ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രാജ്യത്ത് നടത്തിയത് 5.28 ലക്ഷം കോടി രൂപയുടെ നിക്ഷേപം. കമ്പനിയുടെ 47ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്. വലിയ മൂല്യവര്‍ധനയാത്രയാണ് റിലയന്‍സ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഖജനാവിന് നല്‍കിയ നികുതി 5.5 ലക്ഷം കോടി രൂപയോളം വരുമെന്നും അംബാനി പറഞ്ഞു. ഒരു ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനം നല്‍കുന്ന ഏറ്റവും വലിയ നികുതി തുകയാണിത്.
ഒറ്റ കമ്പനിയെന്ന നിലയില്‍ ദേശീയ ഖജനാവിലേക്ക് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്നത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണെന്ന് മുകേഷ് അംബാനി വ്യക്തമാക്കി. 2023-24 സാമ്പത്തികവര്‍ഷത്തില്‍ മാത്രം നികുതിയനങ്ങളില്‍ റിലയന്‍സ് നല്‍കിയത് 1,86,440 കോടി രൂപയാണ്.
കാരുണ്യപ്രവര്‍ത്തനങ്ങളിലും റിലയന്‍സ് വലിയ കുതിപ്പാണ് നടത്തിയത്. വാര്‍ഷിക സിഎസ്ആര്‍ ഫണ്ടിംഗില്‍ 25 ശതമാനം വര്‍ധന വരുത്താന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനായി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 1592 കോടി രൂപയാണ് റിലയന്‍സിന്റെ സിഎസ്ആര്‍ ഫണ്ടിംഗ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മാത്രം 4000 കോടി രൂപയിലധികം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ചെലവഴിച്ചു.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് 2024 സാമ്പത്തിക വര്‍ഷത്തില്‍ 10,00,122 കോടി രൂപയുടെ (119.9 ബില്യണ്‍ യുഎസ് ഡോളര്‍) റെക്കോര്‍ഡ് ഏകീകൃത വിറ്റുവരവും രേഖപ്പെടുത്തി. വാര്‍ഷിക വരുമാനത്തില്‍ 10 ലക്ഷം കോടി (119.9 ബില്യണ്‍ യുഎസ് ഡോളര്‍) കടന്ന ഇന്ത്യയിലെ ആദ്യത്തെ കമ്പനിയായി മാറുകയും ചെയ്തു റിലയന്‍സ് ഇന്‍ഡസ്ട്രീസ്.