Friday, October 11, 2024

HomeLiteratureലെമൂറിയ-2 (നോവല്‍-അധ്യായം 5)

ലെമൂറിയ-2 (നോവല്‍-അധ്യായം 5)

spot_img
spot_img

സാബു ശങ്കര്‍
Google / Sabu Sankar


സംഗ്രഹം

തിരുവിതാങ്കൂറിനോട് ചേര്‍ന്നു കിടന്ന ഒരു സാങ്കല്‍പ്പിക ദ്വീപ് ആണ് ലെമൂറിയ…ഒന്നാം ലോക മഹായുദ്ധ കാലം മുതല്‍ കഥ ആരംഭിക്കുന്നു…കടലും കരയും മനുഷ്യരും ജീവിതവും…ബ്രിട്ടീഷ് നാവികര്‍ പണിത ലൈറ്റ് ഹൗസ്…ബ്രിട്ടീഷുകാര്‍ ആ ദ്വീപിന് പേരിട്ടു.ലെമൂറിയ 2…..ഒന്നാം ലോക യുദ്ധം…ലെമൂറിയക്കടലില്‍ ജര്‍മനിയുടെ ഭീമന്‍ പടക്കപ്പല്‍ എംഡന്‍…ജാപ്പനീസ് വിമാനത്തിന്റെ ബോംബ് വര്‍ഷം…

അന്ന് കടല്‍ യുദ്ധത്തില്‍ പിതാവിനെ നഷ്ടപ്പെട്ട ഗീവര്‍ഗീസിന് ഏഴ് വയസ്സ്. അയാള്‍ വളര്‍ന്നപ്പോള്‍ കടല്‍പ്രകൃതിയെയും ലെമൂറിയായെയും സ്‌നേഹിച്ചു…വിദേശികള്‍ ടൂറിസ്റ്റുകളായി വരാന്‍ തുടങ്ങി. ലെമൂറിയായുടെ പ്രത്യേകതകള്‍ അയാള്‍ പഠിച്ചുകൊണ്ടിരുന്നു…

അപ്പോഴാണ് ഉത്തരേന്ത്യയിലെ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികള്‍ ലെമൂറിയയിലും പ്രതിഫലിക്കുന്നത്…ഗീവര്‍ഗീസ് സ്വാതന്ത്ര്യ സമര സേനാനിയായി, മഹാത്മാ ഗാന്ധിയുടെ അനുയായി ആയി… വിവിധ മത ജാതികളുടേതായ ലെമൂറിയയിലും രാഷ്ട്രീയ സംഭവ വികാസങ്ങള്‍…

തിരുവിതാങ്കൂറില്‍ റീജന്റ് മഹാറാണി അധികാരമേല്‍ക്കുന്നു. കൊല്ലം രൂപതാ മെത്രാന്‍ ബെന്‍സിഗറിന്റേതായിരുന്നു ലെമൂറിയ…രാജകുടുംബം ബിഷപ്പ് ബെന്‍സിഗറില്‍ നിന്ന് ലെമൂറിയ ദ്വീപ് കൈവശമാക്കുന്നു. അവിടെ രാജകുടുംബം ഒരു കൊട്ടാരം നിര്‍മ്മിച്ചു.

പ്രശാന്ത ഹര്‍മ്മ്യം. ഗീവര്‍ഗീസിന്റെ പ്രണയം. മീനമ്മയെ വിവാഹം കഴിക്കുന്നു. മക്കള്‍ റൂത്ത്, സോളമന്‍. രണ്ടാം ലോക മഹായുദ്ധം…ഇന്ത്യന്‍ സ്വാതന്ത്ര്യം…ലെമൂറിയയിലും ലഹള…പലായനം…മറ്റു കുടുംബങ്ങളോടൊപ്പം ഗീവര്‍ഗീസും മീനാമ്മയും റൂത്തും സോളമനും വടക്കന്‍ ലെമൂറിയായിലേക്ക്…ജനാധിപത്യത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയം…ലെമൂറിയയിലെ ജനാധിപത്യം……

ലെമൂറിയന്‍ ജീവിതത്തിലെ സംഘര്‍ഷങ്ങളും ജീര്‍ണതകളും സങ്കീര്‍ണതകളും…മനുഷ്യത്വവും സാഹോദര്യവും ഇല്ലാതാവുന്നു. മനുഷ്യന്‍ വിഭജിക്കപ്പെടുന്നു. വിഭാഗീയ ചിന്തകളാല്‍ ലെമൂറിയ ശാപഭൂമി പോലെയായി.

