ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദക്കെതിരെ രൂക്ഷ പ്രതികരണവുമായി നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്‌കര്‍. വിദ്വേഷ പ്രചാരണം രാജ്യത്തിന് ഉണ്ടാക്കിയ രാജ്യാന്തര നാണക്കേട് ബി.ജെ.പി ആഘോഷിക്കുകയാണെന്ന് സ്വര ഭാസ്‌കര്‍ ട്വീറ്റ് ചെയ്തു. പ്രവാചക നിന്ദക്കെതിരായ ഇന്തോനേഷ്യയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു സ്വര ഭാസ്‌കറിന്റെ വിമര്‍ശനം.
നേരത്തെ, ഗുരുഗ്രാമില്‍ വെള്ളിയാഴ്ച്ച നമസ്‌കാരം നടത്തുന്നവര്‍ക്കെതിരെ പ്രതിഷേധിച്ച സംഘ്പപരിവാര്‍ സംഘടനകളുടെ നടപടിയെ വിമര്‍ശിച്ച് സ്വര ഭാസ്‌കര്‍ രംഗത്തെത്തിയിരുന്നു. ‘ഹിന്ദുവെന്ന നിലയില്‍ ലജ്ജ തോന്നുന്നു’ എന്നാണ് അന്ന് സ്വര ട്വിറ്ററില്‍ കുറിച്ചത്. തന്റെ ഹിന്ദുത്വ വിരുദ്ധ നിലപാടുകളുടെ പേരില്‍ നേരത്തേ തന്നെ പ്രശസ്തയാണ് സ്വര ഭാസ്‌കര്‍.
ഇന്ത്യയില്‍ ബി.ജെ.പി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദാ പരാമര്‍ശത്തെ ഖത്തര്‍ ശൂറാ കൗണ്‍സില്‍ അപലപിച്ചിരുന്നു. ഇസ്‌ലാമിനും പ്രവാചകനുമെതിരെ ഇന്ത്യയിലെ ഭരണപക്ഷ പാര്‍ട്ടിയുടെ പ്രതിനിധി നടത്തിയ പരാമര്‍ശത്തില്‍ ശക്തമായ ഭാഷയിലാണ് സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തിയത്.
ബി.ജെ.പി ദേശീയ വക്താവായിരുന്ന നുപുര്‍ ശര്‍മയും നവീന്‍ കുമാര്‍ ജിന്‍ഡലും പ്രവാചകനിന്ദിച്ചതിനെ തുടര്‍ന്ന് കനത്ത പ്രതിച്ഛായ നഷ്ടത്തിലാണ് ഇന്ത്യ. സംഭവത്തില്‍ രാജ്യാന്തര തലത്തിലെ ആദ്യ പ്രതിഷേധമായിരുന്നു ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിന്റേത്. കൂടാതെ സൗദി അറേബ്യ, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നിവക്കു പിന്നാലെ യു.എ.ഇ, ജോര്‍ഡന്‍, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളും ഇസ്‌ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു.
വ്യക്തികളുടെ മതവിദ്വേഷ പ്രസ്താവനകളും ട്വീറ്റുകളും ഇന്ത്യന്‍ സര്‍ക്കാറിന്റെ കാഴ്ചപ്പാടുകളല്ലെന്ന് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പ്രതികരിച്ചിരുന്നു.