ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തിലൂടെ മീരയും നരേനും 15 വര്‍ഷങ്ങള്‍ക്കുശേഷം ഒന്നിക്കുന്നു. എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയില്‍വച്ചു നടന്നിരുന്നു. സിനിമയിലേതു പോലെ തന്നെ ജീവിതത്തിലും അടുത്ത സുഹൃത്തുക്കളാണ് മീരയും നരേനും.
സിനിമയുടെ പൂജ ചടങ്ങിലും ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം പ്രകടമായിരുന്നു. ഓണ്‍സ്‌ക്രീനിലെ അച്ചുവും ഇജോയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍ എന്നായിരുന്നു ഇരുവരും ഒന്നിച്ചുള്ള നിമിഷങ്ങള്‍ക്ക് ആരാധകര്‍ നല്‍കിയ കമന്റ്. അച്ചുവിനും ഇജോയ്ക്കും ഒരു മാറ്റവുമില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്.
മലയാളികള്‍ക്ക് ഇന്നും മറക്കാനാകാത്ത ഒരു ചിത്രമാണ് ഉര്‍വശിയും മീര ജാസ്മിനും കേന്ദ്ര കഥാപാത്രങ്ങളായ അച്ചുവിന്റെ അമ്മ. അച്ചുവായി മീര എത്തിയപ്പോള്‍ അഡ്വക്കേറ്റ് ഇമ്മാനുവല്‍ ജോണ്‍ എന്ന ഇജോയെയാണ് നരേന്‍ അവതരിപ്പിച്ചത്. അച്ചുവിന്റെ അമ്മ, മിന്നാമിന്നിക്കൂട്ടം, ഒരേ കടല്‍ എന്നീ സിനിമകളില്‍ മീര ജാസ്മിനും നരേനും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.
ക്വീന്‍ എലിസബത്ത് എന്ന ചിത്രത്തില്‍ എലിസബത്ത് ഏയ്ഞ്ചല്‍ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിക്കുന്നത്. എലിസബത്തിന്റെ സുഹൃത്ത് അലക്‌സ് ആയി നരേന്‍ വേഷമിടുന്നു. ശ്വേതാ മേനോന്‍, രമേശ് പിഷാരടി, വി.കെ.പ്രകാശ്, ശ്യാമ പ്രസാദ്, ജോണി ആന്റണി,മല്ലികാ സുകുമാരന്‍, ജൂഡ് ആന്റണി ജോസഫ്, ആര്യ, ശ്രുതി രജനികാന്ത്,സാനിയ ബാബു, നീനാ കുറുപ്പ്, മഞ്ജു പത്രോസ്, വിനീത് വിശ്വം, രഞ്ജി കാങ്കോല്‍, ചിത്രാ നായര്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കൊച്ചി, കുട്ടിക്കാനം, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
ക്വീന്‍ എലിസബത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഛായാഗ്രഹണം : ജിത്തു ദാമോദര്‍, സംഗീത സംവിധാനം, ബി.ജി,എം: രഞ്ജിന്‍ രാജ്, എഡിറ്റര്‍ : അഖിലേഷ് മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍: എം.ബാവ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ഉല്ലാസ് കൃഷ്ണ, വസ്ത്രാലങ്കാരം: ആയീഷാ ഷഫീര്‍ സേട്ട്, മേക്കപ്പ് : ജിത്തു പയ്യന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശിഹാബ് വെണ്ണല, സ്റ്റില്‍സ്: ഷാജി കുറ്റികണ്ടത്തില്‍, പോസ്റ്റര്‍ ഡിസൈന്‍: മനു മാ മി ജോ, പിആര്‍ഓ : പ്രതീഷ് ശേഖര്‍.