എങ്കിലും അധികാര നേട്ടങ്ങള്‍ക്കായി വിഭജിത സമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ന്യൂനപക്ഷം പേര്‍ ഐക്യത്തോടെ അതിജീവിക്കാന്‍ ശ്രമിക്കുന്നു… വീണ്ടും മനുഷ്യ ജീവിതത്തിലെ സ്‌നേഹഗാഥകള്‍…

പക്ഷേ ഒരു സുനാമിയില്‍ ലെമൂറിയ അപ്പാടെ മുങ്ങിപ്പോയി…ഗീവര്‍ഗീസും സംഘവും ഉള്‍ക്കടലില്‍ സ്രാവ് വേട്ടയ്ക്ക് പോയി തിരിച്ചു വരുമ്പോള്‍ ലെമൂറിയ ദ്വീപ് ഇല്ല…1950 ല്‍ ലെമൂറിയന്‍ പാറക്കെട്ടിലെ നിഷ്‌കളങ്കേശ്വരന്‍ കോവില്‍ മാത്രം വേലിയേറ്റത്തില്‍ മുങ്ങിയും വേലിയിറക്കത്തില്‍ പൊങ്ങിയും കാണപ്പെട്ടു…

2000ല്‍ ലെമൂറിയക്കാരനായ ഗീവര്‍ഗീസ് എന്ന തൊണ്ണൂറ്കാരന്റെ ഓര്‍മ്മകള്‍ റെക്കോര്‍ഡ് ചെയ്യുന്ന ചിത്ര ജോസഫ് എന്ന യുവസുന്ദരി…ഗീവര്‍ഗീസിനെ തേടിയെത്തിയ ബ്രിട്ടീഷ് ടിവി അവതാരകയാണവള്‍…

ഒടുവില്‍ അവര്‍ കടലില്‍ താഴ്ന്നു കിടക്കുന്ന ലെമൂറിയായുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കടലില്‍ പോകുന്നു…കടലിനടിയിലെ അപ്രതീക്ഷിത സംഭവങ്ങള്‍….


ചിത്രാ ജോസഫ്

പൂവന്‍ത്തുരുത്തിനു പടിഞ്ഞാറ് കടല്‍ പുലര്‍കാലത്തുള്ള വേലിയിറക്കത്തില്‍ ശാന്തമായി കിടന്നു. നുരയും പതയുമുണ്ട്. അങ്ങിങ്ങായി കട്ടമരങ്ങള്‍. കമ്പവലയിടുന്ന വള്ളങ്ങള്‍. കടല്‍കാക്കകള്‍ അവയ്ക്കു ചുറ്റും ചിറകടിക്കുന്നു. ചിലപ്പോള്‍ കടലിലേക്ക് ഊളിയിട്ട് ഉയര്‍ന്ന് വരുന്നു. തിരകള്‍ക്കു മേലേ ചിറകു വിരിച്ച് പൊന്തിക്കിടക്കുന്നു.

ഒരു കട്ടമരം ആടിയുലഞ്ഞാണ് കരയിലേക്ക് അടുക്കുന്നത്. രഘു പിന്നിലും ശശീന്ദ്രന്‍ മുന്നിലുമായി തുഴയുന്നു. നടുവില്‍ ചിത്രാ ജോസഫ്.

വെളുത്തുതുടുത്ത സുന്ദരി. കണ്ടാല്‍ ഒരു വിദേശ വനിതയെ പോലെ. ചുവന്ന നീന്തല്‍ വേഷം. മുഖത്ത് കൂളിംഗ് ഗ്ലാസ്സ്. തലമുടി ക്യാപ്‌കൊണ്ട് മൂടിക്കെട്ടിയിരിക്കുന്നു. അരയില്‍ ബെല്‍ട്ട്. മുതുകില്‍ ഷോള്‍ഡര്‍ ബാഗ്. ഏറിയാല്‍ ഇരുപത്തിനാല് വയസ്സ്. അവള്‍ ചെറിയ ബൈനൊക്കുലറിലൂടെ പൂവന്‍ത്തുരുത്ത് കാണുകയാണ്.

കട്ടമരത്തില്‍ ചെറിയ വല നിറയെ ചിപ്പികള്‍, പല തരം ശംഖുകള്‍. കെട്ടിവച്ച കരിക്കുകള്‍. കീറിമിനുക്കിയ മുളകളാണ് പങ്കായങ്ങള്‍. തുഴയുടെ നടുവില്‍ ഇരുകൈകളും ബലത്തില്‍ പിടിച്ചിരിക്കുന്നു. ഇടമ്പാട് തുഴഞ്ഞാല്‍ പിന്നെ വലമ്പാട്. തിരകളെ പിന്നോട്ട് തള്ളണം. രഘുവും ശശീന്ദ്രനും ഒരേ താളത്തില്‍ തുഴയുന്നു.

രഘു ഒരു മുണ്ട് താറുടുത്തതുപോലെ അരയില്‍ കെട്ടിവച്ചിരിക്കുന്നു. ഒരു വള്ളി കൊണ്ട് മുറുക്കിയിട്ടുണ്ട്. ശശീന്ദ്രന്‍ ഒരു ഹാഫ് നിക്കറും ബനിയനും അണിഞ്ഞിരിക്കുന്നു.
രഘുവും ശശീന്ദ്രനും രാവിലെ ശാന്തമായ വേലിയിറക്കത്തിരയില്‍ കടലിലെ പാറയ്ക്കു സമീപം മുങ്ങി ചിപ്പിയും ശംഖും വെട്ടിയെടുക്കും. അവ അരയിലെ തോര്‍ത്തില്‍ ഒതുക്കി വെച്ച് ഉയരും. കട്ടമരത്തിലെ വലയില്‍ കെട്ടും. വീണ്ടും ശ്വാസം പിടിച്ച് മുങ്ങും കയ്യില്‍ ചെറിയൊരു വെട്ടുകത്തിയുമായി. എപ്പോഴും ഗ്ലാസ്സ് ധരിച്ചിട്ടുണ്ടാവും. റബര്‍ കൊണ്ട് തലയില്‍ ഇറുക്കിവെച്ച ഒരു തരം കറുത്ത ഗ്ലാസ്സ്. അതിലൂടെ കടലിനടിത്തട്ടു കാണാന്‍ എളുപ്പമാണ്. വ്യക്തതയുണ്ടാകും.

ചിത്രാ ജോസഫിനെ പരിചയപ്പെട്ടതു മുതല്‍ അവളുടെ കടല്‍യാത്രകള്‍ നയിക്കുന്നത് രഘുവും ശശീന്ദ്രനുമാണ്. ഫിഷറീസ് വകുപ്പിന്റെ പല തരം പരിശീലനവുമുണ്ട്. ആയിരം രൂപയാണ് പ്രതിഫലം. അതുകുറവാണെന്നാണ് രഘുവിനു പരിഭവം. കാരണം ലെമൂറിയ കടലിനു തെക്കുള്ള കരയിലെ പാറകള്‍ ചുറ്റിയ പ്രകൃതിദത്തമായ തുറമുഖത്തേക്ക് തുഴയണം.

ഗ്ലാസ്സും വായു വലിക്കാനുള്ള സ്‌നോക്കല്‍സും കാലിലിടാനുള്ള സ്ലീപ്പേഴ്‌സും ധരിച്ചാണ് തുറമുഖത്ത് മൂന്നു പേരും മുങ്ങുക. വാര്‍ഫുകളില്‍ നങ്കൂരമിട്ടിരിക്കുന്ന ഉരുക്കള്‍ക്കരികിലൂടെ നീന്തിയാല്‍ കടലിന്റെ അടിത്തട്ട് കാണാം. എത്രയെത്ര വര്‍ണ്ണ മത്സ്യങ്ങള്‍! ജീവികള്‍! പൂക്കള്‍!

തീരത്തോട് അടുക്കുന്തോറും തിരയുടെ ഉയരം കൂടും. ഒന്നിനു പിന്നാലെ സൂക്ഷിച്ചു കണക്കുകൂട്ടി വേണം തീരത്തോട് അടുക്കാന്‍. അപ്രതീക്ഷിതമായി പിന്നില്‍ നിന്ന് വലിയ തിര ഉയര്‍ന്നാല്‍ കട്ടമരം കീഴ്‌മേല്‍ മറിയും. ചിലപ്പോള്‍ കുത്തനെ മറിഞ്ഞ് കൂട്ടിക്കെട്ടിയ മരങ്ങള്‍ വേര്‍പ്പെടും. പതിനേഴു മുഴമുള്ള, മൂന്നടി വീതിയുള്ള നാലു ചാളത്തടികള്‍ പിടിപ്പിച്ചതാണ് ഒരു കട്ടമരം. തീരത്തു വീഴുന്ന ആളുകള്‍ മണ്‍ത്തിട്ടയില്‍ ആഞ്ഞുരയും.

ഉരയുന്ന ഭാഗത്തെ തൊലിപോയി വെളുത്തിരിക്കും. കയ്യോ കാലോ കഴുത്തോ നടുവോ ഒടിയാം. പിന്നിലിരിക്കുന്നയാള്‍ പിന്‍തിര നോക്കണം. പിന്‍തിര നോക്കി കട്ടമരത്തിനു മുന്നിലെ തിരയൊഴിവു കണ്ടു വേണം കരയിലേക്കു ആഞ്ഞുതുഴയാന്‍. മുന്നില്‍ തുഴയുന്നയാള്‍ ഇടത്തും വലത്തും മാറി മാറി തുഴഞ്ഞ് കട്ടമരത്തെ ചരിക്കാതെ തീരത്തേക്ക് കുത്തിക്കയറ്റണം.

കരയിലെത്തിയാല്‍ ഉടന്‍ ചാടിയിറങ്ങി കട്ടമരത്തെ വലിച്ചുകേറ്റണം. പിന്നിലെത്തുന്നതു് ചിലപ്പോള്‍ വന്‍തിരയാവാം. അപകടമുണ്ടാവാം.

നട്ടുച്ച നേരത്തോട് അടുക്കുന്തോറും തിരയുടെ സ്വഭാവത്തിലും മാറ്റമുണ്ടാകും. വേലിയേറ്റത്തിന്റെ തുടക്കത്തില്‍ കടലിളക്കമുണ്ടാകും.

ദൂരെ കടലിലുള്ള കട്ടമരങ്ങളില്‍ നിന്ന് കാറ്റുപായകള്‍ അഴിച്ചുമാറ്റുന്നു. കല്ലുകള്‍ കെട്ടിയ വടങ്ങള്‍ കട്ടമരത്തിന് ഇരുവശത്തേക്കും കടലിലാഴ്ത്തുന്നു. കാറ്റിലും തിരയിലും ഒഴുകിപ്പോകാതിരിക്കാനാണത്.

പൂവന്‍ത്തുരുത്തില്‍ കമ്പവല വലിക്കുന്നുണ്ട്.

പതിവുപോലെ കൊയ്ത്തുത്സവം.

കടല്‍ഭിത്തിക്കരികിലും ചിലയിടങ്ങളില്‍ തിരയടിക്കുന്നുണ്ട്. കടല്‍ഭിത്തിക്കരികിലൂടെ നടക്കരുതെന്ന് എല്ലാവര്‍ക്കും അറിയാം. കാരണം, മണലിന്റെ അടിത്തറയില്‍ ആഴത്തിലാണ് നമ്പര്‍ സ്റ്റോണുകള്‍ അടുക്കുന്നത്. ഒരെണ്ണത്തിന് ഏകദേശം ഒരു ടണ്‍ ഭാരം കാണും. അടിമണ്ണില്‍ വ്യത്യാസം വന്നാല്‍ പാറകള്‍ ഇടിയും. അവയ്ക്കിടയില്‍പ്പെട്ടുപോയാല്‍ പിന്നെ ആളെ ജീവനോടെ നോക്കണ്ട. വലിച്ചെടുക്കാനും കഴിയില്ല.

