വാഷിംഗ്ടണ്‍: അമേരിക്കയിലെ അവധിക്കാല വസതികള്‍ വന്‍തോതില്‍ വിറ്റൊഴിഞ്ഞ് കനേഡിയന്‍ പൗരന്‍മാര്‍. ട്രംപ് ഭരണകൂടം കാനഡയ്‌ക്കെതിരേ നടത്തുന്ന ചില നീക്കങ്ങള്‍ ഭാവില്‍ കൂടുതല്‍ പ്രതികൂലമാകുമെന്ന ഭീതിയിലാണ് പലരും അമേരിക്കയിലെ തങ്ങളുടെ അവധിക്കാല വസതികള്‍ വിറ്റൊഴിയുന്നത്.
അമേരിക്കയില്‍ സ്വത്ത് ഉള്ള കനേഡിയന്‍ പൗരന്‍മാര്‍ക്കെതിരേ യുഎസ് ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന പ്രചാരണവും സ്വത്ത് വിറ്റൊഴിവാക്കാനുള്ള നീക്കത്തിന് പിന്നിലുണ്ട്. അരിസോണ, ഫ്‌ളോറിഡ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ സ്വപ്‌ന തുല്യ വസതികളാണ് കനേഡിയന്‍മാര്‍ വിറ്റൊഴിവാക്കുന്നത്. അമേരിക്കയും കാനഡയു തമ്മിലുളള തര്‍ക്കം രൂക്ഷമായതിനു പിന്നാലെ അമേരിക്കന്‍ ഡോളറിനെതിരേ കനേഡിയന്‍ ഡോളര്‍ ഏറെ ദുര്‍ബലമായതോടെ വിറ്റൊഴിവാക്കല്‍ വേഗത്തിലായി.
സമീപ മാസങ്ങളില്‍ കനേഡിയന്‍ ഡോളര്‍ യു എസ് ഡോളറിനെതിരെ ദുര്‍ബലമായി. ഇതോടെ ഇന്‍ഷുറന്‍സ്, പ്രോപ്പര്‍ട്ടി നികുതി ഉള്‍പ്പെടെ അടയ്ക്കുന്നത് കനേഡിയന്‍മാര്‍ക്ക് കൂടുതല്‍ പ്രതിസന്ധിയിലുമായി. മാത്രവുമല്ല യു എസ് ഡോളറില്‍ അമേരിക്കയിലെ അവരുടെ വീടുകള്‍ വില്‍ക്കുന്നത് കൂടുതല്‍ യുഎസ് ഡോളര്‍ സ്വന്തമാക്കാനും അവസരമൊരുങ്ങി.ട്രംപിന്റെ താരിഫ് നയം കാനഡയെ ഏറെ പ്രതികൂലമയാണ് ബാധിച്ചത്. കനേഡിയന്‍മാരുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളുടെ നികുതി സര്‍ക്കാര്‍ വര്‍ധിപ്പിച്ചേക്കുമെന്ന് ആശങ്കപ്പെടുന്നതായും ബ്രോക്കര്‍മാര്‍ പറയുന്നു. 30 ദിവസത്തില്‍ കൂടുതല്‍ അമേരിക്കയില്‍ താമസിക്കുന്ന വിദേശ പൗരന്മാര്‍ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പുതിയ നിയമം പോലുള്ള മറ്റ് നടപടികള്‍ ഭാവിയിലെ യാത്രാ നിയന്ത്രണങ്ങളെക്കുറിച്ച് അവരെ ആശങ്കാകുലരാക്കിയിട്ടുണ്ടെന്ന് ഏജന്റുമാര്‍ പറയുന്നു. അമേരിക്കയില്‍ വീടു വാങ്ങാനുള്ള കാനഡക്കാരുടെ എണ്ണത്തില്‍ വന്‍ കുറവ് വന്നപ്പോള്‍ വില്പനയ്ക്കായുള്ളവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയും ഉണ്ടായി.
ഗ്രേറ്റര്‍ ഫീനിക്സ് പ്രദേശത്തു നിന്നും വീട് വിറ്റൊഴിയുന്ന കനേഡിയന്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത് ജനുവരി മുതല്‍ മൂന്നു മാസം കൊണ്ട് ഇത്തരത്തില്‍ വില്പനയ്ക്ക് ഇട്ടത് 700 വീടുകളായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് ഏകദേശം 100 ആയിരുന്നു. ഈ കാലഘട്ടത്തില്‍ അരിസോണയില്‍ വീട് വാങ്ങുന്ന കനേഡിയന്‍മാരുടെ എണ്ണത്തിലും 40 ശതമാനം കുറവുണ്ടായി.