ന്യൂഡല്‍ഹി: അഗ്‌നിപഥ് പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അഭിനന്ദിച്ച് ബോളിവുഡ് താരം കങ്കണ റണാവത്ത്. തൊഴില്‍, പണം സമ്പാദിക്കല്‍ എന്നിവക്ക് പുറമേ കൂടുതല്‍ അര്‍ഥങ്ങളുള്ള പദ്ധതിയാണ് അഗ്‌നിപഥെന്ന് കങ്കണ പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അവരുടെ പ്രതികരണം.
ഇസ്രായേലുള്‍പ്പടെ പല രാജ്യങ്ങളിലും യുവാക്കള്‍ക്കിടയില്‍ സൈനിക പരിശീലനം നിര്‍ബന്ധമാക്കിയിട്ടുണ്ട്. അച്ചടക്കം, ദേശീയത, രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുക തുടങ്ങി ജീവിതത്തിലെ പല മൂല്യങ്ങളും പഠിക്കാന്‍ കുറച്ച് വര്‍ഷങ്ങള്‍ ഈ രാജ്യങ്ങളിലെ യുവാക്കള്‍ സേനക്ക് വേണ്ടി മാറ്റി വെക്കുന്നു. തൊഴില്‍, പണം സമ്പാദിക്കല്‍ എന്നിവക്ക് പുറമേ അഗ്‌നിപഥ് പദ്ധതിക്ക് ഒരുപാട് അര്‍ഥങ്ങളുണ്ട് -കങ്കണ പറയുന്നു.
അഗ്‌നിപഥ് പദ്ധതിയെ പഴയകാലത്തെ ഗുരുകുലങ്ങളുമായി കങ്കണ താരതമ്യം ചെയ്തു. പഴയകാലങ്ങളില്‍ യുവാക്കള്‍ ഗുരുകുലങ്ങളില്‍ പോയിരുന്നത് പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചായിരുന്നില്ലെന്ന് കങ്കണ പറഞ്ഞു. ഇന്നത്തെ തലമുറ മയക്കുമരുന്നിലും പബ്ജി പോലുള്ള ഗെയിമിലൂടെയും നശിക്കുമ്പോള്‍ അഗ്‌നിപഥ് പോലുള്ള പുതിയ പരിഷ്‌കരണങ്ങള്‍ അഭിനന്ദമര്‍ഹിക്കുന്നതാണെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
17നും 21നുമിടയില്‍ പ്രായമുള്ള യുവാക്കളെ നാലുവര്‍ഷത്തേക്ക് സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്‌നിപഥ്. നാലുവര്‍ഷം സേവനം ചെയ്തവരില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ് തുടര്‍ന്നും പ്രവര്‍ത്തിക്കാനാകുക. അല്ലാത്തവര്‍ക്ക് ജോലി നഷ്ടപ്പെടുന്നതിനൊപ്പം പെന്‍ഷനോ മറ്റു ആനൂകൂല്യങ്ങളോ ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് രാജ്യവ്യാപക പ്രതിഷേധം നടക്കുന്നത്.