”കീവര്‍ഗ്ഗീസേ… ഓ-കൂയ്”.

”ഭ്രാന്തന്‍ പുണ്യാളാ-ഹൊയ്”.

ചില തെറിച്ച കുട്ടികള്‍ കടല്‍ഭിത്തിയ്ക്കു മുകളിലേക്ക് കല്ലെറിഞ്ഞു.

ഗീവര്‍ഗ്ഗീസ് കടല്‍ഭിത്തിയ്ക്ക് മുകളില്‍ എണീറ്റു നിന്ന് കൈചൂണ്ടി.

കൈചൂണ്ടിയാല്‍ കുട്ടികള്‍ക്ക് ഭയമാണ്. എന്തെങ്കിലും സംഭവിക്കും. കുട്ടികള്‍ പേടിച്ചോടും. മുതിര്‍ന്നവര്‍ അതു കണ്ടാല്‍ കയ്യില്‍ കിട്ടുന്നതെടുത്ത് കുട്ടികളെ ഓടിക്കും. അലറും.

”ഓടെഡാ … ഓടെഡാ… .ശാപം കിട്ടാന്‍ നടക്കുന്നു.”

ഗീവര്‍ഗ്ഗീസിനു പൂവന്‍ത്തുരുത്തിലും മറ്റു തുറകളിലുമുള്ള സ്ഥാനം പ്രത്യേകമാണ്. പൂവന്‍ത്തുരുത്തില്‍ നിന്ന് വെട്ടുകാട് പള്ളിപ്പെരുന്നാളിനു ജലഘോഷയാത്ര പുറപ്പെടണമെങ്കില്‍ ഗീവര്‍ഗ്ഗീസിനോട് അനുമതി ചോദിക്കണം. അതൊരു ചടങ്ങാണ്. എല്ലാ വര്‍ഷവും പരിശുദ്ധമാതാവിന്റെ, സമുദ്രരാജ്ഞിയുടെ പെരുന്നാള്‍ നടക്കുമ്പോള്‍.

രഘുവും ശശീന്ദ്രനും ഗീവര്‍ഗ്ഗീനെക്കുറിച്ചു ചിത്രാ ജോസഫിനോടു പറയുകയായിരുന്നു. പെട്ടെന്നു സംസാരം നിന്നു.

രഘു ചിത്രയോട് നിര്‍ദ്ദേശിച്ചു. ”മാഡം ഇനി ഇരുവശത്തും മുറുക്കിപ്പിടിച്ചിരുന്നോണം.”
അഞ്ചാം തിരയില്‍പ്പെടാതെ, അല്പം തിരക്കുഴി നോക്കി, ആറാം തിരയുടെ തള്ളലില്‍ കട്ടമരം കരയിലേക്ക് കുതിക്കുകയാണ്. ഏഴാംതിര കട്ടമരം മറിക്കുമെന്ന് രഘുവിനും ശശീന്ദ്രനും അറിയാം. ആറാം തിരയുടെ തള്ളലില്‍ കണക്കു കൂട്ടിയതുപോലെ കട്ടമരം കരയ്ക്കണഞ്ഞു.

ഗീവര്‍ഗ്ഗീസ് തിരയെണ്ണുന്നതുപോലെ കടലില്‍ നോക്കിയിരിക്കുകയാണ്. ചില കച്ചവടക്കാര്‍ പൂവന്‍ത്തുരുത്തിലെത്തിയാല്‍ ആദ്യം നടത്തുന്ന ഒരു പതിവുണ്ട്. മീന്‍ പൊരിച്ചതും മുളകു ചമ്മന്തിയും കപ്പവേവിച്ചതും വാഴയിലയില്‍ പൊതിഞ്ഞുകൊണ്ടു വന്നു കാഴ്ചവയ്ക്കും.

