കൊച്ചി: സൂം മീറ്റിങ്ങില്‍ മകള്‍ മഹാലക്ഷ്മിക്കൊപ്പം ഒരുമിച്ചെത്തി കാവ്യ മാധവനും ദിലീപും. അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരന്‍ നേതൃത്വത്തില്‍ നടത്തിയ സൂം മീറ്റിങ്ങിലാണ് മൂവരും എത്തിയത്. വീഡിയോയില്‍ അച്ഛനും അമ്മയ്ക്കുമൊപ്പം കുറുമ്പ് കാണിച്ച് ഓടിക്കളിക്കുന്ന മഹാലക്ഷ്മിയെ വീഡിയോയില്‍ കാണാം.
മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന് മകള്‍ക്കൊപ്പമുള്ള ചിത്രം ദിലീപ് പങ്കുവച്ചിരുന്നു. അതല്ലാതെ മറ്റു ചിത്രങ്ങളൊന്നും ദിലീപ് പങ്കു വെച്ചിരുന്നില്ല. ഏതായാലും ചിത്രങ്ങളിലൂടെ മാത്രം കണ്ട താരപുത്രിയെ വിഡിയോയില്‍ കണ്ട സന്തോഷത്തിലാണ് ആരാധകരും.
മഹാലക്ഷ്മിയോട് അടൂര്‍ ഗോപാലകൃഷ്ണന് ഹാപ്പി ബര്‍ത്‌ഡേ പറയാന്‍ കാവ്യ ആവശ്യപ്പെടുന്നുണ്ട്. പത്തുതവണയെങ്കിലും പിറന്നാള്‍ ആശംസകള്‍ മഹാലക്ഷ്മി പറഞ്ഞു കഴിഞ്ഞെന്നും അതിനിടയില്‍ വിഡിയോ കട്ട് ആയതുകൊണ്ടാണ് കേള്‍ക്കാന്‍ പറ്റാതിരുന്നതെന്നും കാവ്യ പറയുന്നുണ്ട്.
അടൂര്‍ സാറുമായി ബന്ധപ്പെട്ട വലിയ ആളുകളെയും സുഹൃത്തുക്കളെയും കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും വീഡിയോയില്‍ ദിലീപ് പറയുന്നുണ്ട്. കുക്കു പരമേശ്വരനും ദിലീപിനും കാവ്യയ്ക്കുമൊപ്പം നടി മഞ്ജു പിള്ളയും സൂം മീറ്റില്‍ ഉണ്ടായിരുന്നു.