കൊച്ചി: സിനിമാ- സീരിയല്‍ താരവും അവതാരകയും മിമിക്രി ആര്‍ട്ടിസ്റ്റുമായ സുബി സുരേഷ് (42 ) അന്തരിച്ചു. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ന്യുമോണിയ ബാധിച്ച് നില ഗുരുതരമാവുകയായിരുന്നു
രാവിലെ 10 മണിയോടെ ആയിരുന്നു മരണം സംഭവിച്ചത്. ചികിത്സയുമായി മുന്നോട്ട് പോകുകയായിരുന്നുവെന്നും പക്ഷെ അതിനെല്ലാം മുമ്ബ് അവസ്ഥ വഷളായി മരണം സംഭവിക്കുകയായിരുന്നുവെന്നും നടന്‍ ടിനി ടോം പറഞ്ഞു.
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത ‘കനക സിംഹാസനം’ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
നിരവധി ടിവി പരിപാടികളില്‍ സുബി സുരേഷ് അവതാരകയായിരുന്നു. കുട്ടിപട്ടാളം പോലെയുള്ള സുബി സുരേഷ് അവതാരകയായ പരിപാടിക്ക് വലിയ സ്വീകാര്യതയും പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ലഭിച്ചു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു സുബി ജനിച്ചത്. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെരേസാസിലുമായിരുന്നു സ്‌കൂള്‍ – കോളേജ് വിദ്യാഭ്യാസം. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍: എബി സുരേഷ്.
സ്‌കൂള്‍ കാലത്ത് ബ്രേക്ക് ഡാന്‍സിൽ താല്പര്യം പ്രകടിപ്പിച്ച സുബി ഇതിലൂടെയാണ് കലാരംഗത്തേക്കെത്തിയത്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ യൂട്യൂബിലും സജീവമായിരുന്നു.
സുബിയുടെ വിയോഗം അറിയിച്ചുകൊണ്ട് അവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ പ്രേക്ഷകരുടെ കണ്ണ് നനയിക്കുന്നത്.
”ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തില്‍ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം… നന്ദി…” എന്നാണ് ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അഡ്മിനാണ് ഇക്കാര്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു.