തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ വിശദീകരണം വെറും ഉരുണ്ടുകളി മാത്രമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നടത്തിയ പ്രതികരണം പാർട്ടി സെക്രട്ടറിയുടെ അഭിപ്രായമായി മാത്രമേ വിശ്വാസികൾ കാണുന്നുള്ളു. ഈ പ്രതികരണങ്ങളൊന്നും വിശ്വാസികളുടെ വേദനയ്ക്ക് പരിഹാരമല്ലെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്നാണ് ഇനി അറിയേണ്ടത്. സർക്കാർ നിലപാടും ഇതേരീതിയിൽ തന്നെയാണെങ്കിൽ പ്രശ്‌നപരിഹാരത്തിന് സമാധാനപരവും പ്രായോഗികവുമായ മറ്റു മാർഗങ്ങൾ തേടേണ്ടിവരുമെന്നും സുകുമാരൻ നായർ പറഞ്ഞു.
വിശ്വാസ സംരക്ഷണദിനാചരണത്തിന്റെ ഭാഗമായി എൻഎസ്എസ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന നാമജപ ഘോഷയാത്ര. പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി വരെയാണ് നാമജപഘോഷയാത്ര. ഹൈന്ദവ ആരാധനാമൂർത്തിയായ ഗണപതിയെ സംബന്ധിച്ച് സ്പീക്കർ എ.എൻ.ഷംസീർ നടത്തിയ പരാമർശം പിൻവലിച്ചു മാപ്പുപറയണമെന്നും അല്ലാത്തപക്ഷം സർക്കാരിന്റെ ഭാഗത്തുനിന്നു നടപടി ഉണ്ടാകണമെന്നും കഴിഞ്ഞ ദിവസവും സുകുമാരൻ നായർ പറഞ്ഞിരുന്നു.
സ്പീക്കർ എ എൻ ഷംസീറിന്റെ പരാമർശത്തിന് പിന്നിൽ ഹൈന്ദവ വിരോധമെന്നാണ്് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആരോപിച്ചത് പ്രത്യേക സമുദായത്തിലുള്ളയാളുടെ പരാമർശത്തിൽ വിട്ടുവീഴ്ചയില്ല. ഇക്കാര്യത്തിൽ സർക്കാരിന് വിട്ടുവീഴ്ചയില്ലാത്ത എതിർപ്പ് നേരിടേണ്ടി വരുമെന്നും എൻഎസ്എസ് പ്രഖ്യാപിച്ചപ്പോൾ ഷംസീർ മാപ്പുപറയേണ്ടതില്ലെന്ന് നിലപാട് സ്വീകരിച്ചിരിക്കുകയാണ് സിപിഎം.
അതേസമയം, ഹിന്ദു വിശ്വാസത്തെ സംബന്ധിച്ച തന്റെ വാക്കുകൾ വിശ്വാസികളെ വേദനിപ്പിക്കാനായി പറഞ്ഞതല്ലെന്നും അങ്ങനെ വേദനിപ്പിക്കുന്ന ആളല്ല താനെന്നും സ്പീക്കർ എ.എൻ.ഷംസീർ. ”ഈ പരാമർശം ഒരു മത വിശ്വാസിയെയും വ്രണപ്പെടുത്താനല്ല. ഞാൻ ഏതെങ്കിലും മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന ആളല്ല. എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ആളാണ്. മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ല. ഭരണഘടനയിൽ ഒരു ഭാഗത്തു മതവിശ്വാസത്തെക്കുറിച്ചു പറയുമ്പോൾ മറ്റൊരു ഭാഗത്തു ശാസ്ത്രീയ വശം പ്രോത്സാഹിപ്പിക്കണമെന്നും പറയുന്നുണ്ട്. ഭരണഘടനാപദവിയിൽ ഇരിക്കുന്ന ആളെന്നനിലയിൽ ശാസ്ത്രീയവശം പ്രോത്സാഹിപ്പിക്കണമെന്നു പറയുമ്പോൾ എങ്ങനെയാണു മതവിശ്വാസത്തെ വേദനിപ്പിക്കുന്നതാകുന്നത്”സ്പീക്കർ പറഞ്ഞു.
മതവിശ്വാസത്തിന് എതിരായ നിലപാട് സിപിഎമ്മിനില്ലെന്നും ഷംസീറിന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചെന്നും സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ വിശദീകരിച്ചു. വിഷയത്തിൽ ഷംസീർ മാപ്പുപറയില്ലെന്ന് എം വിഗോവിന്ദൻ പറഞ്ഞു. മാപ്പുപറയാനും തിരുത്തി പറയാനും ഉദ്ദേശിക്കുന്നില്ല. തിരുത്തണ്ട ഒരുകാര്യവും ഇതിനകത്തില്ല. ഷംസീർ പറഞ്ഞതുമുഴുവൻ ശരിയാണ്. സ്പീക്കർ എ.എൻ.ഷംസീർ വിശ്വാസങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ പരാമർശങ്ങൾക്കെതിരെ എൻഎസ്എസ് രംഗത്തെത്തിയ സാഹചര്യത്തിലായിരുന്നു പാർട്ടി സെക്രട്ടറി വാർത്താ സമ്മേളനം വിളിച്ച് പാർട്ടി നിലപാട് വിശദീകരിച്ചത്.