മലയാള സിനിമാ ചരിത്രത്തിലാദ്യമായി ബോക്സോഫീസിൽ 1000 കോടിയെന്ന നേട്ടത്തിലേക്ക് കടക്കാനൊരുങ്ങുകയാണ്. തുടര്‍ച്ചയായി ഹിറ്റുകൾ കുറിച്ചാണ് മലയാള സിനിമ സുവർണനേട്ടത്തിലേക്ക് കുതിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെയുള്ള മലയാളത്തിന്റെ ഏറ്റവും മികച്ച സിനിമക്കാലമാണിത്.ജനുവരിമുതൽ ഏപ്രിൽവരെയുള്ള കാലയളവിൽ 985 കോടിയോളം രൂപ ഗ്രോസ് കളക്‌ഷൻ നേടിക്കഴിഞ്ഞു. ഈമാസം വൈശാഖ് – മമ്മൂട്ടി സിനിമയുടെ ടർബോ, പൃഥ്വിരാജിന്റെ ഗുരുവായൂരമ്പലനടയിൽ തുടങ്ങിയ ചിത്രങ്ങൾ റിലീസ് ചെയ്യുന്നതോടെ വരുമാനനേട്ടത്തിൽ 1000 കോടി പിന്നിടുമെന്നുറപ്പാണ്.
ഇന്ത്യൻസിനിമയിൽ 2024ലെ ഗ്രോസ് കളക്‌ഷന്റെ 20 ശതമാനത്തോളം മലയാളസിനിമയിൽനിന്നാണ്. ബോളിവുഡിന്റെ വിഹിതം 38 ശതമാനം മാത്രമാണ്.2018, രോമാഞ്ചം, കണ്ണൂർസ്ക്വാഡ്, ആർഡിഎക്സ്, നേര് എന്നീ വിജയചിത്രങ്ങളുമായി 2023ൽ 500 കോടിയോളമായിരുന്നു മലയാളസിനിമയുടെ ഗ്രോസ് കളക്ഷൻ. ഇക്കൊല്ലം ആറുമാസംകൊണ്ട് വെറും എട്ടുസിനിമകളിലൂടെയാണ് 1000 കോടിയിലേക്കെത്തിയത്.
അടുത്തിടെ 100 കോടി കടന്ന സിനിമകളുടെ വരുമാനത്തിൽ നല്ലൊരുപങ്കും കേരളത്തിന് വെളിയിൽനിന്നാണ്. 100 കോടിയോളം രൂപയാണ് ഡബ്ബ് ചെയ്യാതെ പ്രദർശനത്തിനെത്തിയ ‘മഞ്ഞുമ്മൽബോയ്സ്’ തമിഴ്‌നാട്ടിൽനിന്ന് നേടിയത്. അമേരിക്കയിലാദ്യമായി ഒരുദശലക്ഷം ഡോളർ നേടിയ ഈ സിനിമ കർണാടകയിലും 10 കോടിക്കടുത്ത് നേടി.പ്രേമലു, ഭ്രമയുഗം, ആടുജീവിതം എന്നിവയും ഇതരഭാഷകളിൽ വിജയമായി. കളക്ഷൻ ഇങ്ങനെ-

മഞ്ഞുമ്മൽ ബോയ്സ് – 250 കോടി : ഫെബ്രുവരി 22 ന് ആണ് മഞ്ഞുമ്മൽ ബോയ്സ് റിലീസ് ചെയ്തത്. സൗബിൻ ഷാഹിർ ശ്രീനാഥ് ഭാസി, ബാലു വർഗീസ് ഗണപതി, ലാൽ ജൂനിയർ, ചന്തു സലീം കുമാര്‍, അഭി റാം, ദീപക് പറമ്പോൽ, ഖാലിദി റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നവരാണ് പ്രധാന വേഷങ്ങൾ ചെയ്ത്. ചിദംബരമാണ് സിനിമയുടെ സംവിധായകൻ.

ആവേശം- 190 കോടി : ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനായ ആവേശം എന്ന സിനിമയുടെ ഛായാഗ്രാഹണം സമീര്‍ താഹിറാണ്. സംഗീതം സുഷിന്‍ ശ്യാം. അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാണ്.

ആടുജീവിതം- 175 കോടി: ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണമാണ് നേടിയത്. പൃഥ്വിരാജ് ആണ് നജീബ് എന്ന പ്രവാസിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.

പ്രേമലു- 160 കോടി: ആദ്യ ദിനം വെറും 96 ലക്ഷം രൂപ മാത്രം സ്വന്തമാക്കിയ പ്രേമലു പിന്നീട് ബോക്സ്ഓഫീസിൽ തരംഗമായി മാറുകയായിരുന്നു. നസ്ലെൻ, മമിത ബൈജു ജോഡികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അഖില ഭാർഗവൻ, ശ്യാം മോഹൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്.

ഭ്രമയുഗം- 75 കോടി: ബ്ലാക്ക് ആന്‍ഡ് വൈറ്റ് തീമില്‍ രാഹുല്‍ സദാശിവന്‍ ഒരുക്കിയ ചിത്രം ഫെബ്രുവരി 15ന് ആണ് തിയേറ്ററിലെത്തിയത്. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രമായി സമാനതകളില്ലാത്ത അഭിനയമാണ് മമ്മൂട്ടി ഭ്രമയുഗത്തില്‍ കാഴ്ചവച്ചത്. മമ്മൂട്ടിയെ കൂടാതെ, അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ഡ ലിസ്, മണികണ്ഠന്‍ ആര്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.

വർഷങ്ങൾക്കുശേഷം – 50 കോടി: ‘പ്രണവ് മോഹന്‍ലാല്‍-ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം. നിവിന്‍ പോളി ഷോ തന്നെയാണ് ഹൈലൈറ്റ്. സിനിമ വന്‍ വിജയം നേടുകയും ചെയ്തു. അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അന്വേഷിപ്പിൻ കണ്ടെത്തും- 40 കോടി: ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ഡ്രാമ ഫെബ്രുവരി 9നായിരുന്നു തിയേറ്ററുകളിലെത്തിയത്. ജിനു വി എബ്രഹാം തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിൽ എസ് ഐ ആനന്ദ് നാരായണൻ എന്ന പോലീസ് ഉദ്വേഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ടൊവിനോയെ കൂടാതെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി എന്നിവർ ചിത്രത്തിൽ പ്രധാന താരങ്ങളായെത്തി.

ഓസ്ലർ – 30 കോടി: ജയറാം നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ജയറാമിന്റെ വമ്പൻ തിരിച്ചുവരവ്. മമ്മൂട്ടിയുടെ അതിഥി വേഷവും ജയറാമിന്റെ ചിത്രത്തിന്റെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. മിഥുൻ മാനുവേല്‍ തോമസാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്.