മിന്നല്‍വേഗത്തില്‍ പാട്ടെഴുതാന്‍, വേണമെങ്കില്‍ മാറ്റിയെഴുതാനും ഉള്ള കഴിവാണ് പൂവച്ചലിനെ 1970’80 കാലഘട്ടത്തിലെ ഏറ്റവും തിരക്കേറിയ ഗാനരചയിതാവാക്കി മാറ്റിയത്. ‘കായലും കയറും’ എന്ന ചിത്രത്തിലെ പാട്ടെഴുത്തിന്റെ കഥ അദ്ദേഹം വിവരിച്ചുകേട്ടിട്ടുണ്ട്. ”സംവിധായകന്‍ പറഞ്ഞുതന്ന സന്ദര്‍ഭത്തിന് അനുയോജ്യമായ വരികള്‍ തന്നെയാണ് ഞാന്‍ എഴുതിയത്. ‘രാവിന്‍ കണ്മഷി വീണുകലങ്ങിയ…’ എന്ന് തുടങ്ങുന്ന കാവ്യാത്മകമായ ഗാനം.
പൂവച്ചല്‍ ആദ്യമായി ഒരു മുഴുനീള ഗാനമെഴുതിയത് റവ. സുവിശേഷമുത്തു സംവിധാനംചെയ്ത ‘കാറ്റു വിതച്ചവന്‍'(1973) എന്ന ചിത്രത്തിനുവേണ്ടിയാണ്. പീറ്റര്‍ റൂബന്റെ സംഗീതത്തില്‍ മേരി ഷൈല പാടിയ ആ ഗാനം മലയാളത്തിലെ എക്കാലത്തെയും മികച്ച ക്രിസ്തീയ ഭക്തിഗാനമായി ഇന്നും നിലനില്‍ക്കുന്നു.
‘നീയെന്റെ പ്രാര്‍ഥന കേട്ടു, നീയെന്റെ മാനസം കണ്ടു…” അതേ ചിത്രത്തിലാണ് യേശുദാസ് ശബ്ദം നല്‍കിയ ആ മനോഹരപ്രണയഗാനവും. ‘മഴവില്ലിനജ്ഞാത വാസം കഴിഞ്ഞു…’ മലയാള സിനിമാ സംഗീതചരിത്രത്തിന്റെ ഭാഗമായി മാറിയ ജൈത്രയാത്ര തുടങ്ങിയിരുന്നതേയുള്ളൂ പൂവച്ചല്‍.
ഏതോ ജന്മകല്പനയില്‍…’ (പാളങ്ങള്‍), ‘ഇതിലേ ഏകനായ്…’ (ഒറ്റപ്പെട്ടവര്‍), ‘ഋതുമതിയായ് തെളിമാനം…’ (മഴനിലാവ്), ‘അനുരാഗിണീ ഇതായെന്‍…’ (ഒരു കുടക്കീഴില്‍), ‘സിന്ദൂര സന്ധ്യക്ക് മൗനം…’ (ചൂള), ‘രാജീവം വിടരും നിന്‍ മിഴികള്‍…’ (ബെല്‍റ്റ് മത്തായി), പണ്ടൊരു കാട്ടിലൊരാണ്‍സിംഹം (സന്ദര്‍ഭം), ‘കരളിലെ കിളി പാടി…’ (അക്കച്ചീടെ കുഞ്ഞുവാവ), ‘മന്ദാരച്ചെപ്പുണ്ടോ…’ (ദശരഥം), ‘പൂമാനമേ…’ (നിറക്കൂട്ട്) ‘ പൊന്‍വീണേ…’ (താളവട്ടം), ‘കിളിയേ കിളിയേ…’ (ആ രാത്രി), ‘കായല്‍ക്കരയില്‍ തനിച്ചുവന്നത്…’ (കയം)…. മലയാളികള്‍ ഇന്നും ഹൃദയത്തില്‍ കൊണ്ടുനടക്കുന്ന പാട്ടുകള്‍. എ.ടി. ഉമ്മറാണ് പൂവച്ചലിന്റെ ഏറ്റവുമധികം രചനകള്‍ക്ക് ഈണംപകര്‍ന്നത്. തൊട്ടുപിന്നില്‍ ശ്യാം, ജോണ്‍സണ്‍, രവീന്ദ്രന്‍.
എന്‍ജിനിയറുടെ കുപ്പായം ഉപേക്ഷിച്ചു പാട്ടെഴുത്തുകാരനായ കഥയാണ് പൂവച്ചലിന്റേത്. വലപ്പാട്ട് ശ്രീരാമ പോളിടെക്‌നിക്കില്‍ നിന്ന് എന്‍ജിനിയറിങ് ഡിപ്ലോമയും തിരുവനന്തപുരം എന്‍ജിനിയറിങ് കോളേജില്‍ നിന്ന് എ.എം.ഐ. ഇ.യും നേടിയ ഖാദറിന്റെ ആദ്യനിയമനം കോഴിക്കോട്ടായിരുന്നു. ഓവര്‍സിയറായിട്ടാണ് തുടക്കം.
പിന്നെ അസിസ്റ്റന്റ് എന്‍ജിനിയറായി. സുഹൃത്തും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരുമായ കാനേഷ് പൂനൂര്‍ വഴി ഐ.വി. ശശിയെ പരിചയപ്പെട്ടതാണ് പൂവച്ചലിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്.
നടി വിജയനിര്‍മലയുടെ ആദ്യ സംവിധാനസംരംഭമായാണ് അറിയപ്പെടുന്നതെങ്കിലും ‘കവിത”യുടെ ചിത്രീകരണച്ചുമതല മുഴുവന്‍ ഏറ്റെടുത്തത് ആര്‍ട്ട് ഡയറക്ടറായ ശശിയാണ്. ഭാസ്കരന്‍ മാസ്റ്റര്‍ ഗാനങ്ങളെഴുതിയ ആ പടത്തില്‍ ചില കവിതാശകലങ്ങള്‍ രചിച്ചുകൊണ്ട് അങ്ങനെ പൂവച്ചല്‍ സിനിമാലോകത്ത് അരങ്ങേറ്റം കുറിച്ചു.