സൗഹൃദം പങ്കിടും. കരയിലെ സംഭവങ്ങള്‍ പറയും. എല്ലാവരും തുല്യരാണ്. കടല്‍ തരുന്നത് ഓരോരുത്തര്‍ക്കും ആവശ്യത്തിന് അനുസരിച്ചും കഴിവിന് അനുസരിച്ചും പങ്കുവെയ്ക്കും. പണ്ട് ലെമൂറിയ അങ്ങനെയായിരുന്നു. സമത്വത്തിന്റെ രാജ്യം.

ചിത്രാ ജോസഫ് കായലിന് സമീപത്തുള്ള ഒരു കുളത്തിലേക്കിറങ്ങി. കൈകൊണ്ട് വെള്ളം കോരി തലയിലും ദേഹത്തുമൊഴിച്ചു. കഴുത്തോളം ചാഞ്ഞുകിടന്ന തലമുടി വിടര്‍ത്തി. ചെടികള്‍ക്കു മറവില്‍ ചെന്ന് നീന്തല്‍ വസ്ത്രങ്ങള്‍ മാറ്റി. ബാഗില്‍ നിന്ന് തുണിയെടുത്തു തലയും മുഖവും ദേഹവും തുടച്ചു.

ജീന്‍സ് അരയിലേക്കു വലിച്ചു കേറ്റി. മഞ്ഞയും പച്ചയും കലര്‍ന്ന ടീഷര്‍ട്ട് ധരിച്ചു. ഹാഫ്ഷൂ അണിഞ്ഞു. സണ്‍ഗ്ലാസുകൂടി മുഖത്തുവെച്ചപ്പോള്‍ ഒരു വിദേശ ടൂറിസ്റ്റിനെ പോലെയായി.

ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ രണ്ടാം സഹസ്രാബ്ദത്തിന്റെ പുതുവര്‍ഷരാത്രിയില്‍ അവളുടെ വിവാഹത്തിന്റെ ചടങ്ങുകള്‍ തുടങ്ങും. വിവാഹം കഴിഞ്ഞാല്‍ വരനുമൊത്ത് അമേരിക്കയിലേക്കു കുടിയേറും.

രഘുവും ശശീന്ദ്രനും കട്ടമരം വലിച്ചുകേറ്റി തെങ്ങില്‍ കെട്ടിവെച്ചു. മുണ്ടും തോര്‍ത്തും ബനിയനുമൊക്കെ ഊരിപ്പിഴിഞ്ഞു. കാറ്റിനെതിരെ പിടിച്ച് രണ്ടു തവണ കുടഞ്ഞു.

ചിത്രാ ജോസഫ് പൂവന്‍ത്തുരുത്തിന്റെ ഭംഗി ആസ്വദിച്ചു നില്ക്കുകയാണ്. കാറ്റില്‍ അവളുടെ തലമുടി പാറിക്കൊണ്ടിരുന്നു. അവളുടെ ഒരുവശത്ത് നീലക്കടല്‍. മറുവശത്ത് നീലക്കായല്‍. നടുക്ക് നീണ്ടുമെലിഞ്ഞ മണല്‍. ഒരൊറ്റ സ്ത്രീയെ പോലും അവള്‍ കണ്ടില്ല.

”ഇതെന്താ രഘൂ, ഈ തുരുത്തില്‍ ആണുങ്ങള്‍ മാത്രേമയുള്ളോ?”

”മാഡം- പൂവന്‍ത്തുരുത്തിലേക്ക് പെണ്ണുങ്ങള്‍ വരാറില്ല. വല്ലപ്പോഴും ചില കുടുംബങ്ങള്‍ എത്തും, കാഴ്ച കാണാന്‍.”

”അതെന്താ രഘൂ, സ്ത്രീകള്‍ക്കിവിടെ വിലക്കുണ്ടോ?”

ശശീന്ദ്രന്‍ വിശദീകരിച്ചു. ”വിലക്കൊന്നുമില്ല മാഡം. പൂവന്‍ത്തുരുത്തില്‍ വീടുകളൊന്നുമില്ല. പകലും രാത്രിയും കമ്പവലയ്ക്ക് ആളുകള്‍ വരും പോകും. അതിന്റെ കൂടെ കുറെ കച്ചവടക്കാരും കായല്‍ കടന്നെത്തും. ഇതു പണ്ട് ശവപ്പറമ്പു മാത്രമായിരുന്നു.”

രഘു പൂരിപ്പിച്ചു.

”ആണുങ്ങള്‍ മാത്രമുള്ളതുകൊണ്ടാ ഇതിനെ പൂവന്‍ത്തുരുത്തെന്നു വിളിക്കുന്നത്. പിന്നെ ചില വിശേഷദിവസങ്ങളില്‍ അക്കരെ നിന്ന് കുടുംബങ്ങളെത്തും. നമ്മള്‍ കടലില്‍ കണ്ട ആ പാറയില്ലേ- അവിടേക്ക്.”

ശശീന്ദ്രന്‍ പേരു പറഞ്ഞു.

”നിഷ്‌കളങ്കേശ്വരന്‍ കോവില്‍”.

ചിത്രയ്ക്കു മനസ്സിലായി.

”യെസ്- യെസ്. അവിടെ പൂജകളുണ്ടല്ലേ?”

”വല്ലപ്പോഴും”.

”ഇങ്ങനെയുള്ള തുരുത്തിന് ഒരു പേരു പറയും. അറിയാമോ?”

രഘുവും ശശീന്ദ്രനും ചോദിച്ചത് ഒന്നിച്ചാണ്.

”എന്താ?”

”എന്തു പേര്?”

”ഭൂമിശാസ്ത്രപരമായി ഇതിനെ ബാരിയര്‍ ബീച്ചെന്നുവിളിക്കും. ബാരിയര്‍ ബീച്ച്! ഇതൊക്കെ കൂടിയാല്‍ ഒരമ്പതു വര്‍ഷമേ കാണൂ.”

രഘു ചോദിച്ചു.

”അമ്പതു വര്‍ഷം മാത്രം?”

”അതെ. കടല്‍ഭിത്തിയൊക്കെ പോകും. മണ്‍സൂണില്‍ കടലും കായലും ഒന്നാവും.”

ശശീന്ദ്രന്‍ ഒരു ചിപ്പിയെടുത്ത് മറ്റൊരു ചിപ്പികൊണ്ട് കൊട്ടി തോടു പൊട്ടിച്ചു. മെല്ലെ തോടു വിടര്‍ത്തി. അതില്‍ വെളുത്ത മാംസം. വലിയ പച്ചകശുവണ്ടി പൊളിച്ചതുപോലെ. ഒരു ചിപ്പിത്തോടു കൊണ്ട് അതിനെ ഇളക്കിയെടുത്തു വായിലിട്ടു ചവച്ചരച്ചു വിഴുങ്ങി. എന്നിട്ട് ചിത്രയോട് ആംഗ്യം കാട്ടി.

”വേണോ?”

”നോക്കാം.”

രഘുവും ഒരു ചിപ്പിയെടുത്തു തോടു പൊട്ടിച്ചു മാംസം ചവച്ചിറക്കിക്കൊണ്ട് പറഞ്ഞു.

”ഇതാണ് ചിപ്പിയിറച്ചി. മസ്സല്‍സ്.”

ശശീന്ദ്രന്റെ കയ്യില്‍ നിന്ന് ചിത്ര ചിപ്പിയിറച്ചി വാങ്ങി വായിലിട്ടു ചവച്ചു.

”ഫൈന്‍.”

ആറു ചിപ്പികള്‍ അവര്‍ കഴിച്ചശേഷം കരിക്കു പൊട്ടിച്ചു കുടിച്ചു. മൂന്നുപേരുടെയും മുഖത്തു തങ്ങിനിന്ന ക്ഷീണം മാറി. ഉഷാറായതുപോലെ.

ചിത്രാ ജോസഫ് വലിയ മൊബൈല്‍ ഫോണെടുത്ത് അതിലെ ചിത്രങ്ങള്‍ പരിശോധിച്ചു.

