സമൂഹത്തിന്റെ പരിഹാസങ്ങള്‍ സഹിക്കവയ്യാതെയാണ് പലരും ലിംഗമാറ്റ ശസ്ത്രക്രിയകള്‍ക്ക് വിധേയരാകുന്നതെന്ന് നടിയും ട്രാന്‍സ്‌ജെന്‍ഡറുമായ അഞ്ജലി അമീര്‍. താനും സര്‍ജറി ചെയ്ത വ്യക്തിയാണെന്നും അത് മൂലം യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ലെന്നും അഞ്ജലി പറയുന്നു.
സുഹൃത്ത് അനന്യ കുമാരി അലക്സിന്റെ വിയോഗത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയപ്പോള്‍ സംഭവിച്ച പിഴവിനെക്കുറിച്ച് അനന്യ തുറന്നുപറഞ്ഞിരുന്നു. അതിന് ശേഷം നേരിടേണ്ടി വന്ന ശാരീരിക-മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള അനന്യയുടെ തുറന്നുപറച്ചില്‍ കണ്ണുനനയിപ്പിക്കുന്നതായിരുന്നു. ഇതിനിടെയാണ് അനന്യയെ ആത്മഹത്യ ചെയ്യുന്നതും.
“ഹിജഡ, ഒന്‍പതു, ചാന്തുപൊട്ട്, ഒസ്സു, രണ്ടും കെട്ടത്, നപുംസകം, പെണ്ണാച്ചി, അത്, ഇത് അങ്ങനെ അങ്ങനെ പലപേരുകള്‍ വിളിച്ചു നിങ്ങള്‍ പരിഹസിക്കുന്നത് കൊണ്ടാണ് ഞങ്ങളെ പോലുള്ളവര്‍ രണ്ടും കല്‍പിച്ച് ലിംഗമാറ്റ സര്‍ജറിക്കു വിധേയമായി മനസ്സും ശരീരവും ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നത്. എന്നാലോ അതിനു ശേഷവും കടുത്ത പീഡനങ്ങളും പരിഹാസവും. പറയൂ സമൂഹമേ ഈ ലോകത്തു സൈ്വര്യമായും സമാധാനമായും നിയമം അനുശാസിക്കുന്ന എല്ലാ അവകാശത്തോടെയും ജീവിച്ചു മരിക്കുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ …?’അഞ്ജലി അമീര്‍ ചോദിക്കുന്നു.
കൊല്ലം സ്വദേശിനിയായ അനന്യയെ ഇടപ്പള്ളി ടോള്‍ ജംക്ഷനു സമീപത്തെ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതില്‍ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറയുന്നു.