ന്യൂഡല്‍ഹി: രാജ്യത്ത് 5ജി വയര്‍ലെസ് നെറ്റ്‌വര്‍ക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ ജൂഹി ചൗള നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജൂഹിയുടെ ഹര്‍ജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ച കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു.
ജസ്റ്റിസ് ജി.ആര്‍. മെഹ്തയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് മെഹ്ത നിരീക്ഷിച്ചു.
പ്രശസ്തിക്കു വേണ്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്ന് കരുതുന്നതായും ഹര്‍ജിയില്‍ വിര്‍ച്വല്‍ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും കോടതി പറഞ്ഞു. വിര്‍ച്വല്‍ വാദം കേള്‍ക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകള്‍ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കല്‍ നോട്ടീസ് അയക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
സാങ്കേതികവിദ്യയ്ക്ക് എതിരല്ലെന്നും എന്നാല്‍ പരിസ്ഥിതിക്ക് ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണെന്നും 5ജിയ്ക്ക് എതിരായി സമര്‍പ്പിച്ച ഹര്‍ജിയില്‍ ജൂഹി പറഞ്ഞിരുന്നു. 5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാന്‍ മതിയായ കാരണമുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.