വാരണാസി: ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്നതിന്റെ പേരില്‍ പള്ളിയുടെ ഒരു ഭാഗം അടച്ചിടാന്‍ കോടതി ഉത്തരവിട്ട സംഭവത്തില്‍ പ്രതികരണവുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ശിവന്‍ കാശിയിലെ എല്ലാ അണുവിലുമുണ്ടെന്നും പ്രത്യേക രൂപം ആവശ്യമില്ലെന്നും കങ്കണ റണാവത്ത് പ്രതികരിച്ചു.
”കൃഷ്ണന്‍ മഥുരയിലെ എല്ലാ അണുവിലും രാമന്‍ അയോധ്യയിലെ എല്ലാ അണുവിലുമുണ്ട്. അതുപോലെ ശിവന്‍ കാശിയിലെ എല്ലാ അണുവിലുമുണ്ടെന്നും പ്രത്യേക രൂപം ആവശ്യമില്ലെന്നും”-കങ്കണ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ തെലുങ്ക് സിനിമ ധാക്കടിന്റെ റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം വാരണാസിയിലെ ദശാശ്വമേദ് ഘട്ടില്‍ പ്രാര്‍ഥിക്കാന്‍ എത്തിയപ്പോഴാണ് ഗ്യാന്‍വാപി വിഷയത്തില്‍ കങ്കണ പ്രതികരിച്ചത്.
ഉത്തര്‍പ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മഥുരയിലെ ശ്രീകൃഷ്ണന്റെ യഥാര്‍ഥ ജനനസ്ഥാനം ജനങ്ങള്‍ക്ക് കാട്ടിക്കൊടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന പ്രസ്താവന റണാവത്ത് നേരത്തെ നടത്തിയിരുന്നു. കൃഷ്ണന്‍ ജനിച്ച സ്ഥലത്ത് ഒരു ഈദ്ഗാഹ് ഉണ്ടെന്നും നടി ആരോപിച്ചിരുന്നു.
ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ വാരാണസി കോടതി ഉത്തരവ് പ്രകാരം നടത്തിയ വിഡിയോ സര്‍വേക്ക് പിന്നാലെയാണ് ശിവലിംഗം കണ്ടെത്തിയെന്ന വാദവുമായി ഹരജിക്കാര്‍ രംഗത്തെത്തിയത്. അതേസമയം, നമസ്‌കാരത്തിന് മുമ്പ് അംഗശുദ്ധി വരുത്തുന്ന വുദു ടാങ്കിനുള്ളിലെ ഫൗണ്ടന്‍ (ജലധാര) ആണിതെന്ന് മസ്ജിദ് കമ്മിറ്റി വിശദീകരിക്കുന്നു.