ബെംഗളൂരു: ദേശീയ പുരസ്‌ക്കാര ജേതാവും പ്രശസ്ത കന്നട നടനുമായ സഞ്ചാരി വിജയ് അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സഞ്ചായി വിജയിയുടെ മരണം നടന്‍ കിച്ച സുദീപ് സ്ഥിരീകരിച്ചു.
ശനിയാഴ്ചയാണ് വിജയ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തിന് തലച്ചോറില്‍ രക്തസ്രാവം ഉണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും കോമയിലേക്ക് വീഴുകയായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് സഞ്ചാരി വിജയിയുടെ അന്ത്യം. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങള്‍ ദാനം ചെയ്യുമെന്ന് കുടുംബം അറിയിച്ചു. അദ്ദേഹം എക്കാലവും സമൂഹത്തെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്നയാളാണ് എന്നും മരണത്തിലും ആ ആഗ്രഹം നിറവേറ്റുകയാണ് എന്നും അദ്ദേഹത്തിന്റെ സഹോദരന്‍ സിദ്ദേഷ് പ്രതികരിച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 11.45ഓടെയാണ് സഞ്ചാരി വിജയ് അപകടത്തില്‍പ്പെട്ടത്. അദ്ദേഹം സുഹൃത്തിനൊപ്പം സഞ്ചരിച്ച ബൈക്ക് മഴയില്‍ നനഞ്ഞ റോഡില്‍ തെന്നി അപകടത്തില്‍പ്പെടുകയായിരുന്നു. സഞ്ചാരി വിജയിയെ ഉടനെ തന്നെ സമീപത്തുളള ആശുപത്രിയിലെത്തിച്ചു.
അദ്ദേഹത്തിന്റെ തലച്ചോറിന് ഗുരുതരമായി പരിക്ക് പറ്റിയതായും രക്തസ്രാവം നിലയ്ക്കുന്നില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രക്ഷപ്പെടുത്താനായില്ല.
2015ല്‍ പുറത്തിറങ്ങിയ ‘നാനു അവനല്ല അവളു’ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിലൂടെയാണ് സഞ്ചാരി വിജയ് പ്രശസ്തിയേക്ക് ഉയര്‍ന്നത്. ഈ ചിത്രത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന് ദേശീയ പുരസ്‌ക്കാരവും ലഭിച്ചു.
കില്ലിംഗ് വീരപ്പന്‍, നതിച്ചരമി എന്നിവ സഞ്ചാരി വിജയിയുടെ മറ്റ് പ്രധാന ചിത്രങ്ങളാണ്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സാമൂഹ്യ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. കൊവിഡ് രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്നത് അടക്കമുളള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടിരുന്നു.