ജോഷി സംവിധാനം ചെയ്യുന്ന “പാപ്പന്‍’എന്ന പുതിയ ക്രൈം ത്രില്ലറില്‍ സുരേഷ് ഗോപിയും മകന്‍ ഗോകുലും അഭിനയിക്കുന്നു. ചിത്രത്തില്‍ മൈക്കിളായി ഗോകുലും അവന്റെ രണ്ടാനച്ഛനായ പാപ്പനായി സുരേഷ് ഗോപിയും എത്തുന്നു. ഗോകുലിന്റെ പതിമൂന്നാമത്തെ സിനിമയാണിത്. അഭിനയിക്കാനുള്ള പേടി മാറിയ ഘട്ടത്തിലാണു സൂപ്പര്‍ സംവിധായകനു കീഴില്‍ അച്ഛന്റെ മുന്നില്‍ അഭിനയിക്കേണ്ട അവസ്ഥ.
ഒന്നും രണ്ടുമല്ല പതിമൂന്നോളം സീനുകളിലാണ് അച്ഛനോടൊപ്പം ക്യാമറയ്ക്കു മുന്നിലെത്തേണ്ടത്. ഏബ്രഹാം മാത്യു മാത്തന്‍ എന്ന പാപ്പനായി സുരേഷ് ഗോപിയും മൈക്കിള്‍ എന്ന ജൂനിയര്‍ മാത്തനായി ഗോകുലുമാണ് ക്യാമറയ്ക്കു മുന്നില്‍….പിന്നില്‍ വമ്പന്‍ താരങ്ങളെ വച്ചു വമ്പന്‍ ചിത്രങ്ങള്‍ മാത്രം ഒരുക്കുന്ന ജോഷി.
അച്ഛനോടൊപ്പം ആദ്യ സീനില്‍ അഭിനയിക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നുവെന്നു ഗോകുല്‍ പറയുന്നു.””എന്നെ സമ്മര്‍ദത്തിലാക്കുന്ന ഒന്നും അച്ഛന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ല. അഭിനയിക്കുമ്പോള്‍ തെറ്റു വരാം. അതു തിരുത്തി മുന്നോട്ടു പോകണം എന്നു മാത്രമേ പറഞ്ഞുള്ളൂ. ഞാന്‍ എന്തു ചെയ്യുന്നുവെന്നു നോക്കാനായിരിക്കണം മറ്റൊന്നും പറയാതിരുന്നതെന്നു തോന്നുന്നു. വളരെ കൂളായി ആ രംഗം അച്ഛന്‍ കൈകാര്യം ചെയ്തു.”
“”അച്ഛന്‍ എന്ന നടനെയും രാഷ്ട്രീയക്കാരനെയും മനുഷ്യസ്‌നേഹിയെയും ഭയഭക്തി ബഹുമാനങ്ങളോടെയാണു ഞാന്‍ കാണുന്നത്. അതിന്റേതായ അകല്‍ച്ച ഉണ്ട്. വീട്ടില്‍ ഞങ്ങള്‍ ബോസ്, അസിസ്റ്റന്റ് റോളുകളിലാണ്. അതു ശരിക്കും ഞാന്‍ ആസ്വദിക്കുന്നുണ്ട്. ഈ സിനിമയില്‍ പാപ്പനെ പോലെ ആകാന്‍ ശ്രമിക്കുന്നയാളാണ് എന്റെ കഥാപാത്രം.
അതു കൊണ്ടു തന്നെ സുരേഷ്‌ഗോപിയും ഗോകുലുമായി ഉള്ളതിനെക്കാള്‍ തീഷ്ണമായ അടുപ്പം പാപ്പനും മൈക്കിളുമായി ഉണ്ട്. ആക്ഷന്‍ പറഞ്ഞപ്പോള്‍ മുന്നില്‍ കഥാപാത്രം മാത്രമേയുള്ളൂ.അച്ഛനില്ല. രണ്ടാനച്ഛനോട് പിതാവിനെപ്പോലെ പെരുമാറേണ്ടതിനാല്‍ മുന്നില്‍ നില്‍ക്കുന്നത് യഥാര്‍ഥ അച്ഛനാണെന്ന തോന്നല്‍ ഇടയ്ക്കിടെ ഉണ്ടായെന്നു മാത്രം.
പാലാ, തൊടുപുഴ, കാഞ്ഞിരപ്പള്ളി, വാഗമണ്‍ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം.അവിടെ കഥാപാത്രമായി മാറിയ അച്ഛനെയാണു കാണുക.അതിനാല്‍ അഭിനയത്തെക്കുറിച്ചു വലിയ ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. കോവിഡ് കാലമായതിനാല്‍ ഞങ്ങള്‍ അഭിനയിക്കുന്നതു കാണാന്‍ അമ്മയ്ക്ക് എത്താന്‍ കഴിഞ്ഞില്ല..”ഗോകുല്‍ പറയുന്നു.
ഗോകുലിന്റെ അഭിനയം ശരിക്കും ഞാന്‍ നേരിട്ടു കാണുന്നത് പാപ്പന്റെ ഷൂട്ടിലാണ്. അവന്റെ അഭിനയത്തെക്കുറിച്ച് ഞാന്‍ എന്തു പറയാന്‍. നാട്ടുകാര്‍ വിലയിരുത്തി അഭിപ്രായം പറയട്ടെ. ഗോകുലിന് 27 വയസ് ആയി. അവന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്താറില്ല. ക്യാമറയ്ക്കു മുന്നില്‍ അച്ഛനും മകനുമില്ല.കഥാപാത്രങ്ങളേ ഉള്ളൂ- സുരേഷ് ഗോപി പറഞ്ഞു.