കാന്‍സ് വേള്‍ഡ് ഫിലിം ഫെസ്‌റ്റിവലില്‍ കുട്ടികളുടെ മികച്ച ഹ്രസ്വചിത്രമായി തിരൂര്‍ സ്വദേശിയുടെ “ഒച്ച്” തെരഞ്ഞെടുത്തു.ഖത്തറില്‍ എഞ്ചിനീയറായ ചേന്നര പെരുന്തിരുത്തി സ്വദേശി നെഹ്‌ജുല്‍ ഹുദയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ലോകത്തിലെ പ്രശസ്‌ത ചലച്ചിത്രകാരന്മാര്‍ മാറ്റുരയ്‌ക്കുന്നതാണ് കാന്‍സ് ഫെസ്‌റ്റിവല്‍.
ജാതി,ലിംഗ അസമത്വങ്ങളും, സ്വസ്‌ഥജീവിതത്തിനായി നാടുവിടുന്ന യുവാക്കളും, ഫാസിസവുമൊക്കെ ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. പരീക്ഷഫലങ്ങളുടെ അട്ടിമറി സാധാരണ വിദ്യാര്‍ഥികളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും ചിത്രത്തിലൂടെ പറയുന്നു.

പെരുന്തിരുത്തി ഗ്രാമം, ആലത്തിയൂര്‍ കെ.എച്ച്.എം.എച്ച്.എസ്.എസ് സ്കൂൾ, തിരൂര്‍ ജി.ബി.എച്ച്.എസ്.എസ് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. വാഹിദ് ഇന്‍ഫോമാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. സാജന്‍ കെ.റാം സംഗീത സംവിധാനം നിര്‍വഹിച്ചു. അഷറഫ് ഇല്ലിക്കല്‍,സന്തോഷ് ഇന്‍ഫോം, അക്‌ബര്‍റിയല്‍, എം.ഷൈജു എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍. നിമവി.പ്രദീപ്,എം.എം.പുറത്തൂര്‍, അരുണിമ, കൃഷ്‌ണന്‍ പച്ചാട്ടിരി, ഉമ്മര്‍ കളത്തില്‍, തിരൂര്‍ മമ്മുട്ടി, ബീന കോട്ടക്കല്‍, പ്രസന്ന തൂണേരി, റിഫാഷെലീസ്, സനോജ് എന്നിവര്‍ വിവിധ വേഷങ്ങള്‍ കൈകാര്യം ചെയ്‌തിരിക്കുന്നു.
2018 ല്‍ നെഹ്‌ജുല്‍ ഹുദ സംവിധാനം ചെയ്‌ത നൂല് ഹൃസ്വചിത്രം നിരവധി അന്താരാഷ്ര്‌ട മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും സംസ്‌ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം ലഭിക്കുകയും ചെയ്‌തിരുന്നു. തിരൂര്‍ പ്രസ് ക്ലബ്ബില്‍ ഷോട്ട്‌ഫിലിമിന്റെ അണിയറപ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഹ്ലാദം പങ്കിട്ടു. സംവിധായകന്‍ നെഹ്‌ജുല്‍ ഹുദ നാട്ടിലെത്തിയാല്‍ ആഘോഷപരിപാടി സംഘടിപ്പിക്കും.
ചെറിയ സിനിമകള്‍ വലിയ പ്രതീക്ഷകളും സാമൂഹ്യ ഉത്തരവാദിത്തങ്ങളും ഉള്‍ക്കൊണ്ടു കൊണ്ടു ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ സാധിക്കുകയും ചെയ്യുന്നത് ഏറെ അഭിമാനകരമാണ്. “ഒച്ച്” പോലുള്ള സിനിമകള്‍ സാംസ്കാരികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളെ ചിത്രീകരിക്കുകയും, അതിന്റെ അടിമുടി പ്രമേയങ്ങള്‍ക്ക് ദൃശ്യരൂപം കൊടുക്കുകയും ചെയ്യുന്നു. ഈ സമര്‍പ്പണവും , സമൂഹത്തോട് ഉള്ള ഉത്തരവാദിത്തബോധവും പ്രതിബദ്ധതയുമാണ് ചിത്രം ലോകശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണം.