്ലാത്തതും തെറ്റായതും സാങ്കല്‍പ്പികവുമായ വിവരങ്ങളെ’ അടിസ്ഥാനമാക്കിയുള്ളതാണെന്നും നിരോധനം യുഎസ് പൗരന്മാരുടെ അഭിപ്രായങ്ങളെ സെന്‍സര്‍ ചെയ്യുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
2020 ല്‍ ട്രംപിന്റെ ആദ്യ ടേമിലാണ് ടിക് ടോക്ക് നിരോധനത്തിനുള്ള ആദ്യ ശ്രമം നടന്നത്. അത് പരാജയപ്പെട്ടെങ്കിലും നവംബര്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി ടിക് ടോക്കിനുള്ള നിരോധനം പ്രാബല്യത്തില്‍ വരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ടിക് ടോക്ക് നിരോധിക്കുകയോ വില്‍ക്കുകയോ ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നതിന്റെ പിറ്റേന്ന് ജനുവരി 20ന് ആണ് ട്രംപ് യുഎസ് പ്രസിഡന്റായി വൈറ്റ് ഹൗസില്‍ ചുമതലയേല്‍ക്കുന്നത്.