”ആ നിഷ്‌കളങ്കേശ്വരന്‍ കോവിലില്‍ നമുക്കൊരു ദിവസം പോകണം.”

രഘു കടല്‍ഭിത്തിയില്‍ കയറി ദൂരെ വടക്കോട്ടു നോക്കി.

”ദാ- അതാണ് കീവര്‍ഗ്ഗീസ്. മാഡം അന്വേഷിക്കുന്ന ആള്‍.”

ചിത്രയ്ക്കു ചിരിപൊട്ടി.

”കീവര്‍ഗ്ഗീസ്”.

ശശീന്ദ്രന്‍ തിരുത്തി.

”ഗ-ഗ- ഗീവര്‍ഗ്ഗീസ്?”

ചിത്ര പറഞ്ഞു

”അതൊരു വലിയ പുണ്യാളന്റെ പേരാ.”

അവള്‍ ബാഗില്‍ നിന്ന് ക്യാമറാലെന്‍സ് എടുത്ത് മൊബൈല്‍ ഫോണില്‍ ഘടിപ്പിച്ചു. കടല്‍ഭിത്തിയില്‍ കയറി വിദൂരദൃശ്യം പകര്‍ത്തി. പിന്നെ സൂം ചെയ്തു കടല്‍ഭിത്തിയ്ക്കു മുകളിലിരിക്കുന്ന ആളെയും പകര്‍ത്തി.

”ഗീവര്‍ഗ്ഗീസ്!”

തിരകളോടും കാറ്റിനോടും പക്ഷികളോടും മത്സ്യങ്ങളോടും രാത്രിയോടും പകലിനോടും എന്തൊക്കെയോ പിറുപിറുക്കുന്ന ലെമൂറിയക്കടലിന്റെ രാജാവ്!

ശശീന്ദ്രന്‍ ഒരു കേട്ടു കേള്‍വി പറഞ്ഞു.

”അങ്ങേര്‍ക്ക്, ഈ പൂവന്‍ത്തുരുത്തെന്ന ശവപ്പറമ്പിനേക്കാള്‍ പ്രായമുണ്ടെന്നാ പറേണത്. തൊണ്ണൂറ് തൊണ്ണൂറ്റി ഒന്ന് വയസ്സ് കാണും.”

രഘു കൂട്ടിച്ചേര്‍ത്തു.

”തൊണ്ണൂറ്റിരണ്ടു വയസ്സുണ്ട്. കണ്ടാ പറയില്ല. നല്ല ആരോഗ്യമാ. കടലിന്റെ കരുത്ത്. പക്ഷേ ഓര്‍മ്മപ്പിശകുണ്ട്. ചില രാത്രികളില്‍ കടലിലേക്ക് ഇറങ്ങിപ്പോകും. പിറ്റേന്ന് കയറി വരുന്നത് വേറെ സ്ഥലത്താവും. ആളുകള്‍ പറേണതാ!”

ചിത്രാ ജോസഫ് മൊബൈല്‍ഫോണ്‍ ചുണ്ടോട് ചേര്‍ത്ത് വച്ച് ഒരു കോണില്‍ അമര്‍ത്തി.

”ഞാനിപ്പോള്‍ കാണുന്നത് പൂവന്‍ത്തുരുത്ത്. ദൂരെ കടല്‍ഭിത്തിയ്ക്കു മുകളില്‍ കടലിനെ നോക്കിയിരിക്കുന്നത് ഗീവര്‍ഗ്ഗീസ്.”

ഒട്ടേറെ മിത്തുകളും യാഥാര്‍ത്ഥ്യങ്ങളും സ്വപ്‌നങ്ങളും വിസ്മയങ്ങളുമുള്ള ലെമൂറിയ എന്ന ഓര്‍മ്മക്കടലിന്റെ രാജാവ്! ദ കിങ് ഓഫ് ദ സീ!

ചിത്രാ ജോസഫിന്റെ കണ്ണുകളില്‍ ജിജ്ഞാസയുടെ മത്സ്യം പിടഞ്ഞു.

(തുടരും)

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments